സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു: മരണാന്തര ധനസഹായം 3 ലക്ഷമാക്കി
സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. സേവനത്തിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ അവകാശിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 3,00,000 രൂപയാക്കി കൂട്ടി. നേരത്തെ ഇത് 2,50,000 രൂപയായിരുന്നു. ജീവനക്കാരുടെ ആശ്രിതർക്കുളള സാമ്പത്തിക സഹായ പദ്ധതി 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി. കാൻസർ, കിഡ്‌നി, കരൾ രോഗങ്ങൾക്കും ഹൃദയശസ്‌ത്രക്രിയക്കും നൽകി വന്നിരുന്ന ധനസഹായം 1,50,000 രൂപയായി വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,25,000 രൂപയായിരുന്നു.
മാരകമല്ലാത്ത രോഗങ്ങളുടെ ചികിത്സക്കുളള ധനസഹായം 75,000 രൂപയിൽ നിന്ന് 1,00,000 രൂപയാക്കി. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങളാണ് വർധിപ്പിച്ചത്.
അതോടൊപ്പം ജില്ലാ തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 10,000 രൂപയുടെ ക്യാഷ് അവാർഡ് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി ബാധകമാക്കി.
സഹകരണമന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സർവീസിലിരിക്കെ മരണപ്പെടുന്ന ബോർഡിൽ അംഗത്വമുള്ള ജീവനക്കാരുടെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിനായി ഭരണ സമിതി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വാർഷിക സ്‌കോളർഷിപ്പിനുള്ള വ്യവസ്ഥ ചട്ടങ്ങളിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ ഈ വാർഷിക സ്‌കോളർഷിപ്പ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തിൽ ബോർഡ് വൈസ് അഡ്വ. ആർ. സനൽകുമാർ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻ്റണി, രജിസ്ട്രാർ ടി.വി. സുഭാഷ് എന്നിവർ പങ്കെടുത്തു.