ബദല്‍ ജീവിത മാര്‍ഗമായി സഹകരണപ്രസ്ഥാനം

moonamvazhi

– വി.എന്‍. പ്രസന്നന്‍

ആധുനികകാലത്തു പഴയ കാലത്തെക്കാള്‍ ഏറെ പസക്തമാണു
സഹകരണ പ്രസ്ഥാനമെന്നു മെക്‌സിക്കോ തെളിയിക്കുന്നു. വികസിത
രാജ്യങ്ങളിലേക്കുള്ള വന്‍കുടിയേറ്റത്തിനു ബദലായി അവര്‍
അവിടെത്തന്നെ വളരുന്നു. ആധുനിക മാനേജുമെന്റ് രീതികളുടെ
പ്രാധാന്യം മനസ്സിലാക്കുന്നു. ഒപ്പം, സഹകരണ സംസ്‌കാരമുണ്ടെങ്കില്‍
ദേശത്തനിമ നിലനിര്‍ത്തിയും ബാഹ്യരീതികള്‍ തിരസ്‌കരിച്ചും വളരാമെന്നും
മെക്‌സിക്കോ ലോകത്തോട് പറയുന്നു.

 

മെക്‌സിക്കോയിലെ ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളുടെ യൂണിയനിലെ ( യു.സി.സി.എ ) പ്രധാനപ്പെട്ട മൂന്നു സ്ഥാപനങ്ങളാണു പെഡ്രോ എസ്‌ക്വിഡ, ന്യൂട്രിമെന്റോസ്, പ്രോലിയ എന്നിവ. 2015 ലെ കണക്കനുസരിച്ച് മെക്‌സിക്കോയില്‍ ഏറ്റവും കൂടുതല്‍ ധാന്യം ഉപയോഗിച്ച സഹകരണ സ്ഥാപനങ്ങളാണിവ. 1993 ല്‍ 25 അംഗങ്ങളുമായി തുടങ്ങിയതാണു ‘പെഡ്രോ എസ്‌ക്വിഡ’. സാന്‍ ജുവാന്‍ ഡി ലോസ് ലഗോസിലാണു ഇതു സ്ഥിതിചെയ്യുന്നത്. പുരോഹിതരാണു രൂപവത്കരണ മാര്‍ഗനിര്‍ദേശം നല്‍കിയത്. കൂട്ടായി ഫാം സാമഗ്രികള്‍ വാങ്ങിയാല്‍ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാമെന്ന് അവര്‍ ഉദ്‌ബോധിപ്പിച്ചു. സഭ ഭൂമിയും മറ്റും നല്‍കി. ഡയരക്ടര്‍ബോര്‍ഡ്, ജനറല്‍ അസംബ്ലി, മേല്‍നോട്ടസമിതി എന്നിവയോടൊപ്പം ജനറല്‍ മാനേജര്‍, അക്കൗണ്ടിംഗ് വിഭാഗം, ഓപ്പറേഷന്‍സ് വിഭാഗം എന്നിവയടങ്ങിയ ഒരു മാനേജുമെന്റ് ടീമുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇവരാണ്. 2015 ല്‍ സംഘത്തിന് 423 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അംഗങ്ങള്‍ സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും സ്ഥാപനത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ബാധ്യസ്ഥരാണ്. യു.സി.സി.എ. യില്‍നിന്നു വര്‍ഷം 11,400 ടണ്‍ ധാന്യം പെഡ്രോ എസ്‌ക്വിഡ വാങ്ങുന്നുണ്ട്. യു.സി.സി.എ.യുടെ ആകെ വാങ്ങലിന്റെ 14 ശതമാനമാണിത്. ഗുണനിലവാരത്തിനും മികച്ച വിലയ്ക്കും പുറമെ ആരോഗ്യ ഇന്‍ഷുറന്‍സ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, അംഗങ്ങളുടെ മക്കള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയും പെഡ്രോ എസ്‌ക്വിഡ നല്‍കുന്നുണ്ട്.

ന്യൂട്രിമെന്റോസ്

1985 ല്‍ 145 അംഗങ്ങളുമായി തുടങ്ങിയതാണിത്. വല്ലെ ഡി ഗ്വാഡലൂപ്പിലാണ് ആസ്ഥാനം. ധാന്യങ്ങള്‍ മൊത്തമായി വാങ്ങല്‍, നല്ലവില ലഭ്യമാക്കല്‍, ഗുണനിലവാരമുള്ള കോണ്‍സണ്‍ട്രേറ്റുകള്‍ നല്‍കല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. 2015 ലെ കണക്കു പ്രകാരം ഇതിനു 166 അംഗങ്ങളുണ്ട്. ആരംഭിച്ച് ഇതുവരെയുള്ള കാലത്തിനകം 130 ശതമാനം ഉല്‍പ്പാദന വര്‍ധന കൈവരിക്കാന്‍ കഴിഞ്ഞു. പാല്‍വില കുറവാണെന്നതും യു.എസ്.എ.യില്‍നിന്നുള്ള പാല്‍പ്പൊടി ഇറക്കുമതിമൂലമുള്ള മത്സരവുമാണു ന്യൂട്രിമെന്റോസ് അടക്കമുള്ള സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളി.

