‘അത്ഭുതമാണ്, ഒരു സഹകരണ ബാങ്ക് ഇതുപോലൊരു ക്യാന്‍സര്‍ സെന്ററും ഗവേഷണകേന്ദ്രവും നടത്തുന്നത്’ 

moonamvazhi

മേഘാലയക്ക് പകര്‍ത്താന്‍ സഹകരണത്തിന്റെ പാഠങ്ങള്‍ തേടി കോഴിക്കോട്ടെത്തിയ ജെയിംസ് പി.കെ. സാങ്മ പറഞ്ഞത്, ‘ഇവിടം പ്രചോദനത്തിന്റെ കേന്ദ്രം’ എന്നായിരുന്നു. മേഘാലയ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ ആഭ്യന്തര മന്ത്രിയുമാണ് സാങ്മ. സഹകരണ മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കിയ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹം കോഴിക്കോട്ടത്തെയിത്. എം.വി.ആറിലും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിലും സാങ്മയ്ക്ക് സ്വീകരണം നല്‍കി.

കോഴിക്കോടുനിന്ന് പഠിച്ചത് സഹകരണത്തിന്റെ ജീവതപാഠങ്ങളാണെന്നായിരുന്നു സാങ്മയുടെ പ്രതികരണം. ‘കേരളത്തില്‍ ഒരു സഹകരണബാങ്ക് എം.വി.ആര്‍. കാന്‍സര്‍ സെന്ററും ഗവേഷണകേന്ദ്രവും പോലൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വിജയകരമായി നടത്തിക്കൊണ്ടുപോകുന്നത് വളരെ അത്ഭുതകരമാണ്. അതും വെറുതേ നടത്തിക്കൊണ്ടുപോകുകയല്ല. അനുകമ്പാപൂര്‍ണവും സഹാനുഭൂതിപൂര്‍ണവുമായ സേവനം ജീവകാരുണ്യസ്വഭാവത്തോടെ നല്‍കിക്കൊണ്ടു വളരെ പ്രൊഫഷണലായും ലോകോത്തരനിലവാരത്തോടെയുമാണിതു പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം ഇവിടെ വന്നുകാണുമ്പോള്‍ തികച്ചും വ്യക്തമാണ്. തന്നെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ശനവും ചര്‍ച്ചകളും വ്യക്തിപരമായിത്തന്നെ വലിയൊരു ജീവിതപാഠമാണ്’- അദ്ദേഹം പറഞ്ഞു.

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ നേതൃപാടവവും ഭാവനാസമ്പന്നമായ വീക്ഷണവും തനിക്കു പ്രചോദനമായിട്ടുണ്ട്. നിങ്ങളെയെല്ലാം അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കിയതിനു വിജയകൃഷ്ണനോടു നന്ദി പറയുന്നു. ഇവിടെയുള്ള ചികിത്സാവിഭാഗങ്ങള്‍ ചുറ്റിനടന്നു കണ്ടു മനസ്സിലാക്കുകയും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തപ്പോള്‍ ഒരുപക്ഷേ, സര്‍ക്കാരാശുപത്രികള്‍ക്കുമാത്രം നല്‍കാന്‍ കഴിയുന്നത്ര കുറഞ്ഞ നിരക്കിലുള്ള ചികിത്സ സ്വകാര്യാശുപത്രികളുടെതുപോലുള്ള ഉയര്‍ന്ന ഗുണനിലവാരത്തോടെ ഇവിടെ നല്‍കുന്നുണ്ടെന്നു വ്യക്തമായി. ഇതിനു പിന്നില്‍ വലിയ ത്യാഗങ്ങളുണ്ടെന്നു തീര്‍ച്ചയാണ്. നിങ്ങളൊക്കെ 100 ശതമാനം ആത്മാര്‍പ്പണത്തോടെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നു തനിക്കു ബോധ്യമുണ്ട് അദ്ദേഹം പറഞ്ഞു.

മേഘാലയയിലെ സഹകരണമേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെയും ലാഡറിന്റെയും ചെയര്‍മാനായ സി.എന്‍. വിജയകൃഷ്ണനുമായി ചര്‍ച്ച നടത്താനെത്തിയ അദ്ദേഹം കാന്‍സര്‍ സെന്ററിലെ വിവിധ ചികിത്സാവിഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും വിജയകൃഷ്ണനുമായും ഡോക്ടര്‍മാരുമായു ചര്‍ച്ച നടത്തുകയും ചെയ്തശേഷം സ്വീകരണയോഗത്തിലായിരുന്ന സാങ്മയുടെ പ്രതികരണം.