കാര്‍ഷിക, ഗ്രാമ വികസന ദൗത്യവുമായി നബാര്‍ഡ്

moonamvazhi

– രാജേഷ് പി.വി, കരിപ്പാല്‍
( പ്രിന്‍സിപ്പല്‍, കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ് )

കാര്‍ഷിക, ഗ്രാമ വികസനത്തിനായുള്ള പ്രത്യേക ബാങ്കായ നബാര്‍ഡ് 1982 ലാണ് രൂപം കൊണ്ടത്. കാര്‍ഷിക, ഗ്രാമപ്രദേശങ്ങളില്‍ വികസന വായ്പ നല്‍കുന്ന പ്രധാന ഏജന്‍സികളിലൊന്നായ നബാര്‍ഡിന്റെ വായ്പയുടെ പകുതിയിലധികവും വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളുമാണ്.

ഇന്ത്യയിലെ ഒരു പരമോന്നത വികസന ധനകാര്യ സ്ഥാപനമാണ് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ്് റൂറല്‍ ഡെവലപ്‌മെന്റ് ( നബാര്‍ഡ് ). രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ കാര്‍ഷിക-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വായ്പയുമായി ബന്ധപ്പെട്ട നയങ്ങളുടെ ആസൂത്രണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ക്കു വേണ്ടിയാണ് നബാര്‍ഡ് രൂപവത്കരിച്ചത്. ബി. ശിവരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് സ്ഥാപിതമായ നബാര്‍ഡ് റിസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ( എ.സി.ഡി ), ഗ്രാമീണ ആസൂത്രണ, ക്രെഡിറ്റ് സെല്‍ ( ആര്‍.പി.സി ), അഗ്രിക്കള്‍ച്ചറല്‍ റീഫിനാന്‍സ് ആന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ( എ.ആര്‍.ഡി.സി ) എന്നിവ ലയിപ്പിച്ചാണ് രൂപവത്കരിച്ചത്.

കാര്‍ഷിക, ഗ്രാമപ്രദേശങ്ങളില്‍ വികസന വായ്പ നല്‍കുന്ന പ്രധാന ഏജന്‍സികളില്‍ ഒന്നാണ് നബാര്‍ഡ്. ഇന്ത്യയിലെ കാര്‍ഷിക, ഗ്രാമവികസനത്തിനായുള്ള പ്രത്യേക ബാങ്കാണിത്. ഇത് കാര്‍ഷിക മേഖലയെയും ഗ്രാമവികസനത്തെയും പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നു. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ആക്റ്റ് 1981 പ്രകാരം 1982 ജൂലായ് 12 നാണ് നബാര്‍ഡ് സ്ഥാപിച്ചത്. വിവിധ ഗ്രാമവികസന പരിപാടികള്‍ നടപ്പാക്കുന്നതില്‍ സജീവ പങ്കുവഹിക്കുന്ന പരമോന്നത ഗ്രാമീണ വായ്പാ സ്ഥാപനമാണ് നബാര്‍ഡ്.

പ്രാരംഭ മൂലധനം 100 കോടി രൂപ

നബാര്‍ഡിന്റെ പ്രാരംഭ മൂലധനം 100 കോടി രൂപയായിരുന്നു. കേന്ദ്ര ഗവണ്‍മെന്റും റിസര്‍വ് ബാങ്കും തമ്മിലുള്ള ഓഹരി മൂലധനത്തിന്റെ പരിഷ്‌കരണത്തിന്റെ ഫലമായി 2017 മെയ് 31 ലെ പണമടച്ച മൂലധനം 6,700 കോടി രൂപയായി. 6,700 കോടി രൂപ ( 100 ശതമാനം ഓഹരി ) യും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. 30,000 കോടി രൂപയാണ് അംഗീകൃത ഓഹരി മൂലധനം. ഗ്രാമീണ വായ്പയുടെ 50 ശതമാനത്തിലധികം സഹകരണ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ( ആര്‍.ആര്‍.ബി ) വിതരണം ചെയ്യുന്നു. സഹകരണ ബാങ്കുകളുടെയും ആര്‍.ആര്‍.ബി. കളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും നബാര്‍ഡിന് ഉത്തരവാദിത്തമുണ്ട്.

