സഹകരണ പരീക്ഷകള്‍ക്ക് ഫീസ് നിരക്ക് കൂട്ടി; ഉദ്യോഗാര്‍ത്ഥികള്‍ ജി.എസ്.ടി.യും നല്‍കണം
സഹകരണ പരീക്ഷാബോര്‍ഡ് നടത്തുന്ന പരീക്ഷകള്‍ക്ക് ഫീസ് നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നിരക്കാണ് കൂട്ടുന്നത്. എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ നല്‍കേണ്ട ഫീസിനും സ്ഥാപനങ്ങള്‍ നല്‍കേണ്ട ഫീസിനും ജി.എസ്.ടി. ഏര്‍പ്പെടുത്തി. 18 ശതമാനമാണ് ജി.എസ്.ടി.
ഓരോ സഹകരണ സ്ഥാപനത്തിലേക്കുമുള്ള ഒഴിവുകളിലേക്ക് പ്രത്യേകം ഫീസ് ഈടാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് ജി.എസ്.ടി. കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികബാധ്യതയാണ് ഉണ്ടാക്കുന്നത്. നേരത്തെ ഒരു വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന എത്ര സ്ഥാപനങ്ങള്‍ തിരഞ്ഞെടുത്താല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഒരുഫീസ് മാത്രം നല്‍കിയാല്‍ മതിയായിരുന്നു. ഇത് ഓരോ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം ഫീസാക്കി മാറ്റിയിട്ട് കുറച്ചുനാളായി.
നാല് വിഭാഗങ്ങളായാണ് സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ ഇരട്ടിയോളം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ്, ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് സഹകരണ ബാങ്കുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ ഒഴിവിനും 10,000 രൂപയും 18 ശതമാനം നിരക്കില്‍ ജി.എസ്.ടി.യും നല്‍കണം. നേരത്തെ 5000 രൂപമാത്രമായിരുന്നു നല്‍കേണ്ടിയിരുന്നത്. ജി.എസ്.ടി.യും ഉണ്ടായിരുന്നില്ല.
ക്ലാസ് വണ്‍ ബാങ്കുകളില്‍ 5000 രൂപയായിരുന്നത് 8000 രൂപയും ജി.എസ്.ടി.യും നല്‍കണം. ക്ലാസ് രണ്ട്, മൂന്ന് ബാങ്കുകള്‍ ഓരോ ഒഴിവിനും 6000 രൂപയും 18 ശതമാനം ജി.എസ്.ടി.യും നല്‍കണം. നേരത്തെ ഇത് 4000 രൂപയായിരുന്നു. നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ 3000 രൂപയ്ക്ക് പകരം 4000 രൂപയും ജി.എസ്.ടി.യുമാണ് നല്‍കേണ്ടത്.