തുടര്‍ച്ചയായി ഏഴാം തവണയും റിപ്പോനിരക്കില്‍ മാറ്റമില്ല; 6.5 ശതമാനമായി തുടരും
നടപ്പു സാമ്പത്തികവര്‍ഷത്തിലെ റിസര്‍വ്ബാങ്കിന്റെ ആദ്യത്തെ പണനയസമിതിയോഗത്തിലും റിപ്പോനിരക്കില്‍ മാറ്റമില്ല. കമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. തുടര്‍ച്ചയായി ഇത് ഏഴാമത്തെ തവണയാണു റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഏപ്രില്‍ അഞ്ചിനു ( വെള്ളിയാഴ്ച ) റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണു പുതിയ പണനയം പ്രഖ്യാപിച്ചത്.
ബുധനാഴ്ചയാരംഭിച്ച ആറംഗ പണനയസമിതി മൂന്നു ദിവസത്തെ ചര്‍ച്ചക്കുശേഷമാണു റിപ്പോനിരക്ക് പ്രഖ്യാപിച്ചത്. ആറംഗസമിതിയിലെ ഒരംഗം റിപ്പോനിരക്ക് മാറ്റമില്ലാതെ തുടരണമെന്ന തീരുമാനത്തോട് വിയോജിച്ചു. 2024-25 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചനിരക്ക് റിസര്‍വ്ബാങ്ക് ഏഴു ശതമാനമായിത്തന്നെ നിലനിര്‍ത്തി. ഇതിനുമുമ്പു 2023 ഫെബ്രുവരിയിലാണു റിപ്പോനിരക്കില്‍ മാറ്റം വരുത്തിയത്. അതിനുശേഷമുള്ള എല്ലാ പണനയസമിതിയോഗങ്ങളിലും റിപ്പോനിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി തുടരുകയാണ്.
രണ്ടു മാസത്തിലൊരിക്കലാണു പണനയസമിതി യോഗം ചേരുന്നത്. ഇത്തവണയും റിപ്പോനിരക്ക് കൂട്ടാത്തതിനാല്‍ ഭവന, വാഹന വായ്പകള്‍ക്കുള്ള പലിശനിരക്കുകള്‍ ഉയരാനിടയില്ല.