കാര്‍ഷിക മേഖലയുടെയും ഗ്രാമവികസനത്തിന്റെയും വൈവിധ്യമാര്‍ന്ന വായ്പാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള ശക്തവും കാര്യക്ഷമവുമായ ഗ്രാമീണ വായ്പാ സംവിധാനം പ്രദാനം ചെയ്യുന്നതിനായി നബാര്‍ഡ് പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ വായ്പയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കും റീഫിനാന്‍സ് സൗകര്യങ്ങളും നബാര്‍ഡ് നല്‍കുന്നു. ഗ്രാമീണ വായ്പാ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കുന്നു. ഈ ഏജന്‍സികളില്‍ സഹകരണ വായ്പാ സ്ഥാപനങ്ങള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മാര്‍ക്കറ്റ് വായ്പകള്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വായ്പകള്‍, വിദേശത്തു നിന്ന് വിദേശ കറന്‍സിയിലുള്ള വായ്പകള്‍ എന്നിവയിലൂടെ നബാര്‍ഡ് ധനസമാഹരണം നടത്തും . ഇവ കൂടാതെ ആര്‍.ബി.ഐ. യില്‍ നിന്നു ഫണ്ട് കടമെടുക്കുന്നു.

നബാര്‍ഡിന്റെ ആസ്ഥാനം മുംബൈയിലാണ്. നബാര്‍ഡ് റീജിയണല്‍ ഓഫീസിന് ഒരു ചീഫ് ജനറല്‍ മാനേജരുണ്ട്. കൂടാതെ, ഹെഡ് ഓഫീസിന് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാര്‍ , മാനേജിങ്് ഡയരക്ടര്‍മാര്‍ , ചെയര്‍പേഴ്‌സണ്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുണ്ട്. രാജ്യത്താകമാനം 336 ജില്ലാ ഓഫീസുകളാണുള്ളത്. ശ്രീനഗറില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നു. ആറു പരിശീലന സ്ഥാപനങ്ങളാണ് നബാര്‍ഡിനുള്ളത്. ഗോവിന്ദ് രാജുലു ചിന്താലയാണ് നബാര്‍ഡ് ചെയര്‍മാന്‍.

സംസ്ഥാന സഹകരണ ബാങ്കുകള്‍ , ജില്ലാ സഹകരണ കേന്ദ്ര ബാങ്കുകള്‍ , പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ( ആര്‍.ആര്‍.ബി ) എന്നിവയുടെ മേല്‍നോട്ടവും ഈ ബാങ്കുകളുടെ നിയമപരമായ പരിശോധനകളും നബാര്‍ഡാണ് നടത്തുന്നത്. കുടില്‍ , ചെറുകിട , ഗ്രാമ വ്യവസായങ്ങള്‍, മറ്റ് ഗ്രാമീണ വ്യവസായങ്ങള്‍ എന്നിവയുടെ വികസനം നോക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് നബാര്‍ഡ്. സഹകരണ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും ലൈസന്‍സ് അനുവദിക്കാന്‍ റിസര്‍വ് ബാങ്കിന് ശുപാര്‍ശ നല്‍കുന്നത് നബാര്‍ഡാണ്.

നേരിട്ട് വായ്പ നല്‍കില്ല

ക്യഷിക്കും ഗ്രാമവികസനത്തിനും സാമ്പത്തിക സഹായങ്ങളും മറ്റും നല്‍കുന്നതിനാണ് നബാര്‍ഡ് സ്ഥാപിതമായത്. താഴ്ന്ന വരുമാനക്കാരുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട്് രൂപവത്കരിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് കാര്‍ഷിക – ഗ്രാമീണ ജനതയ്ക്ക് , സഹായം വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ആധികാരിക സ്ഥാപനമായാണ് സഹകരണസംഘങ്ങളെ നബാര്‍ഡ് കണക്കാക്കുന്നത്. പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കോ വ്യക്തികള്‍ക്കോ നബാര്‍ഡ് നേരിട്ടുള്ള വായ്പാ സൗകര്യങ്ങള്‍ നല്‍കുന്നില്ല. സഹകരണ ബാങ്കിലൂടെയും സൊസൈറ്റികളിലൂടെയുമാണ് വായ്പ ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നത്.

