പഞ്ചായത്തുകളുടെ പാല്‍ സബ്‌സിഡിയും മാസങ്ങളായി കുടിശ്ശിക
ഉല്‍പാദന ചെലവും ചൂടും കൂടിയതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. പാലുല്‍പാദനം ഗണ്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചതിന്റെ മൂന്നിലൊന്നുപോലും ലഭിക്കാത്ത സ്ഥിതിയാണ് പല കര്‍ഷകര്‍ക്കും. ഇതിനിടയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡിയും കിട്ടാതായിരിക്കുകയാണ്. ഒരുലിറ്റര്‍ പാലിന് മൂന്നുരൂപ നിരക്കിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ സബ്സിഡി നല്‍കുന്നത്. ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കാണ് തുക ലഭിക്കുക. ഇതാണ് ഇപ്പോള്‍ മിക്കയിടത്തും മാസങ്ങളായി കുടിശ്ശികയായിട്ടുള്ളത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ എട്ടുമാസത്തെ തുകവരെ കിട്ടാനുള്ള കര്‍ഷകരുണ്ട്. മൂന്നുമുതല്‍ ആറുമാസം വരെ കുടിശ്ശികയുള്ള പഞ്ചായത്തുകളാണ് ഭൂരിഭാഗവും. എന്നാല്‍ മുടക്കമില്ലാതെ സബ്സിഡി വിഹിതം വിതരണം ചെയ്ത ചില പഞ്ചായത്തുകളുണ്ട്. ക്ഷീരസംഘങ്ങളില്‍നിന്നുള്ള കണക്ക് കൃത്യമായി രേഖപ്പെടുത്തി ബ്ലോക്ക് ഡെയറി ഡെവലപ്മെന്റ് ഓഫീസറാണ് ബില്ല് ട്രഷറിയില്‍ നല്‍കുന്നത്. അവിടെനിന്ന് തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നതാണ് രീതി.
കര്‍ഷകര്‍ അതതുമാസത്തെ ബില്ല് നല്‍കി സബ്സിഡിക്കായി കാത്തിരിക്കുമ്പോള്‍ മൂന്നുമുതല്‍ ആറുമാസംവരെയുള്ള കണക്ക് ഒന്നിച്ചാണ് ചില ഡെയറി ഓഫീസര്‍മാര്‍ ട്രഷറിയില്‍ നല്‍കുന്നത്. ട്രഷറിയില്‍ ബില്ല് സമര്‍പ്പിക്കാന്‍ താമസിപ്പിച്ചതും പിന്നീട് ട്രഷറി നിയന്ത്രണം വന്നതും സബ്സിഡി വിഹിതം വൈകുന്നത് കാരണമായി. ക്ഷീരസംഘങ്ങളിലും ഡെയറി ഡെവലപ്മെന്റ് ഓഫീസറും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാത്തതും പഞ്ചായത്തുകള്‍ കര്‍ഷകരെ സഹായിക്കാന്‍ മുന്‍കൈ എടുക്കാത്തതും തടസ്സമാണ്. പഞ്ചായത്തുകളില്‍ ക്ഷീരമേഖലയിലുള്ള വിഹിതം കുറഞ്ഞതും പ്രശ്നമായി.