പ്രോലിയ

1991 ല്‍ സ്ഥാപിച്ചതാണിത്. അക്കാറ്റിക് ആണ് ആസ്ഥാനം. സ്വകാര്യ കമ്പനികളുടെ ചൂഷണത്തില്‍നിന്നുള്ള രക്ഷയ്ക്കാണു പ്രോലിയ സ്ഥാപിച്ചത്. 44 അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. ജനറല്‍ മാനേജരുടെ കീഴില്‍ ഒരു ഓപ്പറേഷണല്‍ ടീം പ്രോലിയയ്ക്കുണ്ട്. 2015 ല്‍ ഇതിന്റെ അംഗത്വം 575 ആയി. സക്രിയാംഗത്വം നിലനിര്‍ത്താന്‍ അംഗങ്ങള്‍ക്കു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനം പങ്കാളിത്തം ഉണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അംഗങ്ങള്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങുകയോ തീറ്റപ്പുല്ലുകളും മറ്റും വില്‍ക്കുകയോ വേണം. ഇല്ലെങ്കില്‍ അംഗത്വം പോകും. വന്‍തോതില്‍ അംഗങ്ങളെ ആകര്‍ഷിച്ചതിനാല്‍ പ്രോലിയയുടെ ബിസിനസ് നന്നായി വര്‍ധിച്ചു. ലാഭം മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപിക്കുന്നു. യു.സി.സി.എ.യുടെ ഏറ്റവും വലിയ ധാന്യോപഭോക്താവു പ്രോലിയയാണ്. 91 ല്‍ തുടങ്ങുമ്പോള്‍ 44 ക്ഷീരകര്‍ഷകരില്‍നിന്നുള്ള പാല്‍ ശേഖരിച്ചു വിതരണം ചെയ്യുകയാണു ചെയ്തിരുന്നത്. 93 ല്‍ ഒരു കാലിത്തീറ്റ മിശ്രണശാല സ്ഥാപിച്ചു. പിന്നീടു ധാന്യം സംഭരിക്കാനുള്ള കേന്ദ്രം തുടങ്ങി. 1994 ല്‍ പശുക്കളുടെ പോഷകാഹാരം മെച്ചപ്പെടുത്താനുള്ള സേവനങ്ങള്‍ നല്‍കിത്തുടങ്ങി. 95 ല്‍ കര്‍ഷകര്‍ക്കു യന്ത്രസാമഗ്രികള്‍ ലഭ്യമാക്കാന്‍ ആരംഭിച്ചു. കന്നുകുട്ടിപരിപാലനവും ആരംഭിച്ചു. 2005 ല്‍ കൂടുതല്‍ യന്ത്രസാമഗ്രികള്‍ അടക്കമുള്ള സേവനങ്ങളിലേക്കും വായ്പകള്‍ നല്‍കുന്നതിലേക്കും വളര്‍ന്നു. 2006 ല്‍ അക്കൗണ്ടിംഗ് സേവനങ്ങള്‍ ആരംഭിച്ചു. 2008 ല്‍ സ്വന്തം ബ്രാന്റില്‍ ക്ഷീരവിപണനത്തിനായി ഡെയറി പ്ലാന്റ് സ്ഥാപിച്ചു. 2010 ല്‍ കൂടുതല്‍ ധാന്യസംഭരണകേന്ദ്രങ്ങള്‍ വാങ്ങി. പ്രൊഫഷണല്‍ മികവുനേടാന്‍ അംഗങ്ങള്‍ക്കു പരിശീലനങ്ങളും ഡെയറി ഫാം കോഴ്‌സുകളും നടത്തുന്നു; ഡയരക്ടര്‍മാര്‍ക്കായി മാനേജുമെന്റ് കോഴ്‌സുകളും. വെറ്ററിനേറിയനെ അധികം ആശ്രയിക്കാതിരിക്കാന്‍ സാങ്കേതിക പരിശീലനം കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട്.

