മൈക്രോസോഫ്റ്റ് തകരാര്‍ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

moonamvazhi

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കിങ് മേഖലയിലെ ആഘാതം വിലയിരുത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള
പത്ത് ബാങ്കുകളെയും ബാങ്കിതരെ ധനകാര്യ സ്ഥാപനങ്ങളെയും മൈക്രോസോഫ്റ്റ് തകരാര്‍ ബാധിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പലതും പ്രശ്‌നം പരിഹരിച്ചതായി ആര്‍.ബി.ഐ. അറിയിച്ചു. ബാക്കിയുള്ളവ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

 

വിന്‍ഡോസ് അധിഷ്ഠിത കമ്പ്യൂട്ടറുകളുടെ നെറ്റ് വര്‍ക്കില്‍ സൈബര്‍ സുരക്ഷാ സേവനമായി ക്രൗഡ് സ്‌ട്രൈക്കിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മൈക്രോ സോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനങ്ങളെ ഈ പ്രശ്‌നം ബാധിച്ചതോടെയാണ് എയര്‍ലൈന്‍, ബാങ്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്ക് ക്രൗഡ് സ്‌ട്രൈക്കിന്റെ സുരക്ഷാസേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിച്ചത്.

മിക്ക ബാങ്കുകളുടെയും പ്രധാന സിസ്റ്റങ്ങള്‍ ക്ലൗഡില്‍ ഹോസ്റ്റ് ചെയ്തിട്ടില്ല. വളരെ കുറച്ച് സ്ഥാപനങ്ങള്‍ മാത്രമേ സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ക്രൗഡ് സ്‌ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ. പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ മൈക്രോസോഫ്റ്റ് തകരാര്‍ വ്യാപകമായി ബാധിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തിയത്.