രണ്ടായിരത്തിന്റെ ആയിരക്കണക്കിനു കോടിയുടെ നോട്ടുകള്‍ തിരിച്ചെത്താന്‍ ബാക്കി

moonamvazhi
  •  മാര്‍ച്ച് 29 നു പൊതുജനത്തിന്റെ കൈയിലുണ്ടായിരുന്നത് 8,202 കോടി രൂപ
  • ഏപ്രില്‍ മുപ്പതിനു ഇതു 7,961 കോടിയായി

പ്രചാരത്തില്‍നിന്നു പിന്‍വലിച്ചിട്ടും രണ്ടായിരത്തിന്റെ നോട്ട് കൈവിടാന്‍ ജനത്തിന് ഇപ്പോഴും മടി. 7,961 കോടി രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനിയും തിരിച്ചുവരാനുണ്ട്. ഇതുവരെ തിരിച്ചെത്തിയത് 97.76 ശതമാനം നോട്ടുകളാണ്. ഓരോ മാസവും രണ്ടായിരത്തിന്റെ തിരിച്ചുവരവ് കൂടുന്നുണ്ട്. പക്ഷേ, കുറഞ്ഞ അളവിലാണെന്നു മാത്രം. 2024 മാര്‍ച്ച് 29 ന്റെ കണക്കനുസരിച്ചു 97.69 ശതമാനം നോട്ടുകളാണു തിരിച്ചുവന്നത്. ഫെബ്രുവരി 29 നു ഇതു 97.62 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് ഏറ്റവും പുതിയ കണക്കുള്ളത്.

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. 2023 മെയ് 19 നായിരുന്നു പിന്‍വലിക്കല്‍. അന്നു പ്രചാരത്തിലുണ്ടായിരുന്നതു 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ്. ഇതാണിപ്പോള്‍ 2024 ഏപ്രില്‍ മുപ്പതിനു 7,961 കോടിയായി കുറഞ്ഞിരിക്കുന്നത്. മാര്‍ച്ച് 29 നു പൊതുജനത്തിന്റെ കൈയിലുണ്ടായിരുന്ന 8,202 കോടി രൂപയുടെ നോട്ടാണ് 7,961 കോടിയായിരിക്കുന്നത്. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്നു 2016 നവംബറിലാണു രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇറക്കിയത്. ഏഴു വര്‍ഷത്തിനുശേഷം അതും പിന്‍വലിച്ചു.

തിരുവനന്തപുരത്തടക്കമുള്ള റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകളില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ഇപ്പോഴും അവസരമുണ്ട്. നേരിട്ടു പോകാതെയും ഇതു മാറ്റിയെടുക്കാം. ഇന്ത്യന്‍ പോസ്റ്റ് വഴി ഏതു റീജ്യണല്‍ ഓഫീസിലേക്കും രണ്ടായിരത്തിന്റെ നോട്ടയച്ച് സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാം. നേരത്തേ, രണ്ടായിരത്തിന്റെ നോട്ടുകള്‍ കൈവശമുള്ള വ്യക്തികളും സ്ഥാപനങ്ങളും 2023 സെപ്റ്റംബര്‍ മുപ്പതിനകം ഇതു ബാങ്കില്‍നിന്നു മാറ്റിയെടുക്കണമായിരുന്നു. പിന്നീട് ഈ തീയതി ഒക്ടോബര്‍ ഏഴുവരെ നീട്ടി. ഒക്ടോബര്‍ എട്ടു മുതല്‍ ഈ കൈമാറ്റം റിസര്‍വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസുകള്‍വഴി മാത്രമേ ചെയ്യാവൂ എന്നാക്കി. തിരുവനന്തപുരത്തിനു പുറമേ അഹമ്മദാബാദ്, ബംഗളൂരു, ബേലാപ്പൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഛണ്ഡീഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്പ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹ്, പട്‌ന എന്നിവിടങ്ങളിലാണു റീജ്യണല്‍ ഓഫീസുകളുള്ളത്.

Leave a Reply

Your email address will not be published.