അതിര്‍ത്തി കടക്കുന്ന ‘ധവള വിപ്ലവം’

യു.പി. അബ്ദുള്‍ മജീദ്

രാജ്യത്തെ പാലുല്‍പ്പന്നവിപണിയിലെ ഒന്നാം സ്ഥാനക്കാരായ അമൂല്‍, രണ്ടാംസ്ഥാനത്തുള്ള നന്ദിനി എന്നീ ബ്രാന്‍ഡുകള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള പാല്‍ക്കച്ചവടത്തില്‍ തുടങ്ങിയ തര്‍ക്കത്തില്‍ ഇപ്പോള്‍ മില്‍മയും കക്ഷിചേര്‍ന്നിരിക്കുകയാണ്. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്ന സഹകരണ ക്ഷീരമേഖലയെ കേന്ദ്രനിയമത്തിനു കീഴില്‍ കൊണ്ടുവന്നു ലയിപ്പിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമം
നടത്തുന്നതെന്നു കര്‍ണാടകത്തിലെ പ്രതിപക്ഷം ആരോപിക്കുന്നു.

 

അതിര്‍ത്തി കടന്നുള്ള പാല്‍ക്കച്ചവടത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ തുടങ്ങിയ തര്‍ക്കം കേരളത്തിലുമെത്തി. ഗുജറാത്ത് കേന്ദ്രമായ അമൂലും കര്‍ണാടകക്കാരുടെ നന്ദിനിയും തമ്മില്‍ മാസങ്ങളായി തുടരുന്ന പോരാട്ടത്തിനിടയിലാണു നന്ദിനിയുടെ വരവിന്റെ പേരില്‍ മില്‍മ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെ.എം.എഫ്) പാലുല്‍ പ്പന്നങ്ങളാണു നന്ദിനി എന്ന ബ്രാന്‍ഡില്‍ വിപണനം നടത്തുന്നത്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( ജി.സി.എം.എം.എഫ് ) കീഴിലുളള ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡിന്റെ ചുരുക്കപ്പേരായ അമൂല്‍ പാലുല്‍പ്പന്നവിപണിയിലെ ഒന്നാം സ്ഥാനക്കാരാണ്.

തുടക്കമിട്ടത്
അമിത് ഷാ

2015 മുതല്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകവിപണിയിലുണ്ട്. രാജ്യത്തു രണ്ടാംസ്ഥാനക്കാരായ നന്ദിനിയുമായി ചെറിയ തോതില്‍ മത്സരമുണ്ടായിരുന്നുവെങ്കിലും അതാരും ശ്രദ്ധിച്ചിരുന്നില്ല. 2022 ഡിസംബറില്‍ മാണ്ഡ്യയില്‍ നന്ദിനിയുടെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ക്ഷീരമേഖലയിലെ പ്രബലരായ അമൂലും നന്ദിനിയും സഹകരിച്ചാല്‍ വലിയ മാറ്റങ്ങളുണ്ടാക്കാനാകുമെന്നു ചൂണ്ടിക്കാട്ടിയതാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. അമൂല്‍ നന്ദിനിയെ വിഴുങ്ങാന്‍ പോവുന്നു എന്നും അതിനു കര്‍ണാടകസര്‍ക്കാര്‍ കളമൊരുക്കുന്നു എന്നും ആരോപിച്ച് പ്രതിപക്ഷം പ്രചാരണം ശക്തമാക്കിയതോടെ പ്രതിരോധിച്ചു സര്‍ക്കാറും കെ.എം.എഫും രംഗത്തിറങ്ങിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രശ്‌നം ചൂടുപിടിച്ചു. അതിനിടെ ബംഗളൂരില്‍ ഫ്രഷ് മില്‍ക്ക് വിപണി തുറക്കുമെന്ന് ഏപ്രില്‍ അഞ്ചിന് അമൂല്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി.

