സഹകരണ ബില്‍ രാഷ്ട്രപതി തള്ളിയതിന് പിന്നാലെ എം.എല്‍.എ.മാരുടെ വിയോജന കുറിപ്പും പുറത്ത്

moonamvazhi

മില്‍മ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ക്ഷീരസംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായി നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി തള്ളിയതിന് പിന്നാലെ, ബില്ലിലെ വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് എം.എല്‍.എ.മാര്‍ നല്‍കിയ കുറിപ്പും പുറത്തുവന്നു. ബില്ല് പരിശോധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയിലെ യു.ഡി.എഫ്. അംഗങ്ങളാണ് വിയോജന കുറിപ്പ് നല്‍കിയത്. വിയോജനകുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

അഡ്മിനിസ്ട്രേറ്റര്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കീഴില്‍ ഭരണനിര്‍വഹണം നടത്തുന്ന ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ക്ക് മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയനിലെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനും മേഖല സഹകരണ യൂണിയന്റെ മാനേജിങ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനും അവകാശം നല്‍കുന്നതിനായി പ്രിന്‍സിപ്പല്‍ ആക്ടിലെ സെക്ഷന്‍ 28 സബ്സെക്ഷന്‍ 8 ഭേദഗതി ചെയ്യുന്നതിനാണ് 2022-ലെ കേരള സഹകരണ സംഘ ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ മാനേജിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ആനന്ദ് പാറ്റേണ്‍ മില്‍ക് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടിങ് അവകാശം നല്‍കുകയാണ്. നിലവിലെ നിയമത്തിന് കീഴില്‍ ആനന്ദ് മാതൃക സഹകരണ സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് മാത്രമേ വോട്ടവകാശം നല്‍കിയിട്ടുള്ളൂ. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലൂടെ സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിക്കപ്പെടുന്നതാണ്.

ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളില്‍ ജനാധിപത്യവിരുദ്ധമായ അധികാരം ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നതിനും അതിലൂടെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ ഭരണം പിടിച്ചെടുക്കുന്നതിനുമുള്ള ആസൂത്രിത ശ്രമമാണ് ഈ നിയമനിര്‍മ്മാണം. അതിനാല്‍, ബില്ലിലെ വ്യവസ്ഥകളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു.- ഇതാണ് കുറിപ്പ്. എം.എല്‍.എ.മാരായ പി.അബ്ദുള്‍ ഹമീദ്, ഡോ.മാത്യു കുഴല്‍നാടന്‍, സജീവ് ജോസഫ് എന്നിവരാണ് വിയോജന കുറിപ്പ് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.