റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നടപടി കേരളബാങ്കിനെ പ്രതിസന്ധിയിലാക്കുന്നത്  

moonamvazhi
  • അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള വ്യവസ്ഥകള്‍ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കാന്‍ ആലോചന
  • ലക്ഷ്യമിടുന്നത് കേരളാബാങ്കിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന പരിഷ്‌കാരം

പൊതുമേഖല-വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ സഹകരണ ബാങ്കുകളിലും കൊണ്ടുവരുന്നതിന് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. അര്‍ബന്‍ ബാങ്കുകള്‍ക്ക് നിലവില്‍ ഇതേ വ്യവസ്ഥയാണ് റിസര്‍വ് ബാങ്ക് കൊണ്ടുവന്നിട്ടുള്ളത്. പല ഘട്ടത്തിലായി വരുത്തിയ പരിഷ്‌കാരങ്ങളെല്ലാം അര്‍ബന്‍ ബാങ്കുകളിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം കടുപ്പിക്കുന്നതും സഹകരണ സംഘം രജിസ്ട്രാര്‍ക്കുള്ള അധികാരം വെട്ടിക്കുറക്കുന്നതുമാണ്. ഇതേ രീതിയിലുള്ള നിയന്ത്രണ നടപടികള്‍ സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. എന്നാല്‍, നബാര്‍ഡ് ഇതിനോട് പൂര്‍ണമായി യോജിക്കുന്നതില്ലെന്നതാണ് തീരുമാനമുണ്ടാകാതിരിക്കാന്‍ കാരണം.

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളയും പ്രാഥമിക സഹകരണ സംഘങ്ങളെയും ഏകോപിപ്പിച്ച പ്രാദേശിക തലത്തില്‍ വായ്പവിതരണവും ബാങ്കിങ് പ്രവര്‍ത്തനവും സാധ്യമാക്കുന്നുവെന്നതാണ് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം. രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും കാര്‍ഷിക മേഖലയേയും മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നാണ് നബാര്‍ഡ് അടക്കം വിലയിരുത്തിയിട്ടുള്ളത്. അതിനാല്‍, മറ്റ് വാണിജ്യ ബാങ്കുകളുടേതിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളില്‍ കൊണ്ടുവന്നിരുന്നില്ല. ഇവയുടെ നേരിട്ടുള്ള നിയന്ത്രണം പോലും റിസര്‍വ് ബാങ്കിനില്ല. നബാര്‍ഡാണ് ഈ രണ്ടു ബാങ്കുകളുടെയും നേരിട്ടുള്ള നിയന്ത്രണ അതോറിറ്റി. ആര്‍.ബി.ഐ. നിര്‍ദ്ദേശം അനുസരിച്ചാണ് നബാര്‍ഡ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍പോലും, ബാങ്കിങ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതില്‍ മാറ്റം വരുത്തണമെന്നതാണ് ഇപ്പോഴുണ്ടായിട്ടുള്ള ആലോചന.

സംസ്ഥാന-ജില്ലാ ബാങ്കുകളില്‍ ബാങ്കിങ് മാനദണ്ഡം പാലിക്കാനാകുന്നില്ലെങ്കില്‍ ആര്‍.ബി.ഐ. നിര്‍ദ്ദേശിക്കുന്ന നിയന്ത്രണ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതായത്, മൂലധന പര്യാപ്തത, നിഷ്‌ക്രിയ ആസ്തി, ലാഭം എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തനം വിലയിരുത്തണമെന്നാണ് ആര്‍.ബി.ഐ. പറയുന്നത്. ആര്‍.ബി.ഐ. നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥ പാലിക്കുന്നില്ലെങ്കില്‍ നടപടിയുണ്ടാകും. നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും ഓഹരിയും നിക്ഷേപവും പിന്‍വലിക്കുന്നതിനുമെല്ലാം നിയന്ത്രണം വരും. അര്‍ബന്‍ ബാങ്കുകളില്‍ ഈ രീതിയാണുള്ളത്. സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിം വര്‍ക്ക് (സാഫ്) എന്നാണ് ഇതിനെ പറയുന്നത്.

മൂലധനപര്യാപ്തത (സി.ആര്‍.എ.ആര്‍.) 9 ശതമാനത്തില്‍ താഴെയാവാന്‍ പാടില്ല, അറ്റ നിഷ്‌ക്രിയ ആസ്തി (നെറ്റ് എന്‍.പി.എ.) ആറ് ശതമാനത്തില്‍ കൂടാന്‍ പാടില്ല, രണ്ടുവര്‍ഷത്തില്‍ തുടര്‍ച്ചയായി നഷ്ടത്തില്‍ പോകാന്‍ പാടില്ല എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് സാഫ് ചുമത്തുന്നതിനുള്ളത്. ഇത് നിലവില്‍ കേരളബാങ്കിനെ ബാധിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഇടപെടുന്ന സഹകരണ ബാങ്കുകള്‍ എന്ന നിലയില്‍ സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളെ മാറ്റു ബാങ്കുകളെപ്പോലെ കാണരുതെന്നാണ് നബാര്‍ഡ് നിലപാട്. ബാങ്കിങ് പ്രവര്‍ത്തനം നടത്തുമ്പോള്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക അച്ചടക്കവും പാലിക്കേണ്ടതുണ്ടെന്നാണ് ആര്‍.ബി.ഐ. നിലപാട്. ഭാവിയില്‍ ഇതില്‍ ഏതാണ് അംഗീകരിക്കപ്പെടുക എന്നത് ഇനി അറിയാനിരിക്കുന്നതേയുള്ളൂ.