കലര്‍പ്പില്ലാത്ത കരുതലുമായി മണ്ണാര്‍ക്കാട് ബാങ്കിന്റെ നാട്ടുചന്ത

moonamvazhi

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ബഹുമുഖ
സേവനകേന്ദ്രങ്ങളായി മാറണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്
എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിക്കൊണ്ടുള്ള നാട്ടുചന്ത എന്ന പദ്ധതിക്ക്
മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് രൂപം നല്‍കിയത്. പഴം-പച്ചക്കറികളിലെ
വിഷാംശം നീക്കാന്‍ 60 ലക്ഷം രൂപ ചെലവിട്ട് കേരളത്തിലെ ആദ്യത്തെ
ഓസോണ്‍ വാഷിങ്പ്ലാന്റ് സ്ഥാപിച്ച സംഘമാണു മണ്ണാര്‍ക്കാട് ബാങ്ക്.

അനില്‍ വള്ളിക്കാട്

വ്യത്യസ്തമായ ഷോപ്പിംഗ്അനുഭവം തീര്‍ത്ത് മണ്ണാര്‍ക്കാട് ( പാലക്കാട് ) റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത തുറന്നു. ‘നല്ല ആരോഗ്യത്തിനു നല്ല ഭക്ഷണം, നല്ല ആരോഗ്യത്തിനു നല്ല നടത്തം, മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഇനി ഒറ്റ നടത്തം’ എന്ന സന്ദേശവുമായി സഹകരണമേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വിപുലമായ മാതൃകാപദ്ധതിയാണിത്. ബാങ്കിന്റെ മണ്ണാര്‍ക്കാട്ടെ ഹെഡ് ഓഫീസിനു സമീപം സ്വന്തമായി വാങ്ങിയ ഒരേക്കര്‍ സ്ഥലത്ത് 25,000 ചതുരശ്ര അടി വിസ്തൃതിയില്‍ കെട്ടിടവും 5000 ചതുരശ്ര അടി വിസ്തൃതിയില്‍ ഗോഡൗണും മറ്റ് അടിസ്ഥാനസൗകര്യങ്ങളും പദ്ധതിക്കായി ബാങ്ക് ഒരുക്കിയിട്ടുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ബഹുമുഖ സേവന കേന്ദ്രങ്ങളായി മാറണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദേശപ്രകാരമാണ് എല്ലാം ഒരു കുടക്കീഴില്‍ തയാറാക്കിക്കൊണ്ടുള്ള പുതിയ പദ്ധതി. നബാര്‍ഡും കേരള ബാങ്കും നാട്ടുചന്തയ്ക്കു സാമ്പത്തികസഹായമൊരുക്കി.

കോവിഡ്കാലത്തെ  ആശയം

കോവിഡ്കാലത്താണു നാട്ടുചന്ത എന്ന ആശയം മണ്ണാര്‍ക്കാട് ബാങ്ക് രൂപപ്പെടുത്തുന്നത്. മണ്ണാര്‍ക്കാട്ടെ ഏറ്റവും മികച്ച വാണിജ്യകേന്ദ്രമായി നാട്ടുചന്തയെ മാറ്റുകയാണു ബാങ്കിന്റെ ലക്ഷ്യം. എല്ലാവിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഇവിടെ സൗകര്യങ്ങളും സേവനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായി ശീതീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ് രാവിലെ ആറിനു പ്രവര്‍ത്തനം തുടങ്ങും. ഇവിടെ മികച്ച ഗുണമേ•യുള്ള പലവ്യഞ്ജനങ്ങളും നിത്യോപയോഗസാധനങ്ങളും പൊതുവിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും. കീടനാശിനിയോ വിഷാംശങ്ങളോ ഇല്ലാത്ത പഴങ്ങളും പച്ചക്കറികളും സൂപ്പര്‍മാര്‍ക്കറ്റിന്റെ സവിശേഷതയാണ്. പഴത്തിലെയും പച്ചക്കറിയിലെയും വിഷാംശം നീക്കാന്‍ കേരളത്തിലെ ആദ്യത്തെ ഓസോണ്‍ വാഷിങ്പ്ലാന്റ് സ്ഥാപിച്ചത് ഇവിടെയാണ്. അതതു ദിവസങ്ങളില്‍ കറന്നെടുക്കുന്ന ശുദ്ധമായ നാടന്‍ പശുവിന്‍പാലും രാവിലെ ആറു മുതല്‍ മാര്‍ക്കറ്റില്‍ ലഭിക്കും. കേരളത്തിലെത്തന്നെ മികച്ചതെന്നു വിശേഷിപ്പിക്കാവുന്ന സൈലന്റ് വാലി തേനും ഇവിടെ കിട്ടും. നാട്ടുചന്തയിലെ ആധുനിക തേന്‍സംസ്‌കരണ പ്ലാന്റില്‍ ശുദ്ധീകരിച്ചെടുത്താണു വില്‍പ്പനക്കു തയാറാക്കുന്നത്. കര്‍ഷകരില്‍നിന്നു സംസ്‌കരിച്ചെടുക്കുന്ന ശുദ്ധമായ നാടന്‍തേനും വില്‍പ്പന നടത്തുന്നുണ്ട്. സഹകരണമേഖലയില്‍ വിവിധ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും.