ബദല്‍
ജീവിതമാര്‍ഗം

ഗുവാണജുവാട്ടോയിലെയും ഒക്‌സാക്കയിലെയും ഗ്രാമീണ സമൂഹങ്ങള്‍ ബദല്‍ ജീവിതമാര്‍ഗമെന്ന നിലയില്‍ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുത്തവരാണ്. 1917 ലെ മെക്‌സിക്കന്‍ ഭരണഘടനയുടെ 27-ാംവകുപ്പില്‍ കാര്‍ഷികപരിഷ്‌കരണവും ഭൂമിയുടെയും എണ്ണയുടെയും ധാതുവിഭവങ്ങളുടെയും ദേശസാത്കരണവും വ്യവസ്ഥ ചെയ്തു. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ‘എജിഡോ’ ഭൂമികള്‍ നിലവില്‍ വന്നത്. വന്‍കിട ഭൂവുടമകളില്‍നിന്നു പിടിച്ചെടുത്ത ഭൂമികള്‍ കൂട്ടായി കൈവശ്യം വച്ചു കൂട്ടായി കൃഷിചെയ്യാന്‍ ജനസമൂഹങ്ങള്‍ക്കു നല്‍കുന്ന സംവിധാനമാണിത്. ഈ ഭൂമി ഖണ്ഡങ്ങളായി കര്‍ഷകര്‍ക്കു നല്‍കി. ഇവ പാരമ്പര്യമായി കൈമാറാമെങ്കിലും വില്‍ക്കാനോ പാട്ടത്തിനു കൊടുക്കാനോ പാടില്ല.

1991 ല്‍ കൃഷിഭൂമിയുടെ 55 ശതമാനവും ‘എജിഡോ’ മേഖലയായിരുന്നു. 1991 നുശേഷം സ്വകാര്യവത്കരണാനുകൂലചിന്ത പ്രബലമായി. ഉത്തര അറ്റ്‌ലാന്റിക് സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പിട്ടു. ‘എജിഡോ’ ഭൂമികള്‍ വില്‍ക്കുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യാമെന്ന ഭേദഗതി വന്നു. കര്‍ഷകര്‍ക്ക് ആഭ്യന്തര-വിദേശ നിക്ഷേപകരുമായി സംരംഭങ്ങളില്‍ ഏര്‍പ്പെടാമെന്നായി. ഇത് അതതു പ്രദേശത്തെ സമ്പന്നര്‍ക്കും പുറമെനിന്നുള്ളവര്‍ക്കും ഭൂമി കൈയടക്കാന്‍ സഹായകമായി.

അതേസമയം, സ്വതന്ത്ര വ്യാപാരക്കരാര്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. 1993-94 ല്‍ ഷൂ, തുകല്‍ വ്യവസായങ്ങളില്‍ 50 ശതമാനത്തിലേറെ ഉല്‍പ്പാദനനഷ്ടവും തൊഴില്‍നഷ്ടവുമുണ്ടായി. വസ്ത്ര നിര്‍മാണ സ്ഥാപനങ്ങളില്‍ 40 ശതമാനവും പൂട്ടി. യു.എസ്.എ.യില്‍നിന്നുള്ള ധാന്യ ഇറക്കുമതി വര്‍ധിച്ചു. ഇക്കാലത്താണ് ഏറ്റവും കൂടുതല്‍ മെക്‌സിക്കോക്കാര്‍ യു.എസ്.എ.യിലേക്കു കുടിയേറിയത്. ഇതു ‘ബദല്‍ലോക പ്രസ്ഥാന’ത്തിനു (അഹലേൃിമശേ്‌ല ണീൃഹറ ങീ്‌ലാലി േ അഹലേൃാൗിറശേെമ) ജന്‍മം നല്‍കി. പ്രകൃതിവിഭവ ചൂഷണം കുറയ്ക്കണമെന്നും സാമ്പത്തികാവസര തുല്യത വേണമെന്നും പ്രസ്ഥാനം ആവശ്യപ്പെട്ടു. സഹകരണ പ്രസ്ഥാനം എന്ന ആശയത്തെ ഇതു ശക്തിപ്പെടുത്തി. പ്രാദേശികവിപണിയെ ശക്തിപ്പെടുത്താനും ഭൂമിനഷ്ടവും കുടിയേറ്റവും കുറയ്ക്കാനും സഹകരണ പ്രസ്ഥാനത്തിനു കഴിയുമെന്ന അഭിപ്രായം ഉയര്‍ന്നു. 1994 ല്‍ ചിയാപ്പാസിലെ സപാറ്റിസ്റ്റകള്‍ ( ദമുമശേേെമ െ) ബഹുമുഖപോരാട്ടത്തിന്റെ ഭാഗമായി കാര്‍ഷിക സഹകരണ സംഘങ്ങളുടെ ശൃംഖല കെട്ടിപ്പടുത്തു.

