അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ആറിന് കോട്ടയത്ത്

moonamvazhi
102-ാം അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ സംസ്ഥാനതലഉദ്ഘാടനം ജൂലായ് ആറിന് ശനിയാഴ്ച കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സഹകരണമന്ത്രി വി.എന്‍. വാസവനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനം, പുരസ്‌കാരദാനം, സെമിനാറുകള്‍ എന്നിവയോടെ നടക്കും.
രാവിലെ ഒമ്പതിനു രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30നു സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് പതാക ഉയര്‍ത്തും. 9.45നു സമഗ്രസഹകരണനിയമഭേദഗതിയെപ്പറ്റി സെമിനാര്‍ നടക്കും. കാര്‍ഷികവികസനബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍ അധ്യക്ഷനായിരിക്കും. മുന്‍സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (കണ്ണൂര്‍) വിഷയം അവതരിപ്പിക്കും. സഹകരണജോയിന്റ് രജിസ്ട്രാര്‍ (കോട്ടയം) ജയമ്മാപോള്‍ സ്വാഗതം പറയും. 11നു പൊതുസമ്മേളനവും പുരസ്‌കാരസമര്‍പ്പണവും മന്ത്രി വാസവന്‍ ഉദ്ഘാടനം ചെയ്യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. ജോസ്. കെ. മാണി എം.പി, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍, പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുടെ അസോസിയേഷന്റെ (പാക്‌സ്) സംസ്ഥാനപ്രസിഡന്റ് അഡ്വ. വി. ജോയി എം.എല്‍.എ, ജില്ലാപഞ്ചായത്തുപ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പു മുന്‍സെക്രട്ടറി മിനി ആന്റണി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കോട്ടയം ജില്ലാകളക്ടര്‍ വി. വിഘ്‌നേശ്വരി, കോട്ടയം നഗരസഭാചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ചങ്ങനാശ്ശേരി സഹകരണഅര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എ.വി. റസ്സല്‍, പാക്‌സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി കെ. ജയകൃഷ്ണന്‍, കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ അഡ്വ. പി. സതീഷ്ചന്ദ്രന്‍നായര്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കില്‍, വൈക്കം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ പി. ഹരിദാസ്, ചങ്ങനാശ്ശേരി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ അഡ്വ. ബൈജു കെ. ചെറിയാന്‍, കെ.സി.ഇ.യു. ജില്ലാസെക്രട്ടറി കെ. പ്രശാന്ത്, കെ.സി.ഇ.എഫ്. ജില്ലാസെക്രട്ടറി ആര്‍. ബിജു എന്നിവര്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ സ്വാഗതവും സഹകരണജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ (കോട്ടയം) കെ.വി. സുധീര്‍ നന്ദിയും പറയും. സഹകരണവായ്പാമേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെപ്പറ്റി രണ്ടു മണിക്കു നടക്കുന്ന സെമിനാറില്‍ കിക്മ ഡയറക്ടര്‍ ബി.പി. പിള്ള പ്രബന്ധം അവതരിപ്പിക്കും. കോട്ടയം സഹകരണഅര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥ് അധ്യക്ഷനായിരിക്കും.
എല്ലാവര്‍ഷവും ജൂലായിലെ ആദ്യശനിയാഴ്ചയാണ് അന്താരാഷ്ട്രസഹകരണദിനം ആചരിക്കുന്നത്. ‘സഹകരണമേകുന്നു സകലര്‍ക്കുമൊരു നല്ലഭാവി’ (കോ-ഓപ്പറേറ്റീവ്‌സ് ബില്‍ഡ് എ ബെറ്റര്‍ ഫ്യൂച്ചര്‍ ഫോര്‍ ആള്‍) എന്നതാണ് ഈ വര്‍ഷത്തെ സഹകരണദിനമുദ്രാവാക്യമായി അന്താരാഷ്ട്രസഹകരണസഖ്യം അംഗീകരിച്ചിട്ടുള്ളത്. 2025 അന്താരാഷ്ട്ര സഹകരണവര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.