രണ്ടാഴ്ചയ്ക്കുള്ളില്‍ ചട്ടം പ്രാബല്യത്തിലാക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ്

moonamvazhi

സഹകരണ ചട്ടത്തിലെ ഭേദഗതി അന്തിമമാക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് കടക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ള ചട്ടത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 സെപ്തംബറിലാണ് സഹകരണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ചട്ടം തയ്യാറാക്കിയിട്ടുള്ളത്. അതിന്റെ കരടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കരട് ചട്ടത്തിലുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ചില വ്യവസ്ഥകളില്‍ സഹകാരികള്‍ക്ക് ആശങ്കയുണ്ട്. പൊതുയോഗത്തിന്റെ അറിയിപ്പ് അംഗങ്ങള്‍ നേരിട്ട് അറിയിക്കേണ്ട ചെറിയ സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് ഒരു അഭിപ്രായം. പണയ ഭൂമിയുടെ മൂല്യനിര്‍ണയത്തിന് റവന്യൂവകുപ്പില്‍നിന്നും പൊതുമരാമത്ത് വകുപ്പില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ വേണമെന്ന വ്യവസ്ഥയിലും ഭിന്നാഭിപ്രായമുണ്ട്.

പൊതുജനങ്ങളില്‍നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം ഇറക്കുക. ചട്ടം നിലവില്‍വന്നാലെ നിയമത്തില്‍ കൊണ്ടുവന്ന മാറ്റം നടപ്പാക്കാന്‍ കഴിയൂ. അതുകൊണ്ട്, വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. അരനൂറ്റാണ്ടിെേല റെ പഴക്കമുള്ള സംസ്ഥാന സഹകരണ നിയമം കാലോചിതമായി പരിഷ്‌കരിച്ചതിലൂടെ പ്രാഥമിക വായ്പാസഹകരണ സംഘങ്ങളില്‍ കണ്ടുവരുന്ന ക്രമക്കേടുകള്‍ തടയാനാകുമെന്ന് മന്ത്രി പറഞ്ഞു. 1969-ലെ നിയമത്തില്‍ 57 ഭേദഗതിഗതികളോടെയാണ് സമഗ്രപരിഷ്‌കാരം വരുത്തിയത്. ക്ഷീരസംഘങ്ങളുടെ ഭരണസമിതികളില്‍ കര്‍ഷകര്‍ക്ക് മാത്രം അംഗത്വം വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ബില്‍, സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു.