ഗുജറാത്ത് സഹകരണ ക്ഷീര ഫെഡറേഷന് സുവര്‍ണ ജൂബിലി

moonamvazhi

ഗുജറാത്തിലെ ക്ഷീരസഹകരണസംഘങ്ങളുടെ
അപ്പെക്‌സ് സ്ഥാപനമായ ജി.സി.എം.എം.എഫിന്
ഇതു സുവര്‍ണ ജൂബിലി വര്‍ഷം. 36 ലക്ഷം അംഗങ്ങളുള്ള
ഈ സഹകരണ സ്ഥാപനം അമുല്‍, സാഗര്‍ ബ്രാന്റുകളില്‍
ക്ഷീരോല്‍പ്പന്നങ്ങള്‍ വിറ്റ് ഒരു വര്‍ഷം നേടുന്നത് 72,000 കോടി
രൂപയാണ്.

 

അമുല്‍ എന്നു പ്രശസ്തമായ, 36 ലക്ഷം അംഗങ്ങളുള്ള, ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്) പിറന്നിട്ട് 50 വര്‍ഷം. ഗുജറാത്തിലെ ക്ഷീരസഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമാണിത്. ധവളവിപ്ലവത്തിന്റെ പിതാവും മലയാളിയുമായ ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ഈ സഹകരണസംരംഭം ജൂലായ് ഒമ്പതിനു സുവര്‍ണജൂബിലിയിലെത്തി. 1973 ല്‍ സ്ഥാപിച്ച ജി.സി.എം.എം.എഫാണ് ഇന്ത്യയിലെ ഏറ്റവും വലിയ എഫ്.എം.സി.ജി. 72,000 കോടി രൂപയാണു വിറ്റുവരവ്. അമുല്‍, സാഗര്‍ ബ്രാന്റുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റാണ് ഈ നേട്ടം ഉണ്ടാക്കിയത്. നേതൃത്വത്തിന്റെ നൈരന്തര്യവും സംഘടനാശുദ്ധിയുമാണു ജി.സി.എം.എം.എഫിന്റെ വിജയകാരണമെന്നു മുന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്. സോഥി സുവര്‍ണജൂബിലിവേളയില്‍ ട്വീറ്റ് ചെയ്തു. സോഥിയെ പിന്തുടര്‍ന്നാണ് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത ചുമതലയേറ്റത്. 1972 മുതല്‍ 84 വരെ വര്‍ഗീസ് കുര്യനായിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടര്‍. 1984 മുതല്‍ 94 വരെ ജെ.ജെ. ബക്‌സി എം.ഡി.യായി. 94 മുതല്‍ 2010 വരെ ബി.എം. വ്യാസും 2010 മുതല്‍ 2023വരെ ആര്‍.എസ്. സോഥിയും. തുടര്‍ന്നു ജയന്‍ മേത്തയും.

2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അമുലിന്റെ വിറ്റുവരവായി താത്കാലികമായി കണക്കാക്കിയിട്ടുള്ളത് 55,055 കോടി രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 18.5 ശതമാനം വര്‍ധനയാണിത്. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റാണ് ഈ വര്‍ധനയ്ക്കു പ്രധാനകാരണം. ജി.സി.എം.എം.എഫിന്റെ പുതിയ ഉല്‍പ്പന്നങ്ങളിലെ വളര്‍ച്ച 21 ശതമാനമാണ്. വിറ്റുവരവിന്റെ 50 ശതമാനവും ഈ മേഖലയില്‍നിന്നാണ്. ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ 41 ശതമാനമാണു വര്‍ധിച്ചത്. ഉപഭോക്തൃഉല്‍പ്പന്നങ്ങള്‍ 23 ശതമാനം വര്‍ധിച്ചു. പാല്‍ക്കട്ടി, വെണ്ണ, യു.എച്ച്.ടി (അതിതപ്തസംസ്‌കരിതം) പാല്‍, പാലധിഷ്ഠിതപാനീയങ്ങള്‍, പനീര്‍, ക്രീം, ബട്ടര്‍മില്‍ക്ക്, തൈര് തുടങ്ങിയവയ്ക്കു 20-40 ശതമാനം വര്‍ധനയാണുണ്ടായത്. അമുല്‍ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവാണ് 72,000 കോടി രൂപ.

18 സഹകരണ
യൂണിയന്‍

ഏറ്റവും ജനസംഖ്യയുള്ള 400 നഗരങ്ങളില്‍ വിതരണം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ജി.സി.എം.എം.എഫ് ശ്രദ്ധിക്കുന്നത്. 33 ജില്ലകളുടെ പ്രാതിനിധ്യമുള്ള 18 സഹകരണയൂണിയനുകളാണു ജി.സി.എം.എം.എഫിലെ അംഗങ്ങള്‍. 18,600 ഗ്രാമങ്ങളില്‍നിന്നു ദിവസം 270 ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു. അംഗയൂണിയനുകള്‍ക്കെല്ലംകൂടി 98 ഡെയറി പ്ലാന്റുകളുണ്ട്. 76 വിപണനഓഫീസുകളും പതിനായിരം ഡീലര്‍മാരും 10 ലക്ഷം ചില്ലറവില്‍പ്പനശാലകളുമുണ്ട്. പാലും പാല്‍പ്പൊടിയും ആരോഗ്യപാനീയങ്ങളും വെണ്ണയും നെയ്യും പാല്‍ക്കട്ടിയും പിസ്സ ചീസും ഐസ്‌ക്രീമും പനീറും ചോക്കലേറ്റുകളും പരമ്പരാഗത ഇന്ത്യന്‍ മധുരപദാര്‍ഥങ്ങളും ഉല്‍പ്പന്നങ്ങളായുള്ള ഇത് ഇന്ത്യയിലെ ഡെയറിഉല്‍പ്പന്നങ്ങളുടെ ഏറ്റവുംവലിയ കയറ്റുമതിസ്ഥാപനമാണ്.

ലോകത്തെ ഏറ്റവും വലിയ ഡെയറികമ്പനികളില്‍ എട്ടാമത്തെതാണു ജി.സി.എം.എം.എഫ്. വര്‍ഷം 2000 കോടി പാക്കറ്റുകളാണ് അമുല്‍ വിതരണം ചെയ്യുന്നത്. യു.കെ.യിലെ ബ്രാന്റ് ഫിനാന്‍സ് 2022 ന്റെ റിപ്പോര്‍ട്ടുപ്രകാരം ദൈനംദിനോപയോഗ ബ്രാന്റുകളില്‍ ഏറ്റവും ശക്തം അമുലാണ്. ജൈവഭക്ഷണം, വര്‍ധിതാന്നജോല്‍പ്പന്നങ്ങള്‍, സൂക്ഷ്മജൈവ ( പ്രോ ബയോട്ടിക് )നിരയിലുള്ള ഉല്‍പ്പന്നങ്ങള്‍, ഫ്രഷ് സ്വീറ്റ്‌സ് വിഭാഗങ്ങളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി ജി.സി.എം.എം.എഫ്. ഇനി കൂടുതല്‍ മുതല്‍ മുടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ദൈനംദിനബ്രാന്റെന്ന നിലയില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ എഫ്.എം.സി.ജി.യായി ഉയരുകയാണു ലക്ഷ്യം. ജി.സി.എം.എം.എഫ്. അതിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഐസ്‌ക്രീമും വിപണിയിലിറക്കിക്കഴിഞ്ഞു.

മലയാളിയായ ഡോ. വര്‍ഗീസ് കുര്യനാണു ജി.സി.എം.എം.എഫിന്റെ സ്ഥാപകന്‍ എന്നതു പ്രസിദ്ധമാണല്ലോ. അദ്ദേഹം അതെപ്പറ്റി ‘എനിക്കുമുണ്ടായിരുന്നു ഒരു സ്വപ്‌നം’ എന്ന ആത്മകഥയില്‍ പറയുന്നത് ഇപ്രകാരമാണ്: ”ഇക്കാലത്തിനിടക്ക് വിവിധചുമതലകള്‍ വഹിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. 1950 ഏപ്രില്‍ മുതല്‍ 1973 ജൂലായ്‌വരെ ഞാന്‍ ‘അമുല്‍’ എന്നു പ്രശസ്തമായ കൈറ ജില്ല സഹകരണക്ഷീരോല്‍പ്പാദക യൂണിയന്റെ മാനേജരും പിന്നീടു ജനറല്‍ മാനേജരുമായിരുന്നു. 1973 ഒക്ടോബര്‍ മുതല്‍, 1983 ഒക്ടോബറില്‍ പെന്‍ഷന്‍പ്രായമാകുംവരെ, ഞാന്‍ ഗുജറാത്ത് സഹകരണ ക്ഷീരഫെഡറേഷന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. അതിനുശേഷം ഞാന്‍ ജി.സി.എം.എം.എഫിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനായി തുടര്‍ന്നു.” ആത്മകഥ എഴുതുന്ന കാലത്ത് അദ്ദേഹം അതിന്റെയും ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ഇര്‍മ) ദേശീയ ക്ഷീരവികസനബോര്‍ഡിന്റെയും (എന്‍.ഡി.ഡി.ബി) അധ്യക്ഷനായിരുന്നു. ക്ഷീരകര്‍ഷകരുടെയും ഗ്രാമീണരുടെയും താല്‍പ്പര്യങ്ങള്‍ തുടര്‍ന്നും സംരക്ഷിക്കാന്‍ തനിക്കു കഴിഞ്ഞത് ഈ സ്ഥാനങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ധവളവിപ്ലവ
കഥയുമായി മന്ഥന്‍

ധവളവിപ്ലവം കേന്ദ്രമാക്കി സഹകരണവിജയഗാഥ പറയുന്ന ശ്യാംബെനഗല്‍ചിത്രമായ മന്ഥന്റെ നിര്‍മാതാക്കള്‍ ജി.സി.എം.എം.എഫും ബെനഗലിന്റെ സ്ഥാപനമായിരുന്ന റാഡിയുസും ആയിരുന്നു. സാധാരണക്ഷീരകര്‍ഷകരുടെ പണംകൊണ്ടു നിര്‍മിച്ച ചലച്ചിത്രമാണത്. സഹകരണപ്രസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം ഒഴിവാക്കുകയും സഹകരണം വര്‍ധിപ്പിക്കുകയും വേണം എന്ന ആശയമാണു ജി.സി.എം.എം.എഫിന്റെ രൂപവത്കരണത്തിലേക്കു നയിച്ചത്. അമുല്‍ എന്ന ബ്രാന്റ് കുര്യന്‍ ചെയര്‍മാനായ കൈറ ക്ഷീരസഹകരണയൂണിയന്റെതായിരുന്നു. അന്നു മറ്റു ജില്ലകളിലും സഹകരണഡെയറികള്‍ വരികയും പരസ്പരം മത്സരിക്കുകയും ചെയ്തു. 1969 ല്‍ കൈറയ്ക്കടുത്തുള്ള മെഹ്‌സാനയിലെ ക്ഷീരസഹകരണഡെയറിയുമായി കുര്യന്‍ കരാറുണ്ടാക്കി. അവരുടെ വെണ്ണയും പാല്‍പ്പൊടിയും അമുല്‍ ബ്രാന്റില്‍ വില്‍ക്കാന്‍ അനുവദിക്കാനും അവ കൈറയുടെ വിതരണക്കാരിലൂടെ വില്‍ക്കാനുമായിരുന്നു കരാര്‍. പരസ്പരമത്സരം ഒഴിവാക്കുന്ന ഈ മാതൃക ഗുജറാത്തിലെ മറ്റെല്ലാ സഹകരണക്ഷീരഡെയറികളിലേക്കും വ്യാപിപ്പിച്ചാണു ജി.സി.എം.എം.എഫ്. രൂപംകൊണ്ടത്. 12 സഹകരണയൂണിയനുകളുമായാണു തുടക്കം. അങ്ങനെ അമുല്‍, സാഗര്‍ എന്നീ പ്രമുഖ ബ്രാന്റുകളിലായി കര്‍ഷകര്‍ക്കു നല്ല വരുമാനവും ഉപഭോക്താക്കള്‍ക്കു മികച്ച ഉല്‍പ്പന്നങ്ങളും കിട്ടി.

മലയാളിയായ ഒരു ക്രൈസ്തവന്‍ പതിവായി വര്‍ഷങ്ങളോളം ജി.സി.എം.എം.എഫിന്റെ അധ്യക്ഷനായി ഏകകണ്ഠം തിരഞ്ഞെടുക്കപ്പെടുന്നതു മിക്കവര്‍ക്കും അദ്ഭുതമായിരുന്നുവെന്നു കുര്യന്‍ കുറിച്ചിട്ടുണ്ട്. തനിക്കു കിട്ടിയ പുരസ്‌കാരങ്ങള്‍ ജി.സി.എം.എം.എഫും അമുലും ഇര്‍മയും ദേശീയക്ഷീരവികസനബോര്‍ഡും പോലുള്ള സ്ഥാപനങ്ങളിലെ നൂറുകണക്കിനു മനുഷ്യരുടെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹം കരുതിയത്. ജി.സി.എം.എം.എഫിലെ ഔദ്യോഗികപദവിയില്‍നിന്നു വിരമിച്ചപ്പോള്‍ അദ്ദേഹം ഓണററി ചെയര്‍മാനായി തുടര്‍ന്നിരുന്നു. അതിനു ശമ്പളമില്ലായിരുന്നു. ശമ്പളമില്ലാതെ എങ്ങനെ കഴിയുമെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ തമാശ ”എനിക്ക് അവാര്‍ഡുകള്‍ കിട്ടുന്നുണ്ടല്ലോ, ഇനി നോബല്‍സമ്മാനം കൂടിയേ കിട്ടാന്‍ ബാക്കിയുള്ളൂ” എന്നാണ്. 5000 രൂപയില്‍ കൂടുതല്‍ ശമ്പളം അദ്ദേഹം ഒരിക്കലും ജി.സി.എം.എം.എഫില്‍നിന്നു കൈപ്പറ്റിയിട്ടില്ല.

10 വര്‍ഷം മുന്‍കൂട്ടി
കണ്ടുള്ള ആസൂത്രണം

ആനന്ദില്‍ എന്‍.ഡി.ഡി.ബി.യുടെ കെട്ടിടത്തിലെ ഒരു നിലയിലാണ് ജി.സി.എം.എം.എഫിന്റെ തുടക്കം. ഫര്‍ണിച്ചറുകളെല്ലാം വാടകയ്‌ക്കെടുത്തതായിരുന്നു. ജീവനക്കാര്‍ സ്വന്തം വാഹനത്തിലോ പൊതുഗതാഗതസംവിധാനത്തെ ആശ്രയിച്ചോ ആണു ജോലിക്കു വന്നിരുന്നത്. അഞ്ചു വര്‍ഷം അങ്ങനെ പ്രവര്‍ത്തിച്ചു. വിറ്റുവരവ് 200 കോടി രൂപ കവിഞ്ഞപ്പോഴാണു സ്വന്തമായി കെട്ടിടം പണിതു മാറിയത്. പ്രവര്‍ത്തനം തുടങ്ങി 11 കൊല്ലം കഴിഞ്ഞാണ് ഓഫീസ് ആവശ്യത്തിനു രണ്ടാമതൊരു കാര്‍ വാങ്ങിയത്. 10 വര്‍ഷം മുന്‍കൂട്ടിക്കണ്ടു കാര്യങ്ങള്‍ ആസൂത്രണം ചെയ്താണു മുന്നോട്ടു പോയിരുന്നത്. കുര്യനും ജെ.ജെ. ബക്‌സിക്കുംശേഷം മാനേജിങ് ഡയറക്ടറായ ബി.എം. വ്യാസ് 100 മെട്രിക് ടണ്ണിന്റെ ഒരു പാല്‍ഉണക്കുയന്ത്രത്തിനുള്ള പദ്ധതിനിര്‍ദേശം കുര്യനുമുന്നില്‍ സമര്‍പ്പിച്ചപ്പോഴുണ്ടായ അനുഭവം, കുര്യന്റെ ജന്‍മശതാബ്ദിസ്മരണികയായി മകള്‍ നിര്‍മല കുര്യന്‍ ലേഖനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച ‘പാല്‍ക്കാരന്‍’ (ഠവല ഡേേലൃഹ്യ ആൗേേലൃഹ്യ ങശഹസാമി) എന്ന പുസ്തകത്തിലെ ഒരു ലേഖനത്തില്‍ അനുസ്മരിച്ചിട്ടുണ്ട്. 70 കോടി രൂപ നിക്ഷേപം ആവശ്യമുള്ളതായിരുന്നു പദ്ധതി. അത് അവതരിപ്പിച്ച് അഞ്ചു മിനിറ്റിനകം കുര്യന്‍ അംഗീകരിച്ചു.

