യു.പി.ഐ.വഴി അടയ്ക്കാവുന്ന നികുതിപരിധി കൂട്ടി; ചെക്ക് ക്ലിയറിങ് മണിക്കൂറുകള്‍ക്കകമാക്കും
- യു.പി.ഐ.യില്‍ ഡെലിഗേറ്റഡ് പേമെന്റിനും നിര്‍ദേശം
- വിദേശനാണ്യശേഖരം 675 ശതകോടി ഡോളര്‍
- വായ്പാആപ്പുകള്‍ക്കു പൊതുശേഖരം
ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. മൂന്നു ദിവസത്തെ പണനയ സമിതിയോഗത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. 2023 ഫെബ്രുവരിക്കുശേഷം തുടര്‍ച്ചയായി ഒമ്പതാംതവണയാണു പലിശനിരക്ക് 6.5 ശതമാനമായിത്തന്നെ നിലനിര്‍ത്താന്‍ പണനയസമിതി തീരുമാനിക്കുന്നത്. സ്റ്റാന്റിങ് നിക്ഷേപ ഫെസിലിറ്റിനിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റിനിരക്ക് 6.75 ശതമാനമായും തുടരുന്നതാണ്.
ഓഗസ്റ്റ് അഞ്ചു മുതല്‍ ഏഴുവരെയായിരുന്നു യോഗം. സമിതിയില്‍ നാലു പേര്‍ നിരക്കു തുടരുന്നതിനെ അനുകൂലിച്ചു. രണ്ടുപേര്‍ വ്യത്യസ്താഭിപ്രായം രേഖപ്പെടുത്തി. പ്രൊഫ. അഷിമാഗോയല്‍, പ്രൊഫ. ജയന്ത് ആര്‍. വര്‍മ എന്നിവരാണിവര്‍. നിരക്ക് 25 അടിസ്ഥാനപോയിന്റ് കുറയ്ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ബാങ്കുനിക്ഷേപത്തെക്കാള്‍ ആകര്‍ഷകമായി വരികയാണു മറ്റു നിക്ഷേപമാര്‍ഗങ്ങള്‍. ഇതു ബാങ്കുകളുടെ നിക്ഷേപസമാഹരണത്തിനു വെല്ലുവിളിയാകുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ ഓഗസ്റ്റ് രണ്ടിന് ഇന്ത്യയുടെ വിദേശനാണ്യശേഖരം 675 ശതകോടി ഡോളറിലെത്തി. ആഗോളവെല്ലുവിളികള്‍ സുഗമമായി നേരിടാന്‍ കഴിയും. അനധികൃതവായ്പാപ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഡിജിറ്റല്‍ വായ്പാആപ്പുകളുടെ പൊതുശേഖരം (പബ്ലിക് റിപ്പോസിറ്ററി) സ്ഥാപിക്കും. ആര്‍.ബി.ഐ.നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ അവയുടെ ഡിജിറ്റല്‍ വായ്പാആപ്പുകള്‍ ഇതില്‍ അറിയിക്കണം. അശ്രദ്ധമൂലം അനധികൃതആപ്പിനെ ആശ്രയിക്കാന്‍ ഇടവരുന്നത് ഒഴിവാക്കാനാണിത്.
