ധര്‍മടം ബാങ്കിന്റെ സാഹിത്യപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

moonamvazhi
ധര്‍മടം സര്‍വീസ് സഹകരണബാങ്ക് മലയാള സാഹിത്യപ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സാഹിത്യകാരന്‍ എം. മുകുന്ദന്‍ സമ്മാനിച്ചു. എം.പി. കുമാരന്‍ സാഹിത്യപുരസ്‌കാരം പി.എന്‍. ഗോപീകൃഷ്ണനും നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി.വി. രുക്മിണി കഥാപുരസ്‌കാരം സി.ആര്‍. പുണ്യയും ഏറ്റുവാങ്ങി. ഗോപീകൃഷ്ണന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകവും സി.ആര്‍. പുണ്യയുടെ ബ്രേക്ക് അപ്പ് പാര്‍ട്ടി എന്ന കഥയുമാണു പുരസ്‌കാരത്തിന് അര്‍ഹമായത്. 25000രൂപയും ശില്‍പി മനോജ് രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് സാഹിത്യപുരസ്‌കാരം. 10000രൂപയും മെമന്റോയുമാണു കഥാപുരസ്‌കാരം.
ധര്‍മടം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷനായി. അഭിനേത്രിയും സാംസ്‌കാരികപ്രവര്‍ത്തകയുമായ ഗായത്രിവര്‍ഷ മുഖ്യപ്രഭാഷണം നടത്തി. സി.പി. ഹരീന്ദ്രന്‍, പ്രൊഫ, വി. രവീന്ദ്രന്‍ എന്നിവര്‍ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി. പ്രൊഫ. കെ. കുമാരന്‍ പ്രശസ്തിപത്രം വായിച്ചു. ധര്‍മടം ഗ്രാമപഞ്ചായത്തുപ്രസിഡന്റ് എന്‍.കെ. രവി, തലശ്ശേരി സര്‍ക്കിള്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ. ഉഷ, പുരസ്‌കാരസമിതി ചെയര്‍മാനും ധര്‍മടം സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റുമായ ടി. അനില്‍, സെക്രട്ടറി ദിലീപ് വേണാടന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാരജേതാക്കള്‍ മറുപടിപ്രസംഗം നടത്തി. പുരസ്‌കാരത്തുക ഗോപീകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സി.ആര്‍. പുണ്യ ഡി.വൈ.എഫ്.ഐ.യുടെ വയനാട് ഭനനനിര്‍മാണപദ്ധതിയിലേക്കും സംഭാവന ചെയ്തു.