ഇഫ്‌കോ: സംഘാനി വീണ്ടും ചെയര്‍മാന്‍

Moonamvazhi

ലോകത്തെ ഏറ്റവുംവലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവി ലിമിറ്റഡിന്റെ (ഇഫ്‌കോ) ചെയര്‍മാനായി ദിലീപ് ഭായി സംഘാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി ബല്‍വീര്‍സിങ്ങും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേരെയും ഏകകണ്ഠമായാണു തിരഞ്ഞെടുത്തത്. ബി.ജെപി നേതാവും അമ്രേലിയില്‍നിന്നുള്ള മുന്‍ ലോക്‌സഭാംഗവും മുന്‍ ഗുജറാത്ത് കൃഷി-സഹകരണമന്ത്രിയുമാണു സംഘാനി. ഉത്തരാഖണ്ഡില്‍നിന്നുള്ള ഉമേഷ് ത്രിപാഠിയാണു സംഘാനിയെ നിര്‍ദേശിച്ചത്. ഹരിയാണയില്‍ നിന്നുള്ള പ്രഹ്‌ളാദ് സിങ് പിന്താങ്ങി. വൈസ് ചെയര്‍മാന്‍ ബല്‍വീര്‍സിങ് ബി.ജെ.പി. ഉത്തര്‍പ്രദേശ് ഘടകത്തിലെ സഹകരണസെല്‍ മുന്‍ കണ്‍വീനറാണ്. ജഗ്ദീപ് സിങ് നക്കായ് അദ്ദേഹത്തെ നിര്‍ദേശിച്ചു. പ്രേംചന്ദ് മുന്‍ഷി പിന്താങ്ങി.

ഡല്‍ഹി സാകേതിലെ ഇഫ്‌കോ ആസ്ഥാനത്ത് അനുയായികള്‍ ഇരുവരെയും മാലയിട്ടു സ്വീകരിച്ചു. പുതുതായി വികസിപ്പിച്ചെടുത്ത നാനോ യൂറിയയുടെയും നാനോ ഡി.എ.പി.യുടെയും സാങ്കേതികവിദ്യാവ്യാപനത്തിനു പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നു സംഘാനി മാധ്യമങ്ങളടു പറഞ്ഞു. 21 അംഗ ഡയറക്ടര്‍ബോര്‍ഡില്‍ ഏഴു സ്ഥാനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. 14പേര്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഏഴുപേരില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. മഹാരാഷ്ട്രയിലെ വര്‍ഷ കസ്തുര്‍കര്‍, മധ്യപ്രദേശിലെ ഋഷിരാജ് ശിശോദിയ, തമിഴ്‌നാട്ടിലെ എസ്. ശക്തിവേല്‍, രാജസ്ഥാനിലെ രാംനിവാസ് ഗര്‍വാള്‍ എന്നിവരാണിവര്‍. എതിരില്ലാതെ ജയിച്ച കോല്‍ഹെയും പുതുമുഖമാണ്.

ഗുജറാത്ത് പ്രതിനിധിയായി ഡയറക്ടര്‍ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ജയേഷ് രാധാദിയ ആണ്. ബിപിന്‍ ഗോട്ടയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഗോട്ടയ്ക്ക് അനുകൂലമായി ബി.ജെ.പി. വിപ്പ് നല്‍കിയിട്ടും രാധാദിയ ജയിച്ചു.മധ്യപ്രദേശ്-ചത്തിസ്ഗഡ് പ്രതിനിധിയായി ജയിച്ചത് ഋഷിരാജ് സിങ് ശിശോദിയ ആണ്. ബി.ജെ.പി. ഗ്വാളിയോര്‍ റൂറല്‍ ജില്ലാപ്രസിഡന്റ് കൗശല്‍ ശര്‍മയെയും ഡയറകടറായിരുന്ന കോണ്‍ഗ്രസ് നേതാവ് അമിത് പ്രതാപ് സിങ്ങിനെയും തോല്‍പിച്ചാണ് ശിസോധിയ വിജയിച്ചത്.  ഒഡിഷ-പശ്ചിമബംഗാള്‍-ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ സീറ്റ് സിമാചല്‍ പാഥി നിലനിര്‍ത്തി. ശാന്തിമൊയ് ദേയെയാണ് പാഥി പരാജയപ്പെടുത്തിയത്. കേരള-തമിഴ്‌നാട് സീറ്റ് എസ്. ശക്തിവേല്‍ രസ്ഥമാക്കി. സുമേഷ് എ.യെയാണു തോല്‍പിച്ചത്.വനിതാസംവരണസീറ്റില്‍ വര്‍ഷ കസ്തുര്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. സാധനാജാദവ് ആണ് തോറ്റത്. ഒരു വോട്ടിനായിരുന്നു പരാജയം. രാജസ്ഥാന്‍ സീറ്റ് രാംനിവാസ് ഗര്‍വാള്‍ നേടി. കൃപാറാംചൗധരി പരാജയപ്പെട്ടു. കര്‍ണാടകസീറ്റില്‍ ബി.ജെ.പി ലോക്‌സഭാംഗം അണ്ണാസാഹേബ് ജോള്ളെയ്ക്കും കെ. ശ്രീനിവാസഗൗഡയ്ക്കും തുല്യവോട്ടു ലഭിച്ചു. വീണ്ടും വോട്ടെണ്ണിയപ്പോഴും തുല്യവോട്ടായിരുന്നു. തുടര്‍ന്നു നറുക്കില്‍ ഗൗഡ ജയിച്ചു.

ദിലീപ് സംഘാനി, ബല്‍ബീര്‍സിങ്, ജെ. ഗണേശന്‍, മാര ഗംഗാറെഡ്ഡി, പി.പി. നാഗി റെഡ്ഡി, രാജേന്ദ്രകുമാര്‍, സുധാന്‍ശ് പന്ത്, അലോക് സിങ്, ബാല്‍മീകി ത്രിപാഠി, ജഗ്ദീപ്‌സിങ് നക്കായ്, ഉമേഷ് ത്രിപാഠി, പ്രഹ്‌ളാദ് സിങ്, പ്രംചന്ദ്, മുന്‍ഷി,വിവേക് കൊല്‍ഹെ എന്നിവരാണ് എതിരില്ലാതെ ജയിച്ചത്.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi