സ്വത്തുക്കള്‍ ഏറ്റെടുത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്രനിയമം സംസ്ഥാനത്ത് നടപ്പാക്കി

moonamvazhi

2019-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബാനിങ് ഓഫ് അണ്‍ റെഗുലേറ്റജ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) എന്ന നിയമം സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി തുടങ്ങി. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാത്ത പരാതി ഉണ്ടാകുകയും, സാമ്പത്തിക ക്രമക്കേട് നടക്കുകയും ചെയ്ത സഹകരണ സംഘങ്ങളുടെ സ്വത്തുക്കള്‍ ജില്ലകളക്ടര്‍ക്ക് നേരിട്ട് ജപ്തി ചെയ്യാന്‍ വ്യവസ്ഥ നല്‍കുന്നതാണ് ഈ നിയമം. തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍. എന്‍ജനീയേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയ്‌ക്കെതിരെ ആദ്യമായി ഈ നിയമം നടപ്പാക്കി.

ഈ സഹകരണ സംഘത്തിലെ ക്രമക്കേടിന്റെ പേരില്‍ പ്രതികളാക്കിയവരുടെയും ബന്ധുക്കളുടെയും പേരിലുള്ളതടക്കം 180 കോടിയിലേറെ വിലമതിക്കുന്ന 328 വസ്തുക്കളാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ബഡ്‌സ് നിയമപ്രകാരം കോംപിറ്റന്റ് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാകലക്ടര്‍ ആണ് കോംപിറ്റന്റ് അതോറ്റി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വസ്തുക്കള്‍ കലക്ടര്‍ ഏറ്റെടുത്തു.

നിക്ഷേപത്തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബഡ്‌സ് നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് കൈവശം എടുക്കാമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. കോടതിയുടെ അനുമതിയോടെ വിറ്റ് പണമാക്കി നിക്ഷേപകര്‍ക്ക് നല്‍കാം. സ്ഥാപനത്തിന്റെ ഭരണസമിതി അംഗങ്ങളുടെയും മാനേജരുടെയും സ്വത്തുക്കളും ഇത്തരത്തില്‍ ജപ്തി ചെയ്ത് ഏറ്റെടുക്കാം. ഇതുവരെ ഈ നിയമം സഹകരണ സംഘങ്ങളില്‍ ഉപയോഗിച്ചിരുന്നില്ല.

സംസ്ഥാനത്ത് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ 27 സ്ഥാപനങ്ങളുടേയും കുറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവു നല്‍കി. ഒന്നിലധികം സംസ്ഥാനങ്ങളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം സിബിഐക്ക് കൈമാറാനും വ്യവസ്ഥയുണ്ട്. ഇത്തരം പരാതികളില്‍ കര്‍ശന നടപടിയുണ്ടാകണമെന്ന നിര്‍ദ്ദേശം ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ബഡ്‌സ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസന്വേഷണങ്ങളുടെ മേല്‍നോട്ടത്തിനു പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനെ സ്റ്റേറ്റ് നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്.