ഭരണസമിതിയുടെ തീരുമാനം തെറ്റിയാല്‍ സംഘത്തിന്റെ നഷ്ടം ബോര്‍ഡ് അംഗങ്ങളുടെ വ്യക്തിപരമായ ബാധ്യതയാകും

moonamvazhi

സഹകരണ സംഘത്തിന്റെ ഭരണസമിതിയുടേയോ സെക്രട്ടറിയുടേയോ തെറ്റായ തീരുമാനം കൊണ്ട് സംഘത്തിന് നഷ്ടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഭരണസമിതിക്കും സെക്രട്ടറിക്കും വ്യക്തിപരമായും കൂട്ടായും ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍. കോട്ടയം ജില്ലയിലെ വെള്ളൂര്‍ സഹകരണ ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറി ഉള്‍പ്പടെയുള്ള ജീവനക്കാരില്‍നിന്നും ഈടാക്കണമെന്ന് ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 27 പേരില്‍നിന്നായി 38.33 കോടിരൂപയാണ് സംഘത്തിലേക്ക് ഈടാക്കാന്‍ ഉത്തരവിലുള്ളത്.

സംഘത്തിന്റെ നഷ്ടം വ്യക്തിപരമായ ബാധ്യതയാക്കി കണക്കാക്കി തിരിച്ചുപിടിക്കുന്നതിനെതിരെ ഭരണസമിതി അംഗങ്ങളടക്കമുള്ളവര്‍ നല്‍കിയ അപ്പീലിലാണ് സഹകരണ വകുപ്പ് ഹിയിറിങ് നടത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ ഒരു കോര്‍പ്പറേറ്റാണ്. അതിന്റെ ഭരണസമിതി പിന്തുടര്‍ച്ചയുള്ളതും പ്രവര്‍ത്തനം തുടര്‍ച്ചയുള്ളതുമാണ്. അതിനാല്‍, ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടത്തിന് ഭരണസമിതി അംഗങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു ഹിയറിങ്ങില്‍ ഭരണസമിതി അംഗങ്ങളുടെ വാദം.

വായ്പകള്‍ക്ക് മതിയായ ജാമ്യമില്ലെന്നും ജീവനക്കാര്‍ക്ക് വായ്പ നല്‍കിയതില്‍ തിരിച്ചടവില്ലെന്നുമാണ് അന്വേഷണത്തില്‍ പറയുന്നത്. വായ്പയുടെ കാലാവധി ഈ അന്വേഷണകാലത്ത് അവസാനിച്ചിട്ടില്ല. ആ വായ്പകള്‍ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുന്നു. അന്വേഷണത്തില്‍ നഷ്ടം കണക്കാക്കിയത് 43.96 കോടിയാണ്. സര്‍ച്ചാര്‍ജ് വരുമ്പോള്‍ നഷ്ടം 38.33 കോടിയായി. ഇതില്‍നിന്നുതന്നെ വായ്പയില്‍ തിരിച്ചടവ് വരുന്നുണ്ടെന്നതിന് തെളിവാണ്. വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതും, ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചതും കാരണം തിരിച്ചടക്കുന്നതിന് വായ്പക്കാര്‍ വിമുഖത കാണിച്ചിട്ടുണ്ട്. അതാണ് വായ്പ കുടിശ്ശികയായി ബാങ്കിന് നഷ്ടം വരാന്‍ കാരണമെന്നും ഭരണസമിതി അംഗങ്ങള്‍ വാദിച്ചു.

വായ്പ അംഗീകരിക്കുന്നതും അനുവദിക്കുന്നതും ഭരണസമിതിയായതിനാല്‍ നഷ്ടത്തിന്റെ ഉത്തരവാദിത്തം സെക്രട്ടറിക്കല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതെല്ലാം ജോയിന്റ് രജിസ്ട്രാര്‍ ഖണ്ഡിച്ചു. ഇതിന് ശേഷമാണ് സംഘത്തിന്റെ നഷ്ടം ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും വ്യക്തിപരമായി ഈടാക്കാവുന്ന ഉത്തരവ് അംഗീകരിക്കുന്നത്. ഇതില്‍ 4.74 കോടിരൂപയാണ് സെക്രട്ടറി മാത്രം നല്‍കേണ്ടത്.

സഹകരണ നിയമം ചട്ടം 47(ഡി.) പ്രകാരം സംഘത്തിന്റെ എല്ലാ മുതലുകളുടെയും സൂക്ഷിപ്പിന്റെ പ്രാഥമിക ചുമതല ഭരണസമിതിക്കാണ്. സംഘത്തിന്റെ ഓരോ പണമിടപാടും സെക്രട്ടറിയുടെ അറിവിലൂടെ മാത്രമെ നടക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സംഘത്തിന്റെ പൊതുയോഗം ഭരണസമിതിയില്‍ ഏല്‍പിച്ചുനല്‍കിയ വിശ്വാസം, ഉത്തരവാദിത്തം യഥാവിധി നിറവേറ്റപ്പെട്ടിട്ടില്ലാതെയാണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാങ്ക് ശരിയായി പ്രവര്‍ത്തിക്കുന്ന കാര്യത്തിലുള്ള ഉത്തരവാദിത്തം ബാങ്കിന്റെ മേലന്വേഷണവും നിയന്ത്രണവും വഹിക്കുന്ന ഭരണസമിതിയില്‍ നിക്ഷിപ്തമാണ്.

സംഘത്തിന്റെ ആസ്തിക്ക് മൂല്യശോഷണം സംഭവിച്ചിട്ടുള്ളത് അതാത് സമയം സംഘത്തിന്റെ ഭരണസമിതിയില്‍ ഇരുന്ന അംഗങ്ങളുടെയും ചീഫ് എക്‌സിക്യുട്ടീവ് ഓപീസര്‍ ഉള്‍പ്പെടുന്ന ബന്ധപ്പെട്ട ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ മനപ്പൂര്‍വമായ കൃത്യവിലോപം, മേല്‍നോട്ടക്കുറവ്, പരിശോധനയുടെ പേരായ്മ എന്നിവകള്‍ മൂലമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതിനാല്‍, നഷ്ടം കണക്കാക്കിയ 38.33 കോടിരൂപയില്‍നിന്ന് പിരിഞ്ഞുകിട്ടിയ പണം കുറച്ച് ബാക്കി ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നുമായി ഈടാക്കണമെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!