കുടിയേറ്റം
തടയുന്നു

ഗുവാണജുവാട്ടോയില്‍ 2000 ല്‍ 1,63,000 പേര്‍ യു.എസ്.എ.യിലേക്കു കുടിയേറിയിരുന്നു. 2005 ല്‍ 53,000 പേര്‍ ജീവിതമാര്‍ഗം തേടി മെക്‌സിക്കോയുടെതന്നെ വിവിധ പ്രദേശങ്ങളിലേക്കു പോയി. ഓക്‌സാക്കയിലാകട്ടെ 2005 ല്‍ ജനസംഖ്യയുടെ 15 ശതമാനം അവിടം വിട്ടു. അതില്‍ 18 ശതമാനവും യു.എസ്.എ.യിലേക്കാണു പോയത്. ഈ സാഹചര്യത്തില്‍ ഒരു ബദല്‍മാര്‍ഗമായി സഹകരണ പ്രസ്ഥാനം വന്നു. ഗുവാണജുവാട്ടോയിലെ തക്കാളിക്കൃഷിക്കാരുടെ സഹകരണ സംഘം അങ്ങനെ ഉണ്ടായതാണ്. ദാരിദ്ര്യ ലഘൂകരണം, കുടിയേറ്റം തടയല്‍, ആഭ്യന്തര വിപണിയെ പ്രതിരോധിക്കല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. ഓക്‌സാക്കയിലെ ഭവന സഹകരണ സംഘവും ഇങ്ങനെയുണ്ടായതാണ്. കുടിയേറ്റം തടയുകയും തദ്ദേശീയര്‍ക്കു സുസ്ഥിര ജീവിതം പ്രദാനം ചെയ്യുകയുമാണ് ഉദ്ദേശ്യങ്ങള്‍.

അധ്വാനശേഷിയുള്ള പ്രായക്കാര്‍ നല്ലൊരു ഭാഗവും യു.എസ്.എ.യിലേക്കു കുടിയേറിയപ്പോള്‍ കൃഷിപ്പണിക്ക് ആളെ കിട്ടാതായി. സ്വകാര്യവത്കരണം നല്ലൊരു ഭാഗം ഭൂമിയും വന്‍കിടക്കാരുടെ കൈയിലാക്കി. അവര്‍ക്കു ഭൂമി വില്‍ക്കാതെ പിടിച്ചുനിന്നവര്‍ ജീവിക്കാന്‍ കൃഷിക്കു പുറമെ മറ്റു ജോലികളും ചെയ്യാന്‍ നിര്‍ബന്ധിതരായി. അപ്പോള്‍ അവര്‍ക്കു പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായി. കൂട്ടുകൃഷിസ്ഥലങ്ങളിലെ കര്‍ഷകരെന്ന നിലയിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 2006 ല്‍ ഗുവാണജുവാട്ടോയിലെ കൂട്ടുകര്‍ഷകരില്‍ ആറു പേര്‍ ഒരു സഹകരണ സംഘം സ്ഥാപിച്ചു. മെക്‌സിക്കോയിലെ ഒരു അന്താരാഷ്ട്ര സര്‍ക്കാരിതര സന്നദ്ധ സംഘടനയുടെ ( എന്‍.ജി.ഒ ) സഹായത്തോടെയായിരുന്നു ഇത്. അങ്ങനെ 2007 ല്‍ പ്രാദേശിക വിപണിക്കായി ജൈവതക്കാളി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഉല്‍പ്പാദക സഹകരണ സംഘം സ്ഥാപിച്ചു. വായ്പയും ഇതര സഹകരണ സംരംഭങ്ങളുമൊത്തു പ്രവര്‍ത്തിക്കാനുള്ള സൗകര്യവും എന്‍.ജി.ഒ. ഒരുക്കി. 2008 ല്‍ ഗ്രീന്‍ഹൗസും മറ്റും നിര്‍മിച്ചു സഹകരണസംഘം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. എന്‍.ജി.ഒ.യുടെ സഹകരണത്തോടെ ഒരു അന്താരാഷ്ട്ര ശൃംഖലാസംവിധാനം ഇവര്‍ രൂപവത്കരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി യു.എസ്.എ, മെക്‌സിക്കോ, ക്യൂബ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇവിടെ ഇന്റേണുകളായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നു. ഇന്റേണുകള്‍ സഹകരണ സംഘാംഗങ്ങളുടെ വീടുകളില്‍ താമസിച്ചാണു പ്രവര്‍ത്തിക്കുക. സര്‍വേ നടത്തുക, വില്‍പനയൊരുക്കങ്ങളില്‍ സഹായിക്കുക, വെബ്‌സൈറ്റിനു ലേഖനങ്ങളും വാര്‍ത്താക്കുറിപ്പുകളും തയാറാക്കുക തുടങ്ങിയവയാണ് ഇന്റേണുകളുടെ പ്രവര്‍ത്തനം. 2008 ജൂലായില്‍ സംഘം ആദ്യവിളവെടുപ്പു നടത്തി. ഇതു വിജയിച്ചു. തുടര്‍ന്നു മറ്റു ജൈവപച്ചക്കറിയിനങ്ങളും ഇവര്‍ കൃഷി ചെയ്തുതുടങ്ങി.

ഭവന സഹകരണ
സംഘം

ഓക്‌സാക്കയിലെ ഭവന സഹകരണ സംഘം 1988 ല്‍ ആറു പേര്‍ ചേര്‍ന്നാണു രൂപവത്കരിച്ചത്. കര്‍ഷക നേതാക്കളും കത്തോലിക്കാസഭയും തൊഴിലാളികളും എന്‍.ജി.ഒ.കളും സഹായിച്ചു. പിന്നീടു സംഘത്തില്‍ അംഗഉടമസ്ഥര്‍ വര്‍ധിച്ചു. തുടക്കത്തില്‍ 100 വീടായിരുന്നതു 150 വീടായി. ഹരിത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇവിടെ കാറുകള്‍ അനുവദിക്കില്ല. സ്വന്തം ജലസേചന സംവിധാനവും മലിനജല സംസ്‌കരണ സംവിധാനവും സൗരോര്‍ജവും ജൈവവള നിര്‍മാണവുമുണ്ട്. ഗ്രീന്‍ഹൗസുകളില്‍ മത്സ്യത്തെയും മുയലുകളെയും കോഴികളെയും വളര്‍ത്തുകയും ജൈവതക്കാളികള്‍ കൃഷി ചെയ്യുകയും ചെയ്യുന്നു. ജൈവവളം-മണ്ണിരകള്‍, ജൈവകാപ്പി, കാട്ടുതേന്‍, ഫലവൃക്ഷത്തെകള്‍ എന്നിവയുടെ വില്‍പ്പനയും വിവിധ പ്രൊജക്ടുകളും വഴിയാണു വരുമാനം. ഭക്ഷ്യസുരക്ഷയുള്ള സ്വയംഭരണ സമൂഹ മാതൃകയാണു ലക്ഷ്യം. ഇത്തരം തദ്ദേശ സമൂഹങ്ങള്‍ക്കു സാങ്കേതികസഹായം നല്‍കുകയും ചെയ്യും. എന്‍.ജി.ഒ.കളും അന്താരാഷ്ട്ര ഏജന്‍സികളും സര്‍ക്കാര്‍ അധികൃതരും പാശ്ചാത്യ മാനേജ്‌മെന്റുരീതികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും ബാഹ്യമായി അടിച്ചേല്‍പ്പിക്കുന്ന വികസന മാതൃകകള്‍ വേണ്ടെന്നാണു തീരുമാനം. അന്താരാഷ്ട്ര എന്‍.ജി.ഒ.കളോടുള്ള സാമ്പത്തികാശ്രിതത്വം ഒഴിവാക്കുക എന്നത് ഇവര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഇതിനായി ഓക്‌സാക്കയ്ക്കു പുറത്തെ ഗ്രാമീണ സമൂഹങ്ങളില്‍ സൗരോര്‍ജ പദ്ധതിയും ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപിക്കലും പോലുള്ള സുസ്ഥിരമായ കാര്‍ഷിക പ്രൊജക്ടുകളിലേക്ക് ഇവര്‍ പ്രവര്‍ത്തനം വിപുലമാക്കി. ഇതു യൂറോപ്പിലും യു.എസ്.എ.യിലുംനിന്നു സന്നദ്ധപ്രവര്‍ത്തകരെ ആകര്‍ഷിച്ചു. 2008 ല്‍ യു.എസ്.എ.യിലെ ഒരു കുടുംബം ഇവരോടൊപ്പം താമസിച്ചുപ്രവര്‍ത്തിച്ചു. ഒരു ബെല്‍ജിയന്‍ യുവതി ആശയവിനിമയ സംവിധാനങ്ങളുടെ വിന്യാസച്ചുമതല ഏകോപിപ്പിച്ചു.

സപാറ്റിസ്റ്റ
കാപ്പിസംഘങ്ങള്‍

മെക്‌സിക്കോയിലെ സഹകരണ പ്രസ്ഥാനത്തില്‍ സപ്പാറ്റിസ്റ്റ കാപ്പി സഹകരണ സംഘങ്ങളുടെ കാര്യം എടുത്തുപറയണം. ചിയാപ്പാസ് സംസ്ഥാനത്താണ് ഇവ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മെക്‌സിക്കോ വലിയ കാപ്പി ഉല്‍പ്പാദക രാജ്യമാണ്. ഇതില്‍ ചിയപ്പാസ് ആണ് ഏറ്റവും വലിയ കാപ്പി ഉല്‍പ്പാദക സംസ്ഥാനം. പക്ഷേ, 1989 ല്‍ അന്താരാഷ്ട്ര കാപ്പിക്കരാറിനെത്തുടര്‍ന്നു തദ്ദേശ കാപ്പി ഉല്‍പ്പാദനത്തിനുള്ള സംരക്ഷണങ്ങള്‍ നിര്‍ത്തലാക്കി. ഐ.എം.എഫിന്റെയും മറ്റും വായ്പ ഉപയോഗിച്ചു കൂടുതല്‍ രാജ്യങ്ങള്‍ കാപ്പിക്കൃഷി തുടങ്ങി. കാപ്പിവില ഇടിഞ്ഞു. ചിയപ്പാസിലെ ധാരാളം കാപ്പിക്കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്കും യു.എസ്സിലേക്കും കുടിയേറി. കൃഷിയും നാടും വിടാന്‍ തയാറല്ലാതിരുന്ന തദ്ദേശജനത സപ്പാറ്റിസ്റ്റ സൈന്യം (സപ്പാറ്റിസ്റ്റ ദേശീയ വിമോചനമുന്നണി ) രൂപവത്കരിച്ച് 1994 ല്‍ കലാപമുണ്ടാക്കി. പല അന്താരാഷ്ട്രസംഘടനകളും ഇതിന്് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അത്തരം സംഘടനകള്‍ സഹകരണ പ്രസ്ഥാന ആശയം പങ്കുവച്ചു. അങ്ങനെ ആദ്യത്തെ സപ്പാറ്റിസ്റ്റ കാപ്പി സഹകരണ സംഘം രൂപവത്കരിച്ചു. ഇടനിലക്കാരെയും അന്താരാഷ്ട്ര വിപണിയെയും ആശ്രയിക്കാതെ കാപ്പി ഉല്‍പ്പാദിപ്പിച്ചു കയറ്റിയയക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. യു.എസ്സിലെ പല ചെറുകിട കോഫീഷോപ്പുകളും ഐക്യദാര്‍ഢ്യക്കൂട്ടായ്മകളും അനുകൂലമായി പ്രതികരിച്ചു.

‘മട്ട്-വിറ്റ്‌സ്’ (ങൗേ്ശ്വേ – കിളികളുടെ പര്‍വതം എന്നര്‍ഥം) ആണു കാപ്പിയുല്‍പ്പാദകരുടെ ആദ്യത്തെ സഹകരണ സംഘം. സപ്പാറ്റിസ്റ്റകള്‍ മാത്രമായിരുന്നു അംഗങ്ങള്‍. 1997 ലാണു സ്ഥാപിച്ചത്. 200 കാപ്പി ഉല്‍പ്പാദകര്‍ ഇതിലുണ്ടായിരുന്നു. 1999 ല്‍ യൂറോപ്പിലേക്കും യു.എസ്സിലേക്കുമായി 35 ടണ്‍ കയറ്റിയയക്കാനായി. പണ്ടത്തെ വിപണനരീതിയെ അപേക്ഷിച്ചു വലിയ വില കിട്ടി. പക്ഷേ, നികുതിക്കുടിശ്ശികയുടെ പേരില്‍ ‘മട്ട്-വിറ്റ്‌സി’ന്റെ സാധന സാമഗ്രികള്‍ കണ്ടുകെട്ടുകയും 2009 ല്‍ സംഘം പിരിച്ചുവിടേണ്ടിവരികയും ചെയ്തു.

2001 ല്‍ പാന്റെല്‍ഹോയില്‍ മറ്റൊരു കാപ്പിയുല്‍പ്പാദക സഹകരണ സംഘം സ്ഥാപിച്ചു. ‘യാച്ചില്‍ ക്‌സോജോബാല്‍ ചുല്‍ച്ചന്‍’ ( ആകാശത്തെ പുതിയ വെളിച്ചം എന്നര്‍ഥം) എന്നാണു പേര്. 328 ഉല്‍പ്പാദകര്‍ ചേര്‍ന്നാണു രൂപവത്കരിച്ചത്. 2002 ല്‍ ‘ഐക്യദാര്‍ഢ്യ വിപണി’യിലേക്ക് ഇവര്‍ ആദ്യ കണ്ടെയ്‌നര്‍ കയറ്റുമതി ചെയ്തു. തുടര്‍ന്ന് ഉല്‍പ്പാദനവും കയറ്റുമതിയും കൂടി.

2002 ല്‍ അല്‍ട്ടാമിറാനോയില്‍ 800 ഉല്‍പ്പാദകര്‍ ‘യോച്ചിന്‍ ടായേല്‍ കിനാല്‍’ ( പുതുഭൂമിയില്‍ പ്രവര്‍ത്തനാരംഭം എന്നര്‍ഥം) എന്ന സംഘം സ്ഥാപിച്ച് ‘ഐക്യദാര്‍ഢ്യ വിതരണ ശൃംഖല’യിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി നടത്തി. 2007 ല്‍ റോബര്‍ട്ടോ ബാരിയോസിലെ ഉല്‍പ്പാദകര്‍ ‘സ്സിറ്റ് ലെക്വില്‍ ലം’ ( ഭൂമാതാവിന്റെ പഴങ്ങള്‍ എന്നര്‍ഥം) എന്ന സംഘം സ്ഥാപിച്ച് 2008 ല്‍ ആദ്യകയറ്റുമതി നടത്തി. വിവിധ സംരംഭങ്ങളിലായി 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കെങ്കിലും സപ്പാറ്റിസ്റ്റാ കാപ്പി കയറ്റിയയക്കുന്നുണ്ട്. ഈ പ്രാദേശിക സംരംഭങ്ങളെ സപ്പാറ്റിസ്റ്റാ ഉല്‍പ്പന്നങ്ങളുടെ വിതരണശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ശൃംഖല രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും യൂറോപ്യന്‍ നഗരത്തില്‍ സമ്മേളിക്കും. സപ്പാറ്റിസ്റ്റാ പോരാട്ടവുമായുള്ള ഐക്യദാര്‍ഢ്യമാണ് ഇവയെ ഒരുമിപ്പിക്കുന്നത്. കാപ്പിവില്‍പന ഇതിനു സാമ്പത്തികബലവുമേകുന്നു.

ദേശീയ
കളപ്പുര

സഹകരണ പ്രസ്ഥാനത്തിന്റെ ഇത്തരം പുനരുജ്ജീവനത്തിന് ഉദാഹരണമാണ് ‘ദേശീയ കളപ്പുര’ (ഋഹ ഏൃമിലൃീ ചമരശീിമഹ ചമശേീിമഹ ഏൃമിമൃ്യ). 2005 ല്‍ തുടങ്ങിയ ഒരു സഹകരണ സ്ഥാപനമാണിത്. വടക്കന്‍ സംസ്ഥാനമായ സകാറ്റികാസിലെ ബീന്‍സ് കര്‍ഷകര്‍ ആരംഭിച്ചതാണിത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുള്ള മൊത്തവ്യാപാര കേന്ദ്രമാണിത്. ഇതുകൊണ്ടു വലിയ പ്രയോജനമുണ്ടായെന്നും ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയതു വന്‍തോതിലുള്ള വില്‍പന സാധ്യമായതിലൂടെയാണെന്നും ഇതിന്റെ പ്രസിഡന്റ് ജോസ് വില്ലെഗാസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ സംഭരണശാലകളില്‍ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും സ്ഥാപനം അവ വില്‍ക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്കു സ്വന്തമായി വാങ്ങാന്‍ കഴിവില്ലാത്ത യന്ത്രസാമഗ്രികളും സ്ഥാപനം വാങ്ങി നല്‍കും. ഈ സംരംഭത്തിന്റെ സംഭരണശാലകളിലായി 8000 ടണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനുള്ള ശേഷിയുണ്ട്. സംരംഭത്തിലെ ഓരോ ഉടമക്കും ശരാശരി 20 ഹെക്ടര്‍ കൃഷിയുണ്ട്. ഒരു ഹെക്ടറില്‍നിന്നു ശരാശരി ഒരു ടണ്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു.

മേല്‍നോട്ട
സ്ഥാപനങ്ങള്‍

മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ കോണ്‍കാമെക്‌സ്, കോണ്‍ഫെകോപ്പ്, ഫോകോപ്പ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. സമ്പാദ്യ-വായ്പാ സഹകരണസംഘങ്ങളുടെ ദേശീയ കോണ്‍ഫെഡറേഷനാണു കോണ്‍കാമെക്‌സ’്. സമ്പാദ്യ-വായ്പാ സഹകരണമേഖലയുടെ വളര്‍ച്ചയ്ക്കും മേല്‍നോട്ടത്തിനുമുള്ള പദ്ധതികളും സംവിധാനങ്ങളും രൂപകല്‍പന ചെയ്തു പ്രചരിപ്പിച്ചു നടപ്പാക്കലാണു ചുമതല. വിവിധതരം സഹകരണ സ്ഥാപനങ്ങളുടെ ദേശീയ കോണ്‍ഫെഡറേഷനാണു കോണ്‍ഫെകോപ്പ്. 1988 ല്‍ സ്ഥാപിച്ചതാണിത്. നിര്‍മാണ, സേവനമേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ മേഖലാ അസോസിയേഷനുകളെ ഏകോപിപ്പിക്കലാണു ചുമതല. മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലെ മേഖലാ അസോസിയേഷനുകളുടെ പ്രാതിനിധ്യം ഇതിനുണ്ട്. സമ്പാദ്യ-വായ്പാ സഹകരണ സ്ഥാപനങ്ങളുടെ സഹമേല്‍നോട്ട സംവിധാനമായും നിക്ഷേപ ഗ്യാരണ്ടിനിധിയായും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു ഫോകോപ്പ്.

