സംഘങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും

moonamvazhi

സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനപരിധി സംബന്ധിച്ചുള്ള ചര്‍ച്ച സജീവമാവുകയാണ്. ഇതു ഭരണഘടനാവിരുദ്ധമാണെന്ന രീതിയില്‍ കേരള ഹൈക്കോടതി നേരത്തെയും പ്രവര്‍ത്തനപരിധി നിയന്ത്രിക്കാന്‍ പാടില്ലെന്നു കര്‍ണാടക ഹൈക്കോടതി ഈയടുത്ത കാലത്തും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകള്‍ക്കു പ്രവര്‍ത്തനപരിധി നിശ്ചയിക്കുന്നതു മൂലധനശേഷിയെ അടിസ്ഥാനമാക്കിയാവണമെന്ന തീരുമാനമാണു റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ഇതെല്ലാം സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനപരിധി സംബന്ധിച്ച് ഒരു പുനപ്പരിശോധന അനിവാര്യമാക്കുന്നുണ്ട്. സഹകരണസംഘങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനാണ് അവയുടെ പ്രവര്‍ത്തനത്തിനു പരിധി നിശ്ചയിച്ചത്. കേരളത്തിലെ വായ്പാ സഹകരണസംഘങ്ങളില്‍ പ്രധാനപ്പെട്ടതായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കുമെല്ലാം ഈ രീതിയില്‍ പ്രവര്‍ത്തനപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനപരിധിയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഒരു സംഘത്തിന്റെ പ്രവര്‍ത്തനമേഖലയിലാണെങ്കിലും മറ്റൊരു സംഘത്തിനു പ്രവര്‍ത്തനാനുമതി നല്‍കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു കഴിയും. ഇത് ആ പ്രദേശത്തെ ജനങ്ങളുടെ ഇടപാടുശേഷിയെ വളര്‍ത്താനും സാമ്പത്തികമായി സഹായിക്കാനും നല്ലതാണെന്നു ബോധ്യപ്പെടുമ്പോഴാണ്. കേരളത്തില്‍ ഒട്ടേറെ സംഘങ്ങള്‍ക്കു രജിസ്ട്രാര്‍ പ്രവര്‍ത്തനപരിധിയില്‍ ഇങ്ങനെ ഇളവ് നല്‍കിയിട്ടുണ്ട്.

സഹകരണനിയമം രൂപപ്പെടുത്തിയ ഘട്ടത്തില്‍നിന്ന് ഒരു മാറ്റം ഇപ്പോഴുണ്ടായിട്ടുണ്ട്. സഹകരണമേഖലയില്‍ ദേശീയ-സംസ്ഥാനതലത്തില്‍ നിയമപരമായിത്തന്നെ മാറ്റങ്ങളുണ്ടായി. സംഘങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റവും വളര്‍ച്ചയുമുണ്ടായി. 2011 ല്‍ 97-ാം ഭരണഘടനാ ഭേദഗതിയില്‍ സഹകരണസംഘങ്ങളുടെ രൂപവത്കരണം മൗലികാവകാശമാക്കി മാറ്റി. ഭരണഘടനയുടെ മൂന്നാം പാര്‍ട്ടില്‍ അനുച്ഛേദം 19 (1) ആയാണു മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്രമായും സാശ്രയരീതിയിലും സഹകരണസംഘങ്ങള്‍ക്കു വളരാന്‍ സര്‍ക്കാര്‍ സഹായമൊരുക്കണമെന്നാണു ഭരണഘടനയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരമൊരു അവകാശം ഭരണഘടന ഉറപ്പുനല്‍കുമ്പോള്‍ ഒരു സഹകരണസംഘത്തിനു പ്രവര്‍ത്തനപരിധി നിശ്ചയിക്കാനുള്ള വ്യവസ്ഥ നിയമത്തില്‍ നിലനിര്‍ത്താനാകുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അതു ഭരണഘടനാവിരുദ്ധമാണെന്ന നിലപാടിലേക്കാണു കോടതികള്‍ എത്തുന്നത്. രണ്ടു വിധികളാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉണ്ടായിട്ടുള്ളത്. സംഘത്തിന്റെ രജിസ്ട്രേഷന്‍ സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയുടെയും പ്രവര്‍ത്തനപരിധി മറികടക്കുന്നതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെയും. ഈ രണ്ടു വിധികളും ഇനിയുള്ള കാലത്ത് ഏറെ നിര്‍ണായകമാവുമെന്ന് ഉറപ്പാണ്. കേരള ഹൈക്കോടതിയുടെ വിധി നിലവില്‍ സ്റ്റേയിലാണ്. ഇതിന്റെ നിയമപരിശോധന കോടതി തുടരുകയുമാണ്. ഇതിനൊപ്പം, അര്‍ബന്‍ ബാങ്കുകളില്‍ ആര്‍.ബി.ഐ. നടപ്പാക്കുന്ന പരിഷ്‌കാരംകൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അര്‍ബന്‍ ബാങ്കുകളിലെ നിക്ഷേപത്തിന്റെ തോതനുസരിച്ച് തരംതിരിക്കുന്നതാണ് ആര്‍.ബി.ഐ.യുടെ പുതിയ നടപടി. 1500 കോടിക്കു മുകളില്‍ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകള്‍ക്കു യൂണിവേഴ്സല്‍ ബാങ്ക് ആവാമെന്നാണു വ്യവസ്ഥ. ഇതോടെ, കേരള സഹകരണനിയമത്തിലെ പരമ്പരാഗത പ്രവര്‍ത്തനപരിധി എന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാവുകയാണ്. പുതിയ കാലത്തു പുതിയ ചിന്തയുടെ അടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിനു മാനദണ്ഡം നിശ്ചയിക്കേണ്ടതുണ്ട്.

– എഡിറ്റര്‍

(മൂന്നാംവഴി എഡിറ്റോറിയൽ മെയ് ലക്കം – 2024 )