ബജറ്റ് പാസാക്കാന്‍ കഴിയാത്തത് ഭരണസ്തംഭനം; മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവില്‍വന്നു

moonamvazhi

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസത്തെ പൊതുയോഗത്തില്‍ മുന്‍ വര്‍ഷത്തെ കണക്കും നടപ്പു സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റും പാസാക്കാന്‍ നിലവിലെ ഭരണസമിതിക്ക് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് നടപടി. മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയേയും സഹകരണ വകുപ്പ് നിയമിച്ചു.

ജി.ഹരിശങ്കര്‍- (അംഗനമ്പര്‍ 41) മാവേലിക്കര സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, ആര്‍ തിലകന്‍(അംഗനമ്പര്‍ 47)-പീരുമേട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, എം. കരുണാകരന്‍(അംഗനമ്പര്‍ 40) -തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എന്നിവരടുന്നതാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി. ഹരിശങ്കര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കും.

സഹകരണ നിയമം അനുസരിച്ച് സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് കണക്കും ബജറ്റും പാസാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന പൊതുയോഗത്തിന് കഴിഞ്ഞിരുന്നില്ല. പൊതുയോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന 40 അംഗസംഘങ്ങളിലെ പ്രതിനിധികള്‍, നിലവിലെ ഭരണസമിതി കൊണ്ടുവന്ന റിപ്പോര്‍ട്ടും കണക്കുകളും പൊതുയോഗം അംഗീകരിക്കാത്ത സാഹചര്യത്തില്‍ പൊതുയോഗത്തിന് ബാങ്ക് ഭരണസമിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും, അതുമൂലം ഭരണസ്തംഭനം സംജാത മായിട്ടുള്ളതുമാണ് എന്നും, ആയത് ഒഴിവാക്കുന്നതിന് ആവശ്യമായ നിയമപരമായ അനന്തര നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോതുയോാഗത്തില്‍ സന്നിഹിതനായിരുന്ന സഹകരണ സംഘം രജിസ്ട്രാറുടെ ചാര്‍ജ് വഹിക്കുന്ന അഡീഷണല്‍ രജിസ്ട്രാര്‍ ക്രെഡിറ്റ് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.