ഇന്ന് അന്താരാഷ്ട്ര സഹകരണ സഖ്യത്തില്‍ (ഐ.സി.എ) മെക്‌സിക്കോയില്‍നിന്നു നാലു സഹകരണ സ്ഥാപനങ്ങളുണ്ട്. ധനകാര്യ മേഖലയിലെ ഒരു പൂര്‍ണ അംഗമാണു ‘കാജ പോപ്പുലര്‍ മെക്‌സിക്കാന’. ‘കോണ്‍ഫെഡറേഷന്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ ഡീ ആക്ടിവിഡാഡെസ് ഡിവേഴ്‌സാസ് ഡി ലാ റിപ്പബ്ലിക്കാ മെക്‌സിക്കാന’ ആണ് മറ്റൊരു പൂര്‍ണ അംഗം. ഇതു മെക്‌സിക്കോയിലെ സഹകരണ സ്ഥാപനങ്ങളുടെ അത്യുന്നതഘടകമാണ്. ധനകാര്യ മേഖലയിലെതന്നെ മറ്റൊരു പൂര്‍ണ അംഗമാണു ‘ഫെഡറേഷന്‍ ഡീ കാജാസ് പോപ്പുലാറെസ് അലയന്‍സാ’. ധനകാര്യ മേഖലയിലെ അസോസിയേറ്റ് അംഗമാണ് ‘ഫെഡറേഷന്‍ റീജണല്‍ ഡീ കോ-ഓപ്പറേറ്റിവ്‌സ് അഹോറോ വൈ പ്രെസ്റ്റാമോ നോറെസ്‌റ്റെ ‘.

സഹകരണ പ്രസ്ഥാനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഡി.ജി.ആര്‍.വി. മെക്‌സിക്കോയില്‍ സജീവമാണ്. ഉപദേശം, പാരസ്പര്യ ശൃംഖലകള്‍ കെട്ടിപ്പടുക്കല്‍, വിദ്യാഭ്യാസ-പരിശീലന-ഭരണ-മാനേജുമെന്റ്-മേല്‍നോട്ട സംവിധാനങ്ങള്‍ വേണ്ടത്ര ക്രമമുള്ളവയാക്കല്‍, സംയോജിത സഹകരണ സംവിധാനങ്ങള്‍ ശക്തമാക്കല്‍, സുസ്ഥിര കോര്‍പറേറ്റു മാനേജ്‌മെന്റു സംവിധാനങ്ങള്‍ പ്രദാനം ചെയ്യല്‍ തുടങ്ങിയവയാണു ഡി.ജി.ആര്‍.വി. നടത്തുന്നത്.

2011 ല്‍ അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ജനറല്‍ അസംബ്ലി മെക്‌സിക്കോയിലാണു ചേര്‍ന്നത്. അതിന്റെ ഉദ്ഘാടനത്തില്‍ ഐ.സി.എ. അമേരിക്കാസിന്റെ അന്നത്തെ പ്രസിഡന്റ് റമോണ്‍ ഇംപീരിയല്‍ സുനിഗ വായ്പാ യൂണിയനുകളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഒരു കുരിശുയുദ്ധംതന്നെ ആവശ്യമാണെന്നു പറയുകയുണ്ടായി. മെക്‌സിക്കോയുടെ സാമ്പത്തികപ്രതിസന്ധിയില്‍ വായ്പാ യൂണിയനുകളായിരിക്കും ദശലക്ഷക്കണക്കിനു മെക്‌സിക്കോക്കാര്‍ക്ക് ആശ്രയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്താകെ വായ്പാ യൂണിയനുകള്‍ സാധാരണക്കാര്‍ക്കു വലിയ സഹായമാണ്. അഞ്ചു ദശലക്ഷം മെക്‌സിക്കോക്കാര്‍ക്കു പ്രയോജനപ്പെടുംവിധം മെക്‌സിക്കോയിലെ സഹകരണ യൂണിയനുകള്‍ സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും സഹായത്തോടെ വായ്പാ യൂണിയനുകള്‍ക്ക് അനുകൂലമായ നിയമപരമായ ചട്ടക്കൂടുകളും നയങ്ങളും നടപ്പാക്കിക്കേണ്ടതുണ്ടെന്നും അദ്ദേഹം അന്നു ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!