തങ്കമണി ബാങ്കിന്റെ സഹ്യ ഫുഡ്‌സ് ആന്റ് സ്‌പൈസസ് ഉദ്ഘാടനം 19ന്

moonamvazhi
ഇടുക്കിജില്ലയിലെ തങ്കമണി സര്‍വീസ് സഹകരണബാങ്കിന്റെ സഹ്യബ്രാന്റ് ബിസിനസ് സംരംഭത്തിന്റെ രണ്ടാംഘട്ടമായി സഹ്യ ഫുഡ്‌സ് ആന്റ് സ്‌പൈസസ് യൂണിറ്റ് ജൂലൈ 19ന് ഉദ്ഘാടനം ചെയ്യും. ജലവിഭവമന്ത്രി റോഷിഅഗസ്റ്റിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എല്‍.എ. ഡ്രൈഡ് ഫ്രൂട്‌സ് യൂണിറ്റിന്റെയും ഇടുക്കി ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് കോഫി പൗഡര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാകളക്ടര്‍ ഷീബാജോര്‍ജ് ആദ്യവില്‍പന നടത്തും. ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍ അധ്യക്ഷനായിരിക്കും.
ഡ്രൈഡ്ഫ്രൂട്‌സ് യൂണിറ്റ്, കോഫീ പൗഡര്‍ യൂണിറ്റ്, സ്‌പൈസസ് പാക്കിങ് യൂണിറ്റ്, ടീ ബ്ലെന്റിങ് യൂണിറ്റ് എന്നിവയാണു 19നു നാടിനു സമര്‍പ്പിക്കപ്പെടുന്നത്. 62 ഉത്പന്നങ്ങള്‍ സഹ്യ ബ്രാന്റില്‍ ഉണ്ട്. മൂന്നാംഘട്ടവികസനത്തിന്റെ ഭാഗമായി പാണ്ടിപ്പാറയിലെ മൂന്നേക്കറില്‍ കറിപ്പൊടിയൂണിറ്റിനും ധാന്യപ്പൊടിയൂണിറ്റിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2017ലാണു സഹ്യബ്രാന്റ് ഉത്പന്നശാലയായ സഹ്യ ടീ  പ്രവര്‍ത്തനം ആരംഭിച്ചത്. 350ല്‍പരം വിദ്യാര്‍ഥികള്‍ക്കു വിദേശപഠനത്തിനു വായ്പ നല്‍കാനായെന്ന നേട്ടവും തങ്കമണി ബാങ്കിനുണ്ട്.