ശുദ്ധമായ മട്ടന്‍, ചിക്കന്‍, മീന്‍ എന്നിവ വൃത്തിയായി നല്‍കുമെന്നതും നാട്ടുചന്തയുടെ മറ്റൊരു ആകര്‍ഷണമാണ്. വിവിധതരം ശീതള പാനീയങ്ങളും ചായയും കാപ്പിയും ചെറുപലഹാരങ്ങളും ജ്യൂസ് ആന്റ് കഫെ പാര്‍ലറില്‍ ലഭിക്കും. രാവിലെ ആറു മുതല്‍തന്നെ ലഭ്യമാകുന്ന ക്ലിനിക്കല്‍, ലാബ്‌സൗകര്യങ്ങള്‍ നാട്ടുചന്തയുടെ മറ്റൊരു പ്രത്യേകതയാണ്. സ്‌കാനിങ് ഉള്‍പ്പടെയുള്ള ശരീര, രക്ത പരിശോധനകളും ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭിക്കും. കെ.ടി.ഡി.സി.യുടെ ആഹാര റസ്റ്റോറന്റും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറും അടുത്തുതന്നെ നാട്ടുചന്തയില്‍ തുറക്കും.

ആധുനിക തേന്‍സംസ്‌കരണ യൂണിറ്റ്, പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ് സൗകര്യം, മാങ്ങ, വാഴപ്പഴം തുടങ്ങിയ എല്ലാവിധ പഴങ്ങളും രാസപദാര്‍ഥങ്ങളില്ലാതെ പ്രകൃതിദത്തമായ രീതിയില്‍ പഴുപ്പിച്ചെടുക്കുന്നതിനുള്ള റൈപ്പനിംഗ് ചേംബര്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും ആവശ്യമായ ആയിരം മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണ്‍ എന്നിവയും നാട്ടുചന്തയുടെ സേവനങ്ങളെ വിപുലമാക്കുന്നു.

18.5 കോടിയുടെ പദ്ധതി

മൂന്നു വര്‍ഷം കൊണ്ടാണു കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നാട്ടുചന്ത പ്രാവര്‍ത്തികമാക്കിയതെന്നു ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ പറഞ്ഞു. 18.50 കോടി രൂപ ഇതിനകം പദ്ധതിക്കായി ചെലവഴിച്ചു. ഇതില്‍ കുറഞ്ഞ പലിശനിരക്കില്‍ എട്ടേകാല്‍ കോടി രൂപ നബാര്‍ഡില്‍ നിന്നു കേരള ബാങ്ക് മുഖേന സഹായമായി ലഭിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ സുതാര്യമായ പ്രവര്‍ത്തനവും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചതുംകൊണ്ടാണ് ഇത്രയും വിപുലമായ പദ്ധതി ഏറ്റെടുക്കാനായതെന്നു സെക്രട്ടറി പറഞ്ഞു. ഇപ്പോള്‍ 372 കോടി രൂപയുടെ നിക്ഷേപവും 348 കോടി രൂപയുടെ വായ്പാബാക്കിയുമുള്ള ബാങ്കില്‍ 17,500 അംഗങ്ങളുണ്ട്. ഹെഡ് ഓഫീസിനു പുറമെ കോടതിപ്പടി, തെങ്കര എന്നിവിടങ്ങളിലായി ശാഖകളുമുണ്ട്. 33 ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്ന ബാങ്കിനുകീഴില്‍ വിപുലമായ സൗകര്യത്തോടെയുള്ള നീതി മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക ബാങ്കാണു മണ്ണാര്‍ക്കാട് സഹകരണ ബാങ്ക്. സംസ്ഥാനത്തിനുതന്നെ മാതൃകയായ ‘ മുറ്റത്തെ മുല്ല’ എന്ന ലഘു ഗ്രാമീണ സമ്പാദ്യപദ്ധതി ആവിഷ്‌കരിച്ച ബാങ്ക് കൂടിയാണിത്.

