സംഘങ്ങളിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ സീനിയോരിറ്റിയും ഉദ്യോഗക്കയറ്റവും: രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങളിറക്കി

Moonamvazhi

കേരളത്തിലെ സര്‍വീസ് സഹകരണബാങ്കുകളിലും സംഘങ്ങളിലുമുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍തസ്തികയുടെ സീനിയോരിറ്റിയും ഉദ്യോഗക്കയറ്റവും സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിയമാനുസൃതം നിയമനം കിട്ടിയിട്ടുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍തസ്തിക അതതു സ്ഥാപനങ്ങളിലെ പോഷകവിഭാഗം ഉപനിബന്ധനയില്‍പ്പെടുത്തി അംഗീകാരം നല്‍കാം.

ജൂനിയര്‍ ക്ലാര്‍ക്കായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍തസ്തികയില്‍ കുറഞ്ഞതു മൂന്നു വര്‍ഷം യോഗ്യസേവനവുമുള്ള ജീവനക്കാരെ സഹകരണസ്ഥാപനത്തില്‍ നിലവിലുള്ള ജൂനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോരിറ്റിലിസ്റ്റില്‍ അടുത്ത സ്ഥാനം നല്‍കി ഉദ്യോഗക്കയറ്റത്തിനു പരിഗണിക്കാവുന്നതാണെന്നു രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ടൈപ്പിസ്റ്റ്, അറ്റന്റര്‍, പ്യൂണ്‍, സെയില്‍സ്മാന്‍, ഡിപ്പോ മാനേജര്‍, സ്റ്റോര്‍കീപ്പര്‍, ബില്‍ കളക്ടര്‍, വാച്ച്മാന്‍ തസ്തികകളിലുള്ള ജീവനക്കാരെപ്പോലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കും സഹകരണപരിശീനത്തില്‍ പങ്കെടുക്കാവുന്നതാണ്. 2024 മെയ് നാലിനു പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ – 14 / 2024 ലാണ് ഈ മാര്‍ഗനിര്‍ദേശങ്ങളുള്ളത്.

സഹകരണബാങ്കുകളിലും സംഘങ്ങളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് വഴി നിയമനം തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായെന്നും പല സ്ഥാപനങ്ങളും ഫീഡര്‍ കാറ്റഗറിയില്‍ ഈ തസ്തികയുടെ ഉദ്യോഗക്കയറ്റവും സീനിയോരിറ്റിയും സംബന്ധിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നും കാണിച്ച് സഹകരണസ്ഥാപനങ്ങളിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. അതുപോലെ, സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ജോയിന്റ് രജിസ്ട്രാര്‍മാരും സഹകരണസ്ഥാപനങ്ങളും അപേക്ഷകള്‍ നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.