വിമാനത്താവളം തുറക്കുമ്പോള്‍ സഹകരണ സംഘങ്ങളുടെ സാധ്യതതേടി സെമിനാര്‍

[email protected]

കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളം തുടങ്ങുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്കുള്ള സാധ്യത വിശദമാക്കുന്ന സെമിനാര്‍ കണ്ണൂരില്‍ സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും കണ്ണൂര്‍ ജില്ലാസഹകരണ ബാങ്കും ചേര്‍ന്നാണ് ഏകദിന സെമിനാർ സംഘടിപ്പിച്ചത്. ഗതാഗതം വിനോദ സഞ്ചാരം, കാര്‍ഷിക-വ്യവസായ ഉല്‍പന്നങ്ങളുടെ കയറ്റുമതി, നൂതന പദ്ധതികളും നിയമവ്യവസ്ഥയും എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് വിഷയാവതരണം നടന്നത്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ സഹകരണ സംഘം പ്രതിനിധികളും iഉദ്യോഗസ്ഥitരും പങ്കെടുത്തു. കണ്ണൂര്‍ ജില്ല ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

വിമാനത്താവളം വരുന്നതോടെ സഹകരണമേഖലക്ക് അനന്തമായ സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ സഹകരണ പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള സ്ഥലമാണ്. അതിനാല്‍, വിമാനത്താവളത്തിന്റെ സാധ്യത പൊതു-സ്വകാര്യമേഖലയെപ്പോലും സഹകരണ മേഖലയ്ക്കും ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതം-വിനോദ സഞ്ചാരം മേഖലയില്‍ എട്ട് നദികളെ ബന്ധപ്പെടുത്തുന്ന മലബാര്‍ മലനാട് ക്രൂയിസ് പദ്ധതിയാണ് കണ്ണൂരിന്റെ സാധ്യത. ഇതില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇടം കണ്ടെത്താനാകണം. 137 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതിയാണ് മലനാട് ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളിലൂടെയുള്ള യാത്രയ്ക്കപ്പുറം നാടിന്റെ ചരിത്രം, സംസ്‌കാരം എന്നിവ അനുഭവിച്ചുള്ള സഞ്ചാരമാണ് ഈ പദ്ധതി. കള്‍ച്ചറല്‍ സെന്റര്‍, കാറ്ററിങ്, ഗതാഗത സംവിധാനം എന്നിങ്ങനെയെല്ലാം ഇതിന്റെ ഭാഗമാണെന്നും ഈ മേഖലയെക്കുറിച്ച് നടന്ന വിഷയാവതരണത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കി. ആര്‍ക്കിടെക്ട് ടി.വി.മധുകുമാര്‍, ഡി.ഐ.ടി.എസ്. ചീഫ് ടെകിനിക്കല്‍ ഓഫീസര്‍ടോമി ജോണ്‍, തലശ്ശേരി കിറ്റ്‌സിലെ സി.പി.ബീന എന്നിവരാണ് ഈ വിഷയത്തില്‍ സംസാരിച്ചത്. ഡോ. എ.കെ. സക്കീര്‍ ഹുസൈന്‍ മോഡറേറ്ററായി.

കാര്‍ഷിക- പരമ്പരാഗത വ്യവസായ ഉത്പാദന മേഖലകളില്‍ സഹകരണ സംഘങ്ങള്‍ക്കും കയറ്റുമതി സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരഭിപ്രായം. കാര്‍ഷിക ഉത്പന്നങ്ങള്‍, പഴങ്ങള്‍,പൂക്കള്‍ എന്നിവക്ക് വിദേശത്ത് ഏറെ ആവശ്യക്കാരുണ്ട്. ആവശ്യമായ സംഭരണശാലകള്‍ സഹകരണസംഘങ്ങള്‍ക്ക് ആരംഭിക്കാവുന്നതാണ്. പാക്ക് ചെയ്യുന്നതിന്റെ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിങ്ങ്പഠിച്ച് വേണം നടപ്പാക്കാന്‍. കൈത്തറി വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ട്രേഡ് സെന്റര്‍ തുടങ്ങണം. വിദേശികളെ ആകര്‍ഷിക്കുന്നതിനായി ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് തൊഴിലിടങ്ങള്‍ സൃഷ്ടിക്കണമെന്നും ഈ രംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് അഡൈ്വസര്‍ പി.കെ. ഹമീദ്കുട്ടി, ദിനേശ്ബീഡി കേന്ദ്രസംഘം ചെയര്‍മാന്‍ സി .രാജന്‍, കമ്പനി സെക്രട്ടറി ഷബീര്‍ അലി എന്നിവരാണ് ഈ വിഷയത്തില്‍ സംസാരിച്ചത്. ഐ.സി.എം. ഡെപ്യുട്ടി ഡയരക്ടര്‍ ഡോ. ബി നിരഞ്ജന്‍ രാജ് അര്‍സ് മോഡറേറ്ററായി.

സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് മൊത്തത്തിലും ഒറ്റയ്ക്ക് ഏറ്റെടുക്കാവുന്ന പദ്ധതികള്‍ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.
കയറ്റുമതി-ഇറക്കുമതി, ടൂറിസം, സേവനതുറകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളില്‍ സംഘങ്ങള്‍ക്ക് സാധ്യത കണ്ടെത്താനാകും. അതിന്, സെമിനാറില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് തുടര്‍നടപടിയുണ്ടാകണമെന്നാണ് അധ്യക്ഷത വഹിച്ച ജയിംസ് മാത്യൂ എം.എല്‍.എ. നിര്‍ദ്ദേശിച്ചു. സണ്ണിജോസഫ് എം.എല്‍.എ., നബാര്‍ഡ് ഡി.ഡി.എം. കെ.വി. മനോജ് കുമാര്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുള്‍വഹാബ്, ഐ.സി.എം. ഡയരക്ടര്‍ എം.വി. ശശികുമാര്‍, കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ജെ.വിജയകുമാര്‍, കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ പി.മുഹമ്മദ് നൗഷാദ്, വയനാട് ജോയിന്റ് രജിസ്ട്രാര്‍ പി. റഹിം, ജില്ല ബാങ്ക് ജനറല്‍ മാനേജര്‍ എ.കെ.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!