ഒറ്റയിടപാടില്‍ അഞ്ചുലക്ഷംരൂപയുടെവരെ നികുതിയടവുകള്‍ യു.പി.ഐ.വഴി നടത്താന്‍ അനുവദിക്കാനും യോഗം നിശ്ചയിച്ചു. നേരത്തേ ഇത് ഒരു ലക്ഷംവരെയായിരുന്നു. വിലക്കയറ്റം കുറഞ്ഞെങ്കിലും ഭക്ഷ്യവിലക്കയറ്റം ആശങ്കയുളവാക്കുന്നു. അതുകൊണ്ടു വിലസ്ഥിരതയ്ക്കു പ്രാധാന്യം നല്‍കും. 2025 സാമ്പത്തികവര്‍ഷം 4.5 ശതമാനം പണപ്പെരപ്പം ഉണ്ടാകുമെന്നാണു കരുതുന്നത്. 2026 സാമ്പത്തികവര്‍ഷം ഇതു 4.4 ശതമാനമാകുമെന്നും കണക്കുകൂട്ടുന്നു. പണപ്പരുപ്പം നാലു ശതമാനത്തിലേക്കു കൊണ്ടുവന്നു സ്ഥിരമാക്കിനിര്‍ത്തണമെന്നതാണു ലക്ഷ്യം. ഖരീഫ് വിള നന്നാകുമെന്നും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. മൊബൈല്‍ഫോണ്‍നിരക്കുകളും പാല്‍വിലയും ശ്രദ്ധയോടെ നിരീക്ഷിക്കണം.
ടോപ്അപ് ഭവനവായ്പകള്‍ ആശങ്കാകരമാംവിധം വര്‍ധിക്കുന്നുണ്ട്. ഇതു പരിഹരിക്കണം. വിവരസാങ്കേതികവിദ്യയുടെ കാര്യത്തിലും സൈബര്‍സുരക്ഷയുടെ കാര്യത്തിലും പുതിയസാങ്കേതികവിദ്യകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതു മൂന്നാംകക്ഷികള്‍ക്കു പുറംകരാര്‍ കൊടുക്കുന്നതില്‍ ആശങ്കയുളവാക്കുന്ന കാര്യങ്ങളുണ്ട്. സൈബര്‍പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. അടത്തകാലത്ത് ആഗോളതലത്തില്‍ത്തന്നെയുണ്ടായ വിവരസാങ്കേതികവിദ്യാതകരാറിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മുന്നറിയിപ്പ്.
ചെക്ക് ട്രണ്‍കേറ്റഡ് സംവിധാനത്തിലൂടെയുള്ള (സി.ടി.എസ്) ചെക്ക് ക്ലിയറിങ് മണിക്കൂറുകള്‍ക്കകം സാധ്യമാകുംവിധം വേഗത്തിലാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇപ്പോഴിതു രണ്ടു പ്രവൃത്തിദിവസംവരെ എടുക്കുന്നുണ്ട്. ഇപ്പോള്‍ വായ്പാദാതാക്കള്‍ വായ്പാവിവരക്കമ്പനികള്‍ക്കു മാസത്തിലൊരിക്കലാണു വായ്പാവിവരങ്ങള്‍ നല്‍കുന്നത്. ഇതു രണ്ടാഴ്ചയിലൊരിക്കലോ അതിലുംകുറഞ്ഞ കാലയളവിലോ വേണമെന്ന നിര്‍ദേശവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മുന്നോട്ടുവച്ചു. യു.പി.ഐ.യില്‍ ഡെലിഗേറ്റഡ് പേമെന്റ് സംവിധാനത്തിനുള്ള നിര്‍ദേശവും ഗവര്‍ണര്‍ മുന്നോട്ടുവച്ചു. ഒരാള്‍ക്കു (പ്രാഥമിക ഉപയോക്താവ്) തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു പരിധിവരെയുള്ള തുകയുടെ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ (ദ്വിതീയ ഉപയോക്താവ്) അനുവദിക്കാന്‍ – അയാള്‍ക്കു യു.പി.ഐ.ബന്ധിതമായ പ്രത്യേകബാങ്ക് അക്കൗണ്ട് ഇല്ലാതെതന്നെ- കഴിയുന്ന സംവിധാനമായിരിക്കും ഇത്. ഒരു പ്രമുഖ സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചാമാന്ദ്യത്തെപ്പറ്റിയുള്ള ആശങ്കകളും മധ്യപൂര്‍വദേശത്തെ സംഘര്‍ഷവുംമൂലം ആഗോളവിപണികളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ സ്ഥൂലസാമ്പത്തികാടിത്തറകള്‍ ശക്തമാണെന്നു ശക്തികാന്തദാസ് പറഞ്ഞു.