സംയോജിത ഗ്രാമവികസന പദ്ധതി ( ഐ.ആര്‍.ഡി.പി ) പ്രകാരം രൂപവത്കരിച്ച പദ്ധതികള്‍ക്ക് നബാര്‍ഡ് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു. ഐ.ആര്‍.ഡി.പി. നടത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഐ.ആര്‍.ഡി.പി. അക്കൗണ്ടുകള്‍ക്ക് പുനര്‍വായ്പ ക്രമീകരിക്കുന്നു. ഐ.ആര്‍.ഡി.പി.ക്കു കീഴില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അവര്‍ക്ക് 100 ശതമാനം പുനര്‍വായ്പക്കുള്ള പിന്തുണ നല്‍കുന്നതും നബാര്‍ഡാണ്. പ്രാദേശിക തലത്തില്‍ ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടി സന്നദ്ധ ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന സ്വാശ്രയ ഗ്രൂപ്പുകള്‍ ( എസ്.എച്ച്.ജി ) തമ്മില്‍ ബന്ധം സ്ഥാപിക്കുന്നു.

ദേശീയ നീരൊഴുക്ക് വികസന പദ്ധതിയുടെയും തരിശുഭൂമി വികസനത്തിനുള്ള ദേശീയ ദൗത്യത്തിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് പുനര്‍വായ്പ നല്‍കുന്നു. ജില്ലാ തലത്തില്‍ ഇതിന് ഒരു നിരീക്ഷണ സംവിധാനമുണ്ട്. അതിനു കീഴില്‍ ഒരു ജില്ലയില്‍ വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികളുടെ പഠനം നടത്തുകയും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. പാവപ്പെട്ട കര്‍ഷകര്‍ക്ക് വായ്പയും വികസന പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ വികാസ് വാഹിനി ‘ പരിപാടികളെയും നബാര്‍ഡ് പിന്തുണയ്ക്കുന്നു.

നബാര്‍ഡിന്റെ 2019-20 വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് 2018 മാര്‍ച്ച് 31 വരെ 95,238 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണുള്ളത്. ഇവയിലാകെ 13.05 കോടി അംഗങ്ങളാണുള്ളത്. ഇവരില്‍ 39 ശതമാനം പേരും കടം വാങ്ങുന്നവരാണ്.

2019-20 ല്‍ കാര്‍ഷിക മേഖലയിലേക്കുള്ള വായ്പ 13.68 ലക്ഷം കോടി രൂപയിലെത്തിയതായി നബാര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദ് രാജുലു ചിന്താല വാര്‍ഷിക റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 8.8 ശതമാനം കൂടുതലാണ്. ഈ വായ്പയില്‍ 2.25 ലക്ഷം കോടി രൂപ പുനര്‍വായ്പയായി നല്‍കിയതാണ് – അദ്ദേഹം വ്യക്തമാക്കി.

സഹകരണ, ഗ്രാമീണ വായ്പാ മേഖലയുടെ വികസനം

സഹകരണ ഗ്രാമീണ വായ്പാ മേഖലയുടെ വികസനത്തിനായി കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ക്കും സഹകരണ ഗ്രാമീണ ബാങ്കുകള്‍ക്കും നയ, സാമ്പത്തിക, സാങ്കേതിക, വിജ്ഞാന മേഖലകളുടെ വികസന പദ്ധതികള്‍ക്കായി വിവിധ തരത്തിലുള്ള സഹായങ്ങള്‍ നബാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക സഹായം നല്‍കുന്നതിനായി ഒരു സഹകരണ വികസന ഫണ്ടും നയപരമായ പദ്ധതി രൂപവത്കരണത്തിനായി കണ്‍സല്‍ട്ടന്‍സികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സാങ്കേതികം, വിജ്ഞാനം , കാര്യശേഷി വികസനം മുതലായ മേഖലകളുടെ വികസനത്തിനായി പരിശീലന കേന്ദ്രങ്ങള്‍ വഴിയും ലഖ്്നൗവിലെ ‘സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എക്സലന്‍സ് ഇന്‍ കോ-ഓപ്പറേറ്റീവ്സ് ‘ ( സി-പെക് ) എന്ന സ്ഥാപനം വഴിയും നബാര്‍ഡ് പരിശീലനം നല്‍കുന്നു.