കര്‍ണാടകത്തിലെ ക്ഷീരകര്‍ഷകരുടെ അഭിമാനമായ നന്ദിനിയെ അമൂലില്‍ ലയിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്നും അമിത് ഷായുടെ അഭിപ്രായം സദുദ്ദേശ്യത്തോടെയായിരുന്നുവെന്നും കര്‍ണാടക സഹകരണ മന്ത്രി എസ്.ടി. സോമശേഖര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷവും കര്‍ഷക സംഘടനകളും അടങ്ങിയില്ല. കര്‍ണാടകക്കാരുടെ ബാങ്കും തുറമുഖവും വിമാനത്താവളവും കൈവശപ്പെടുത്തിയവര്‍ നന്ദിനിയേയും സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നന്ദിനിക്ക് എല്ലാ സംരക്ഷണവും ഉറപ്പു നല്‍കി പ്രസ്താവനയിറക്കി. അമൂല്‍ കര്‍ണാടകവിപണിയില്‍ വരുന്നതിനെ തടയാനാവില്ലെന്നും നന്ദിനി മറ്റു സംസ്ഥാനങ്ങളില്‍ വിപണനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണമേന്മ മെച്ചപ്പെടുത്തി അമൂലുമായി മത്സരിച്ച് രാജ്യത്തു ക്ഷീര വിപണിയില്‍ നന്ദിനിയെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായി നില്‍ക്കുന്ന സഹകരണ ക്ഷീരമേഖലയെ കേന്ദ്രനിയമത്തിനു കീഴില്‍ കൊണ്ടുവന്നു ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നു എന്നു പറഞ്ഞു പ്രതിപക്ഷം ആരോപണം കടുപ്പിച്ചിരിക്കുകയാണ്.

39 രൂപക്ക് ഒരു ലിറ്റര്‍ പാല്‍ കൊടുക്കാന്‍ നന്ദിനിക്കു കഴിയുമ്പോള്‍ അമൂലിന്റെ വില 54 രൂപയാണ്. ഫ്രഷ് മില്‍ക്കിന്റെ കാര്യത്തില്‍ തല്‍ക്കാലം അമൂല്‍ ഭീഷണിയല്ലെങ്കിലും മറ്റുല്‍പ്പന്നങ്ങള്‍ അമൂല്‍ ഓണ്‍ലൈന്‍ വഴി വന്‍തോതില്‍ വിറ്റഴിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. നന്ദിനി – അമൂല്‍ തര്‍ക്കം മുറുകിയതോടെ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ കര്‍ണാടകത്തിലെ ഹോട്ടല്‍ വ്യാപാരികളുടെ സംഘടന തീരുമാനിച്ചതും പ്രാദേശികതാല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ്.

നന്ദിനി
കേരളത്തിലേക്ക്

 

അതേസമയം, കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ തീരുമാനത്തെ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ശക്തമായി എതിര്‍ത്തിരിക്കുകയാണ്. മഞ്ചേരിയിലും കൊച്ചിയിലുമാണു നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി ചെറുക്കുകയും കര്‍ണാടകത്തില്‍ നിന്നു പാല്‍ വാങ്ങുന്നതു മില്‍മ അവസാനിപ്പിക്കുകയും ചെയ്യുമെന്നു മണി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി കടന്നുള്ള പാല്‍വിപണനം സഹകരണതത്വത്തിന് എതിരാണ്. നിലവിലുള്ള കരാറുകളുടെ ലംഘനവുമാണ്. ക്ഷാമമുള്ള കാലത്തു രണ്ടു ലക്ഷം ലിറ്റര്‍ പാല്‍വരെ കര്‍ണാടകത്തില്‍ നിന്നു മില്‍മ വാങ്ങുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. കെ.എം.എഫ്. ഫ്രാഞ്ചൈസികള്‍ വഴി ആദ്യം പാലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും പിന്നീട് പാലും വില്‍ക്കും. ഒടുവില്‍ പാലിന്റെ നേരിട്ടുളള വിതരണവും നടത്തും. വരുമാനത്തിന്റെ 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്ന മില്‍മയെപ്പോലുളള സ്ഥാപനം നിലനില്‍ക്കേണ്ടതു നാടിന്റെ ആവശ്യമാണ്. അമൂലിന്റെ കടന്നുകയറ്റത്തെ എതിര്‍ക്കുന്നവര്‍തന്നെ മില്‍മയുടെ പ്രവര്‍ത്തനപരിധിയിലേക്കു വരുന്നത് അധാര്‍മികതയാണ് – മില്‍മ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

അമൂലിന്റെ നീക്കങ്ങളില്‍ സംശയിക്കുമ്പോഴും കര്‍ണാടക ക്ഷീരവിപണിയുടെ 90 ശതമാനവും കൈയടക്കിയിരിക്കുന്ന നന്ദിനി എതു വമ്പന്മാരോടും മത്സരിക്കാനുള്ള ശക്തിയാര്‍ജിച്ച ബ്രാന്‍ഡാണ്. 1955 ല്‍ കുടക് ജില്ലയില്‍ തുടക്കമിട്ട സഹകരണ ക്ഷീരസംരംഭം 1984 ആയപ്പോള്‍ 14 ജില്ലകളില്‍ ശക്തമായ മില്‍ക്ക് യൂണിയനായി മാറി. ഇപ്പോള്‍ എല്ലാ ജില്ലകളും ഉള്‍ക്കൊള്ളുന്ന 16 മില്‍ക്ക് യൂണിയന്റെ ഫെഡറേഷനാണു കെ.എം.എഫ്. കര്‍ണാടകത്തിലെ 22,000 ഗ്രാമങ്ങളിലെ 24 ലക്ഷം ക്ഷീരോല്‍പ്പാദകരുടെ 81 ലക്ഷം ലിറ്റര്‍ പാലാണു 17,000 ക്ഷീര സഹകരണ സൊസൈറ്റികള്‍ വഴി ഒരു ദിവസം സംഭരിക്കുന്നത്. സംഭരിച്ച പാലില്‍ 40 ലക്ഷം ലിറ്റര്‍ നിത്യേന വില്‍പ്പന നടത്തുന്നു. നന്ദിനി ബ്രാന്‍ഡില്‍ അറുപത്തിയഞ്ചിലധികം പാലുല്‍പ്പന്നങ്ങളുണ്ട്. 2022 – 23 ല്‍ 14,000 കോടി രൂപയാണു കെ.എം.എഫിന്റെ വിറ്റുവരവ്. കര്‍ഷകരില്‍ നിന്നു ലിറ്ററിനു 33 രൂപക്കു സംഭരിക്കുന്ന പാല്‍ 39 രൂപക്കാണു വില്‍ക്കുന്നത്.

അത്യുന്നതങ്ങളില്‍
അമൂല്‍

അതേസമയം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മത്സരിച്ചു കീഴ്‌പ്പെടുത്താന്‍ കഴിയാത്ത ഉയരങ്ങളിലാണ് അമൂല്‍. ക്ഷീരകര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതു തടയാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മൊറാര്‍ജി ദേശായി, ത്രിഭുവന്‍ദാസ് പട്ടേല്‍ എന്നിവര്‍ മുന്‍കൈയെടുത്തു ഗുജറാത്തിലെ കയ്‌റ ജില്ലയില്‍ ആനന്ദ് എന്ന സ്ഥലം കേന്ദ്രീകരിച്ച് 1946 ല്‍ ആരംഭിച്ച ക്ഷീരോല്‍പ്പാദകസംഘമാണു അമൂല്‍. മലയാളിയായ ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ വളര്‍ന്നു പന്തലിച്ചു സഹകരണമേഖലയിലെ അദ്ഭുതമായി മാറിയ അമൂല്‍ രാജ്യത്തെ ധവളവിപ്ലവത്തിനു നേതൃത്വം നല്‍കി. ഗ്രാമതലത്തില്‍ ക്ഷീര സഹകരണസംഘങ്ങളും ജില്ലാതലത്തില്‍ മില്‍ക്ക് യൂണിയനും സംസ്ഥാനതലത്തില്‍ മില്‍ക്ക് ഫെഡറേഷനും എന്ന ആനന്ദ് മാതൃകയാണു മിക്ക സംസ്ഥാനങ്ങളും പിന്തുടരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഫെഡറേഷനായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( ജി.സി.എം.എം.എഫ് ) വാര്‍ഷിക വിറ്റുവരവ് 46,481 കോടി രൂപയാണ്. 1994-95 ല്‍ വിറ്റുവരവ് 1114 കോടിയും 2010-11 ല്‍ 9774 കോടിയുമായിരുന്നു. 33 ജില്ലകളിലെ 18 യൂണിയനുകളില്‍പ്പെടുന്ന 18,600 ഗ്രാമീണ ക്ഷീരസംഘങ്ങളില്‍ നിന്നു പ്രതിദിനം 26.3 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന അമൂല്‍ 3.64 ദശലക്ഷം ക്ഷീരകര്‍ഷകരുടെ അത്താണിയാണ്. 41 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ച് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള അമൂലിനു പതിനായിരം ടണ്‍ കാലിത്തീറ്റ നിത്യേന നിര്‍മിക്കാന്‍ കഴിയുന്ന പ്ലാന്റുകളുണ്ട്. പാല്‍വിപണനത്തില്‍ ലോകത്തിനുതന്നെ മാതൃക കാട്ടിയ അമൂലിനു പത്തു ലക്ഷം ചെറുകിട കച്ചവടക്കാരും പതിനായിരം ഡീലര്‍മാരുമുണ്ട്. പാലിനു പുറമെ പാല്‍പ്പൊടി, വെണ്ണ, നെയ്യ്, ചീസ്, പിസ ചീസ്, ഐസ് ക്രീം, പനീര്‍, ചോക്ലേറ്റ്, മിഠായി തുടങ്ങിയ ഉല്‍പ്പന്നങ്ങളൊക്കെ പാലില്‍നിന്നു നിര്‍മിച്ചു വിപണനം നടത്താല്‍ മറ്റു സംസ്ഥാനക്കാരെ പഠിപ്പിച്ചത് അമൂലാണ്. രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോല്‍പ്പന്ന കയറ്റുമതിസ്ഥാപനവും അമൂല്‍തന്നെയാണ്. അമൂല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയിലും ജപ്പാനിലും ചൈനയിലുമൊക്കെ പ്രിയമേറിയതിനു കാരണം ഗുണമേന്മയാണ്.

പാല്‍ക്കച്ചവടത്തിലെ അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇപ്പോള്‍ മൂന്നാം കക്ഷിയായി മാറിയ മില്‍മയെ അമൂല്‍, നന്ദിനി എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളികളുടെ പാല്‍ക്കാരന് ഇനിയുമേറെ മുന്നോട്ടുപോവാനുണ്ട്. 1980 ല്‍ രൂപം കൊണ്ട കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനാണു മില്‍മ എന്ന പേരില്‍ അറിയപ്പെടുന്നത്. ഫെഡറേഷന്റെ കീഴില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്നു മേഖലായൂണിയനുകളുണ്ട്. 15.2 ലക്ഷം കര്‍ഷകര്‍ക്ക് അംഗത്വമുള്ള 3300 സഹകരണ ക്ഷീരസംഘങ്ങളാണു മില്‍മയുടെ അടിസ്ഥാന ഘടകം. 15.86 ലക്ഷം ലിറ്റര്‍ പാലാണു മില്‍മ ദിവസം വില്‍ക്കുന്നത്. 4000 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള മില്‍മ പാല്‍ മുതല്‍ കര്‍ക്കിടകക്കഞ്ഞിവരെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഏകീകൃത പാക്കിങ് നടപ്പാക്കാനും മൂന്നു മേഖലാ യൂണിയനുകളുടേയും ഉല്‍പ്പാദനം, സംഭരണം, ഗുണനിലവാരം, വിപണനം എന്നിവയില്‍ മാറ്റങ്ങളുണ്ടാക്കാനുമുളള മില്‍മ റീ പൊസിഷനിങ് -2023 എന്ന പദ്ധതി നടപ്പാക്കുന്നതിനിടയിലാണ് അയല്‍സംസ്ഥാനത്തുനിന്നു പുതിയ വെല്ലുവിളി.

തമിഴ്‌നാട്ടില്‍
പ്രതിഷേധം

അതേസമയം, അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദനച്ചെലവിനനുസരിച്ച് സംഭരണവില ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധം തുടരുകയാണ്. തമിഴ്‌നാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ ആവിന്‍ എന്ന പേരിലാണു പാല്‍ വിപണിയിലിറക്കുന്നത്. പന്ത്രണ്ടായിരത്തിലധികം പ്രാഥമികസംഘങ്ങള്‍ 42 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍, അടുത്ത കാലത്തു കാലിത്തീറ്റയുടെ വിലവര്‍ധനവിനനുസൃതമായി സംഭരണവില വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണു കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. ആവിന്‍ മികച്ച സംഭരണവില നല്‍കാത്തിനാല്‍ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ നല്ല ഭാഗവും സ്വകാര്യമേഖലയിലേക്കു പോവുകയാണെന്നു തമിഴ്‌നാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു കോടി ലിറ്റര്‍ പാല്‍ നിത്യേന ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 42 ലക്ഷം ലിറ്റര്‍ മാത്രമാണു സഹകരണമേഖലയില്‍ സംഭരിക്കുന്നത്. സംഭരിച്ച പാലിനു പണം നല്‍കുന്നതിലുളള കാലതാമസവും സഹകരണസംഘങ്ങള്‍ക്കു തിരിച്ചടിയാണ്. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആവിന്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്നാണ് അസോസിയേഷന്റെ മറ്റൊരു പരാതി. 4.2 ലക്ഷം ക്ഷീരകര്‍ഷകര്‍ ആശ്രയിക്കുന്ന സഹകരണമേഖലക്ക് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ഉല്‍പ്പാദകരുടെ പരാതി. അതേസമയം, തമിഴ്‌നാട്ടില്‍ സ്വകാര്യമേഖലയില്‍ പാല്‍വ്യവസായം തഴച്ചുവളരുകയും ചെയ്യുന്നു. സഹകരണ ക്ഷീരമേഖലക്കു കര്‍ണാടകവും കേരളവും നല്‍കുന്ന പ്രാധാന്യവും ഇന്‍സന്റീവ് തുകപോലുള്ള സഹായവും തമിഴ്‌നാടും നല്‍കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!