അമുലിന്റെ പ്രധാനനിര്‍മാണശാലകളെല്ലാം ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിമാരോ പ്രധാനമന്ത്രിമാരോ ആയിരുന്നു. എന്നാല്‍, 2011 ഒക്ടോബര്‍ 31 ലെ അമുല്‍സ്ഥാപകദിനത്തില്‍ ഖത്രേജിലെ ലോകോത്തര ചീസ്പ്ലാന്റ് ഉദ്ഘാടനം ചെയ്തതു കുര്യനായിരുന്നു. അനാരോഗ്യംമൂലം ചക്രക്കസേരയിലിരുന്നാണ് അദ്ദേഹം അത് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ആത്മാവു ഗ്രാമങ്ങളിലാണെന്നു മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ കാര്‍ഷികവികസനതന്ത്രം പ്രധാനമായും ഭക്ഷ്യസുരക്ഷയെ കേന്ദ്രീകരിച്ചായിരുന്നുവെന്നു നേരത്തേ പറഞ്ഞ പുസ്തകത്തിലെ ലേഖനത്തില്‍ പ്രമുഖവ്യവസായിയും ബയോകോണ്‍ ലിമിറ്റഡ്, ബയോകോണ്‍ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവയുടെ എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണും സ്ഥാപകയുമായ കിരണ്‍ മജുംദാര്‍ ഷാ ചൂണ്ടിക്കാട്ടുന്നു. 1960 കളില്‍ പോഷകധാന്യങ്ങളുടെ ആവശ്യം നേരിടുകയെന്നതു വലിയ വെല്ലുവിളിയായിരുന്നു. നിരാശമായ ആ സാഹചര്യത്തിലാണു കുര്യന്‍ ജി.സി.എം.എം.എഫിന്റെ മാതൃക അവതരിപ്പിച്ചതെന്ന് അവര്‍ എഴുതി. ഏറ്റവും താഴേക്കിടയിലുള്ളവരുടെ ആയിരക്കണക്കിനു സംരംഭങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് അതു ഗുജറാത്തിന്റെ കാര്‍ഷികസമ്പദ്‌വ്യവസ്ഥയെ പരിവര്‍ത്തിപ്പിച്ചു. ഈ മാതൃകയാണു കര്‍ഷക ഉല്‍പ്പാദകസംഘടന ( എഫ്.പി.ഒ ) എന്ന ആശയത്തിലേക്കു നയിച്ചത്.