സഹകരണമന്ത്രി വി.എന്‍. വാസവനാണു നാട്ടുചന്ത തുറന്നത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. ചന്തയില്‍ പഴം-പച്ചക്കറി ഓസോണ്‍ വാഷിങ് പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തേന്‍ സംസ്‌കരണ യൂണിറ്റ് കേരള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവനും ഗോഡൗണ്‍ നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. സജീവും മത്സ്യ-മാംസ സ്റ്റാള്‍ തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലിയും നീതി ഡയഗ്‌നോസ്റ്റിക് സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറും കോള്‍ഡ് സ്റ്റോറേജ് സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. മുന്‍ ബാങ്ക് പ്രസിഡന്റ് എം. ഉണ്ണീനെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍, സെക്രട്ടറി എം. പുരുഷോത്തമന്‍, ബി. മനോജ്, അസീസ് ഭീമനാട്, ടി.എ. സലാം, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ടി.ആര്‍. സെബാസ്റ്റ്യന്‍, എ.കെ. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

ഓസോണ്‍ വാഷ് ഒരു സന്ദേശം

ഓസോണ്‍ വാഷ് ഒരു സന്ദേശമാണ്; ഒരു തുടക്കവും. നമ്മള്‍ കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും പൂര്‍ണമായും വിഷമുക്തമാക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണു മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്തയില്‍ തുറന്നത്. ഓക്‌സിജന്റെ വകഭേദമാണ് ഓസോണ്‍. ഇത് ഒരു കുഴലിലൂടെ പ്ലാന്റിലെ സംഭരണിയിലേക്കു ശക്തിയായി കടത്തിവിട്ടാണു പഴങ്ങളും പച്ചക്കറികളും കഴുകുന്നത്. സാധാരണരീതിയില്‍ വെള്ളത്തില്‍ കഴുകിയെടുക്കുന്നതിന്റെ 50 ഇരട്ടി ശുദ്ധീകരിക്കാന്‍ ഓസോണ്‍ ഉപയോഗത്തിലൂടെ കഴിയും. ഓസോണ്‍ ശുദ്ധീകരണത്തിനുശേഷം പഴങ്ങളുടെയും പച്ചക്കറികളുടെയും സ്വാഭാവികസ്വാദ്, നിറം, മണം എന്നിവ നഷ്ടപ്പെടുകയുമില്ല.

ഓസോണ്‍ വാഷ്പ്ലാന്റില്‍ കഴുകിയ തക്കാളി, മുന്തിരി എന്നിവ വെള്ളാനിക്കര കാര്‍ഷികസര്‍വകലാശാലാ ആസ്ഥാനത്തെ ലാബില്‍ മൂന്നു തവണ പരിശോധിച്ചിരുന്നു. ഒരു തവണപോലും കീടനാശിനിയോ വിഷാംശമോ കണ്ടെത്തിയില്ലെന്നു ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ പറയുന്നു.
60 ലക്ഷം രൂപ ചെലവഴിച്ചാണു പ്ലാന്റ് സ്ഥാപിച്ചത്. 60 അടി നീളവും 15 അടി വീതിയുമാണു പ്ലാന്റിനുള്ളത്. ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിലുള്ള എസ്.എസ്. എഞ്ചിനീയറിംഗ് ആന്റ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനമാണ് ഓസോണ്‍ വാഷ്പ്ലാന്റും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്നത്. മണ്ണാര്‍ക്കാട്ട് സ്ഥാപിച്ച പ്ലാന്റ് വിജയം കണ്ടതോടെ കേരള ഭൂവികസന കോര്‍പ്പറേഷന്‍ ഓസോണ്‍ വാഷ്പ്ലാന്റ് മൂന്നിടങ്ങളില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

 

മൂന്നാംവഴി സഹകരണ മാസിക 2024 മാർച്ച്‌ ലക്കം

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!