പാക്‌സ് വികസന സെല്ലിന് ഗ്രാന്റ്

പ്രാഥമിക സഹകരണ വായ്പാ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കുകളിലും ‘ പാക്സ് വികസന സെല്ലുകള്‍ ‘ ( PDC ) രൂപവത്കരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും നബാര്‍ഡ് ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്. 2019-20 ല്‍ സഹകരണ വികസന ഫണ്ടില്‍ നിന്നു ആകെ 17.9 കോടി രൂപയുടെ ധനസഹായം ഹ്രസ്വ – ദീര്‍ഘകാല വായ്പാ മേഖലയുടെ വികസനത്തിനായി നബാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് 10.4 കോടി രൂപയും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വികസന സെല്ലിന് ( PDC ) 25 ലക്ഷം രൂപയും ബാങ്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റിന്റെ കാര്യശേഷി വികസന പദ്ധതിക്ക് 1.54 കോടി രൂപയും പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസന പദ്ധതിക്ക് 2.18 കോടി രുപയും സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എക്സലന്‍സ് ഇന്‍ കോ-ഓപ്പറേറ്റീവിന്റെ പരിശീലന പദ്ധതികള്‍ക്ക്് 1.2 കോടി രൂപയുമാണ് നബാര്‍ഡ് ധനസഹായമായി നല്‍കിയത്. ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കുകളിലും രൂപവത്കരിക്കുന്ന പാക്‌സ് വികസന സെല്ലുകള്‍ വഴി 2019-20 ല്‍ നബാര്‍ഡ് 20 സംസ്ഥാനങ്ങളിലായി 2556 പ്രാഥമിക സംഘങ്ങള്‍ക്ക് ധനസഹായം നല്‍കി.

സിക്കിം, മിസോറാം, കാശ്മീര്‍, ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനം, അപര്യാപ്തമായ അടിസ്ഥാന സൗകര്യം, ശുഷ്‌കമായ സഹകരണ വായ്പാമേഖല എന്നിവ കണക്കിലെടുത്ത് ഈ പ്രദേശങ്ങളിലെ സഹകരണ വായ്പാ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനായി ഒരു പ്രത്യേക പാക്കേജ്തന്നെ നബാര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ഈ പാക്കേജില്‍ നിന്നു നടപ്പ് സാമ്പത്തിക വര്‍ഷം മിസോറാം, സിക്കിം എന്നിവിടങ്ങളിലെ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് യഥാക്രമം 95.08 ലക്ഷം, 90.57 ലക്ഷം രൂപയുടെ ഗ്രാന്റ് നബാര്‍ഡ് അനുവദിച്ചിട്ടുണ്ട്.


ആധുനിക സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുത്തുന്നതുമായും ബിസിനസ്സിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതുമായും ബന്ധപ്പെട്ട് വളരെയധികം ഭീഷണികള്‍ സൈബര്‍ ലോകത്തുനിന്നു ഉയര്‍ന്നുവരുന്നുണ്ട്. ഈ ഭീഷണികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുന്നതിനും തരണം ചെയ്യുന്നതിനുമായി രാജ്യത്തെ എട്ട് സഹകരണ ഗ്രാമീണ ബാങ്കുകളില്‍ ‘ ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍’ വികസിപ്പിക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനുമായി ഒരു പൈലറ്റ് സ്‌കീം തന്നെ നബാര്‍ഡ് തയാറാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് വേണ്ടി നടപ്പ് സാമ്പത്തിക വര്‍ഷം 16.5 ലക്ഷം രൂപ സഹകരണ വികസന ഫണ്ടില്‍ നിന്നു ഗ്രാന്റായി അനുവദിച്ചു.

രാജ്യത്തെ വിവിധ സഹകരണ പരിശീലന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി BIRD ( ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ഡവലപ്‌മെന്റ് ) ന്റെ കീഴില്‍ ലഖ്‌നൗവില്‍ സി-പെക് രൂപവത്കരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം നാല് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് പരീക്ഷകള്‍ നടത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ വികസനത്തിനും അവയുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കുന്നതിനും അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും നബാര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് പരിശീലന പദ്ധതികളും റിസര്‍ച്ച് , കണ്‍സള്‍ട്ടന്‍സി സേവനങ്ങളും BIRD മുഖേന നബാര്‍ഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, പ്രവര്‍ത്തനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സഹകരണ ബാങ്കുകളുടെ കാര്യശേഷി കൂട്ടുന്നതിനും റേറ്റിംഗ് വര്‍ധിപ്പിക്കുന്നതിനും നബാര്‍ഡ്, സി-പെക്, BIRD എന്നിവയുടെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ്പുകളും പരിശീലന പരിപാടികളും നല്‍കിവരുന്നു.

സഹകരണ ഗ്രാമീണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുക, പ്രശ്നപരിഹാര നിര്‍ദേശങ്ങള്‍ നല്‍കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക, ലാഭക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നീതി ആയോഗ് പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരുകള്‍, തിരഞ്ഞെടുത്ത സംസ്ഥാന സഹകരണ ബാങ്കുകള്‍ / ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നബാര്‍ഡ് ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!