ജി.സി.എം.എം.എഫിനു സമാനതകളില്ല. കിരണ്‍ മജുംദാര്‍ ഷാ പറയുന്നു: ”ഉപഭോക്താവിന്റെ ഓരോ രൂപയ്ക്കും പരമാവധി മെച്ചം കിട്ടുംവിധം അതു പാല്‍ സംഭരിച്ചു സംസ്‌കരിച്ചു വിറ്റു. ചില്ലറ ഉപഭോക്താവു ചെലവാക്കുന്ന പണത്തിന്റെ നാലില്‍മൂന്നും നേടിയെടുക്കാന്‍ അമുല്‍കര്‍ഷകര്‍ക്കു കഴിഞ്ഞു. അവര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല പാലും മൂല്യാധിഷ്ഠിതപാലുല്‍പ്പന്നങ്ങളും സംസ്‌കരിക്കുകയും വിപണനം ചെയ്യുകയുംകൂടി ചെയ്തതിനാലാണിത്. എഫ്.പി.ഒ.കള്‍ക്കു കാര്‍ഷിക സഹകരണസ്ഥാപനങ്ങള്‍ എന്നതിനപ്പുറംകടന്നു തഴച്ചുവളരുന്ന സംരംഭക്കൂട്ടായ്മകളാകാനാവുമെന്നു ജി.സി.എം.എം.എഫ.് കാട്ടിക്കൊടുത്തു.”

കുര്യനുശേഷവും ജി.സി.എം.എം.എഫിന്റെ ചരിത്രത്തില്‍ നേട്ടങ്ങള്‍ നിരവധിയാണ്. യു.എസ്.എ.യിലും ഗള്‍ഫ്‌നാടുകളിലും സിങ്കപ്പൂരിലും ഫിലിപ്പൈന്‍സിലും ജപ്പാനിലും ചൈനയിലും ഓസ്‌ട്രേലിയയിലും ഒക്കെ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കു പ്രിയമാണ്. 2009-10 ല്‍ ക്ഷീരോല്‍പ്പന്നമേഖലയ്ക്കു നല്‍കിയ സംഭാവനകളും ഡെയറിഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ കാട്ടിയ മികവിനും ജി.സി.എം.എം.എഫിനു കാര്‍ഷിക-സംസ്‌കരിത ഭക്ഷ്യോല്‍പ്പന്നക്കയറ്റുമതി വികസനഅതോറിട്ടിയുടെ (അജഋഉഅ) സുവര്‍ണട്രോഫി ലഭിച്ചു. ലോകത്തെ ഏറ്റവും ഉയര്‍ന്ന ആറ് ഡെയറിഉല്‍പ്പന്നനിര്‍മാതാക്കള്‍ക്കുമാത്രം സ്ഥാനമുള്ള ആഗോളഡെയറിവ്യാപാരപ്ലാറ്റ്‌ഫോമില്‍ ജി.സി.എം.എം.എഫ.് ഉണ്ട്. എല്ലാ വിഭാഗത്തിലും ഏറ്റവും മികവു പുലര്‍ത്തിയതിന് 1999 ല്‍ രാജീവ്ഗാന്ധി ദേശീയ ഗുണനിലവാരപുരസ്‌കാരം നേടി. 2002 ല്‍ ബിസിനസ് വേള്‍ഡിന്റെ മോസ്റ്റ് റെസ്പക്ടഡ് കമ്പനി അവാര്‍ഡ് കിട്ടി. സംഭരണത്തിലും ലോജിസ്റ്റിക്‌സിലും ശ്രദ്ധേയമായ ഗുണനിലവാരമാനേജ്‌മെന്റ് രീതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതിനു 2003ല്‍ ഐ.എം.സി. രാമകൃഷ്ണബജാജ് ദേശീയ ഗുണനിലവാരപുരസ്‌കാരം തേടിയെത്തി. 2007 ല്‍ പ്രോ ബയോട്ടിക് ഐസ്‌ക്രീം വിപണിയിലിറക്കിയതിന് അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ വിപണനപുരസ്‌കാരത്തിന് അര്‍ഹമായി. ഇതു ലഭിച്ച ഏക ഇന്ത്യന്‍സ്ഥാപനമാണു ജി.സി.എം.എം.എഫ്. 2013 ല്‍ ഉന്നതമായ പ്രകടനം കാഴ്ചവയ്ക്കുന്ന ബ്രാന്റിനുള്ള എ.ഐ.എം.എ-ആര്‍.കെ. സ്വാമി പുരസ്‌കാരം നേടിയത് ജി.സി.എം.എം.എഫ.് നടപ്പാക്കിയ നൂതനസംരംഭങ്ങള്‍ക്കുള്ള അംഗീകാരമായി. 2014 ല്‍ സി.എന്‍.എന്‍-ഐ.ബി.എന്നിന്റെ ഇന്നൊവേറ്റിങ് ഫോര്‍ ബെറ്റര്‍ ടുമാറോ അവാര്‍ഡ് കിട്ടി; 2014ല്‍ ലോകഡെയറി ഇന്നൊവേഷന്‍ അവാര്‍ഡും. മികച്ച വിപണനപ്രചാരണത്തിനാണിത്. വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനു 2007 മുതല്‍ 2013 വരെ തുടര്‍ച്ചയായി ഏഴു വര്‍ഷം ഹരിതസദ്ഭരണപുരസ്‌കാരം (ഏീീറ ഏൃലലി ഏീ്‌ലൃിമിരല മംമൃറ) ജി.സി.എം.എം.എഫിനായിരുന്നു.

2023 മാര്‍ച്ചില്‍ ജി.സി.എം.എം.എഫ.് ലോകമെങ്ങുമുള്ള ഉപഭോക്താക്കളുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്ന അന്താരാഷ്ട്രഐസ്‌ക്രീം ഇന്ത്യന്‍ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്ന അമുല്‍ ഐസ് ലൗഞ്ച് പുണെയില്‍ തുടങ്ങി. 13 രാജ്യങ്ങളിലെ വ്യത്യസ്ത രുചിഭേദങ്ങളിലുള്ള ഐസ്‌ക്രീംഇനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം 100 പാര്‍ലറുകള്‍ തുടങ്ങാനാണു പരിപാടി.

2012 ല്‍ ജി.സി.എം.എം.എഫിന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെടുകയും സ്ഥാപനത്തിനു കിട്ടേണ്ട 96 ടണ്‍ പാല്‍പ്പൊടിയുടെ വില ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവമുണ്ടായി. പാല്‍പ്പൊടി ഇറക്കുമതി ചെയ്ത അഫ്ഘാനിസ്ഥാനിലെ കാണ്ടഹാറിലെ ഒരു കമ്പനിക്കാണ് ഈ നിര്‍ദേശം ലഭിച്ചത്. അവര്‍ സംശയം തോന്നി ബന്ധപ്പെട്ടതോടെയാണു തട്ടിപ്പു വ്യക്തമായത്. ഒരാള്‍ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. ഷമല്‍ഭായ് ബി. പട്ടേലാണ് ഇപ്പോള്‍ ജി.സി.എം.എം.എഫിന്റെ ചെയര്‍മാന്‍. വലംജിഭായ് ഹംബാല്‍ വൈസ്‌ചെയര്‍മാനും.

ജി.സി.എം.എം.എഫിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ്: ”അമുല്‍ ഒരു ഉല്‍പ്പന്നംമാത്രമല്ല, ഒരു പ്രസ്ഥാനമാണ്. ഒരര്‍ഥത്തില്‍ കര്‍ഷകരുടെ സാമ്പത്തികസ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണത്. അതാണു കര്‍ഷകര്‍ക്കു സ്വപ്‌നം കാണാനും പ്രതീക്ഷിക്കാനും ജീവിക്കാനും ധൈര്യം കൊടുത്തത്.” ആ സഹകരണവന്‍ശക്തിക്ക് ഇതു ശരിവയ്ക്കുന്ന നേട്ടങ്ങള്‍ അവകാശപ്പെടാനുമുണ്ട്.

                                                               (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!