ലാഡറിന് സിനിമ നിർമാണത്തിന് രജിസ്ട്രാറുടെ അനുമതി

moonamvazhi
  • സിനിമാനിര്‍മ്മാണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ആദ്യ സഹകരണ സ്ഥാപനമായി ലാഡര്‍

സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനമായ ലാഡര്‍( കേരള ലാന്‍ഡ് റിഫോംസ് ഡവലപ്‌മെന്റ് സഹകരണ സംഘം) സിനിമാ നിര്‍മ്മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിനുള്ള അനുമതി സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കി. രാജ്യത്തെ ആദ്യത്തെ സഹകരണ സിനിമാനിര്‍മ്മാണ സ്ഥാപനമായാണ് ലാഡര്‍ മാറുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ലാഡര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സിനിമാ നിര്‍മ്മാണ മേഖലയിലേക്കും കടക്കുന്നത്.

കോഴിക്കോട് മീഞ്ചന്ത, കയംകുളം എന്നിവിടങ്ങളിലാണ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുടെ നിര്‍മ്മാണം തുടങ്ങുന്നത്. പ്രവര്‍ത്തന വൈവിധ്യം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന സഹകരണ സ്ഥാപനമാണ് ലാഡര്‍. രാജ്യത്തെ ആദ്യത്തെ സഹകരണ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിച്ചത് ഇതിലൊന്നാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ട് ലാഡറിന്റെ ഉടമസ്ഥതയിലുള്ളതാണ്. പാലക്കാട് മുതലമടയില്‍ ഏഷ്യയിലെ തന്നെ ആദ്യത്തെ സീനിയര്‍ സിറ്റീസണ്‍ വില്ലേജ് മറ്റൊരു പ്രൊജക്ടാണ്.

മഞ്ചേരിയിലെ ഇന്ത്യന്‍ മാള്‍, സംസ്ഥാനത്തെ ആദ്യത്തെ സഹകരണ ഷോപ്പിങ് മാള്‍ ആണ്. ഇതിന് പുറമെ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലായി നിരവധി ഫ്‌ളാറ്റ് സമുച്ഛയവും ലാഡറിനുണ്ട്. സഹകരണ മേഖലയ്ക്ക് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളോട് മത്സരിക്കാനും, അവര്‍ ചെയ്യുന്നതെല്ലാം ഏറ്റെടുക്കാനും ശക്തിയുണ്ടെന്ന് കാണിക്കാന്‍ ലാഡറിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രതീക്ഷയോടെയുള്ള ചുവടുവെപ്പാണ് സിനിമാനിര്‍മ്മാണ രംഗത്തേക്ക് കടക്കാനുള്ള ലാഡറിന്റെ ശ്രമമെന്ന് ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ പറഞ്ഞു.