മിസലേനിയസ് സംഘങ്ങള്‍ക്ക് അപ്പക്‌സ് സംവിധാനം വേണം

moonamvazhi
മിസലേനിയസ് (പലവക) സഹകരണസംഘങ്ങള്‍ക്ക് അപ്പക്‌സ് സംവിധാനം രൂപവല്‍ക്കരിക്കണമെന്ന് മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സഹകരണരജിസ്ട്രാര്‍ വിളിച്ച യോഗത്തിലാണ് ഇതുന്നയിച്ചത്. കേരളബാങ്ക് രൂപവല്‍ക്കരിച്ചപ്പോള്‍ പതിനയ്യായിരത്തോളം മിസലേനിസ് സഹകരണസംഘങ്ങള്‍ക്ക് അംഗത്വം നല്‍കിയില്ല. ഇവയ്ക്ക് ഓവര്‍ ഡ്രാഫ്‌റ്റോ പദ്ധതി ധനസഹായമോ വായ്പകളോ കേരളബാങ്ക് നല്‍കുന്നുമില്ല. അതേസമയം ഇവയുടെ കറന്റ്-സേവിങ്‌സ്-സ്ഥിരനിക്ഷേപങ്ങളെല്ലാം കേരളബാങ്കിലാണു താനും.
കേരളബാങ്കില്‍ അംഗത്വം നല്‍കി ജില്ലാസഹകരണബാങ്കുകള്‍ ഉണ്ടായിരുന്നപ്പോഴെന്നപോലെ ഇടപാടുകള്‍ നടത്താന്‍ പറ്റില്ലെങ്കില്‍ ശ്രീറാംകമ്മറ്റി ശുപാര്‍ശചെയ്തപോലെ എല്ലാ ബാങ്കിടപാടും നടത്താവുന്ന അപ്പക്‌സ് സംവിധാനം രൂപവല്‍ക്കരിക്കണം. കരുതല്‍ധനം, സുരക്ഷാനിക്ഷേപം, ഓഹരി തുടങ്ങിയവയായി മിസലേനിയസ് സംഘങ്ങളുടെ നാനൂറോളം കോടിരൂപ ജില്ലാബാങ്കിലുണ്ടായിരുന്നത് ഇപ്പോള്‍ കേരളബാങ്കിലാണ്. ഇതു സ്ഥിരനിക്ഷേപമാക്കുകയോ തിരിച്ചുതരികയോ ചെയ്യണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അടിയന്തരമായി ഒ.ഡി. അനുവദിക്കാന്‍ നടപടി എടുക്കുക, സഹകരണഓഡിറ്റിലെ അപാകങ്ങള്‍ പരിഹരിക്കുക, ജീവനക്കാര്‍ക്കുണ്ടായിരുന്ന 50ശതമാനം പി.എസ്.സി.സംവരണം പുന:സ്ഥാപിക്കുക, ഇപ്പോള്‍ കേരളബാങ്ക് അഡൈ്വസ് ചെയ്ത തസ്തികകളില്‍ ഉടന്‍ ഇതു നടപ്പാക്കുക, കുടിശ്ശിക പിരിവില്‍ റവന്യൂറിക്കവറി കാര്യക്ഷമമാക്കുക, റവന്യൂറിക്കവറി നിയമപ്രകാരം കുടിശ്ശിക പിരിച്ചെടുക്കുക, കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും സ്ഥാനക്കയറ്റത്തിനായി 2015ല്‍ ഇറക്കിയ ഉത്തരവിലെ അപാകങ്ങള്‍ തീര്‍ക്കുക, 50ശതമാനം സ്ഥാനക്കയറ്റം അനുവദിക്കുക, പ്യൂണും അറ്റന്ററും സെയില്‍സ്മാനും ഹെല്‍പ്പറും നൈറ്റ്‌വാച്ച്മാനും സെക്യൂരിറ്റിയും അടക്കമുള്ള ലാസ്റ്റ്‌ഗ്രേഡ് തസ്തികകളെല്ലാം സ്ഥാനക്കയറ്റത്തിനു കണക്കിലെടുക്കുക. ആദായനികുതിസംബന്ധിച്ച കോടതിക്കേസുകളില്‍ യഥാസമയം ഫലപ്രദമായി ഇടപെടുക, മിസലേനിയസ് സംഘങ്ങള്‍ക്ക് എസ്.ബി. അക്കൗണ്ട് അനുവദിക്കാന്‍ നിയമാവലി ഭേദഗതി ചെയ്യുക, കേരളബാങ്കിലും പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളിലും പെടാത്ത കൃഷിമെച്ചപ്പെടുത്തല്‍ സംഘങ്ങളുടെ സ്ഥാനം വ്യക്തമാക്കുക, ക്ലാസിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.ഇവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി ആക്ഷന്‍കൗണ്‍സില്‍ അറിയിച്ചു.
സഹകരണ രജിസ്ട്രാര്‍-ഇന്‍-ചാര്‍ജ് ജ്യോതിപ്രസാദ്, ഉപഭോക്തൃവിഭാഗം അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുതൂര്‍, ഓഡിറ്റ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ സോണിയ സോമന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉല്ലാസ്, എം.റ്റി വിഭാഗത്തിലെ രശ്മി ആര്‍.ജി. എന്നിവരും വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍, എന്‍.എം. നായര്‍, ഉഴമലയ്ക്കല്‍ ബാബു, പ്രസാദ് നാണപ്പന്‍ (കൊല്ലം), ചവറ ഗോപകുമാര്‍, സാബു ജോണ്‍ (മൂവാറ്റുപുഴ), ബിനോ ബെന്‍സിയര്‍ (നെയ്യാറ്റിന്‍കര) തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.