നിയമഭേദഗതിയില്‍ ചില തിരുത്തല്‍ വേണ്ടിവരും; മാറ്റങ്ങള്‍ ഏറെയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നത്- സി.എന്‍.വിജയകൃഷ്ണന്‍

Moonamvazhi

സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഈ ഭേദഗതിയിലെ നിര്‍ദ്ദേശങ്ങളിലേറെയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതാണെങ്കിലും, ചിലതില്‍ തിരുത്തല്‍ വേണ്ടിവരുമെന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും അന്ന് വിമര്‍ശിച്ചവര്‍ക്ക് ഇപ്പോള്‍ ശരിയായിരുന്നുവെന്ന് തോന്നുന്നുണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഈ ഭേദഗതിയോട് കൂടി എല്ലാ സഹകരണ സംഘങ്ങളിലും 10 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ കിട്ടാന്‍ പ്രയാസമായിരിക്കും. ഭരണ സമിതിക്ക് പരമാവധി 10 ലക്ഷം വരെയുള്ള വായ്പകളെ പാസാക്കാന്‍ അനുമതിയുള്ളൂ. സംഘം ഭരണ സമിതിയിലെ മൂന്ന് ഡയറക്ടര്‍മാരും എക്‌സിക്യൂട്ടീവ് ഓഫീസറും രജിസ്റ്റേര്‍ഡ് വാല്യൂവറും കൂടിയ ഒരു സമിതിക്ക് മാത്രമെ 10 ലക്ഷത്തിന് മുകളിലുള്ള വായ്പ അപേക്ഷ പാസ്സാക്കാന്‍ കഴിയുകയുള്ളൂ.ഇതിന് പ്രൊജക്ട് റിപ്പോര്‍ട്ടുകളും മറ്റും വേണ്ടിവരും. വായ്പാ രംഗത്ത് വന്ന കാതലായ ഒരു മാറ്റം ഇതാണെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു.

സംഘങ്ങളുടെ ഭരണ സമിതിയിലെ അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍ക്ക് (അമ്മ, അച്ഛന്‍, ഭര്‍ത്താവ് തുടങ്ങി ബന്ധുക്കള്‍ എന്ന വിഭാഗത്തില്‍ വരുന്ന ആളുകള്‍ക്ക്) വായ്പ അനുവദിച്ചാലും അതിന്‍മേല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. കുടിശ്ശിക ഉണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശ്ശനമായ നടപടി എടുക്കണം. നടപടി എടുത്തില്ലങ്കില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ മേല്‍ നടപടി എടുക്കാവുന്നതാണ്. അതുമാത്രമല്ല സംഘത്തിന്റെ ഓരോ വര്‍ഷത്തെയും വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഡയറക്ടര്‍മാരുടെയും ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും പേരില്‍ എത്ര തുക വായ്പ എടുത്തിട്ടുണ്ടെന്ന് അവതരിപ്പിക്കണം. തിരിച്ച് അടച്ചതും അടവാക്കാത്തതുമായ തുക കൃത്യമായി അജണ്ട വച്ച് ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കണം. ഇതൊരു വലിയ മാറ്റമാണ്. ഇപ്പോള്‍ സഹകരണ മേഖലയില്‍ നിലവിലുള്ള ബിനാമി വായ്പള്‍ തടയാന്‍ ഈ മാറ്റം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇപ്പോഴത്തെ വ്യവസ്ഥകളില്‍ ചിലത് തിരുത്തേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ്, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് മൂന്ന ടേമില്‍ കൂടുതല്‍ ഭരണസമിതിയില്‍ ഇരിക്കുവാന്‍ പാടില്ല എന്ന വകുപ്പ് തത്വത്തില്‍ അംഗീകരിക്കാവുന്നതാണെങ്കിലും അത് ജനാധിപത്യ വിരുദ്ധമാണ്. ഇതിനെതിരെ സഹകാരികള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. സംഘത്തിന്റെ പൊതുയോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യാനുള്ള അധികാരമുള്ള ഒരാള്‍ക്ക്, ഭരണസമിതി അംഗമാകാന്‍ മത്സരിക്കാനുള്ള അയോഗ്യത എന്ന് പറയുന്നത് ജനാധിപത്യരീതിയല്ല. അതിനാല്‍, ഈ രീതിക്ക് മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു. ഈ ബില്ലിലെ വലിയൊരു പ്രത്യേകത എന്ന് പറയുന്നത് രജിസ്ട്രാറുടെ അധികാരം അദ്ദേഹത്തിന് തോന്നുന്ന പക്ഷം പോലീസിനെ ഏല്‍പ്പിക്കാം എന്ന് പറയുന്ന ഒരു വകുപ്പാണ്.

ബില്ലില്‍ പറഞ്ഞിരിക്കുന്ന ബാക്കിയുള്ള കാര്യങ്ങള്‍ അംഗീകരിക്കാവുന്നതാണ്. ഈ ബില്‍ സഹകരണ മേഖലക്ക് മുതല്‍ കൂട്ടാവുന്നതാണ്. ഇത് നടപ്പാക്കിയാല്‍ സഹകരണ മേഖല സംരക്ഷിക്കപ്പെടും എന്നാണ് സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പറയാനുള്ളത്. ബാക്കി കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി സഹകാരികള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതാണ്. കേരള ബാങ്ക് വരുമ്പോള്‍ ഇത് സഹകരണ മേഖലയെ നശിപ്പിക്കുമെന്ന് സഹകരണ ഫെഡറേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. അത് സംഭവിച്ച് കഴിഞ്ഞിരിക്കുകയാണ്. ജില്ലാ ബാങ്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കരുവന്നൂര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുമായിരുന്നു.

മുന്‍കാലങ്ങളില്‍ സഹകരണ സംഘങ്ങളില്‍ വരുന്ന അപാകതകള്‍ പരിഹരിക്കാന്‍ അന്ന് ജില്ലാ ബാങ്കുകള്‍ ഉണ്ടായിരുന്നു. കേരളാ ബാങ്കിനെ കൊണ്ട് സഹകരണ സംഘങ്ങള്‍ക്ക് യാതൊരു ഗുണവുമില്ല. മാനേജിങ് ഡയറക്ടറെ നിയമിക്കാനുള്ള അധികാരം പോലും റിസര്‍വ് ബാങ്കിന് മാത്രമായി പരിമിതപ്പെടുത്തി. സഹകരണ ഫെഡറേഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഫെഡറേഷനെ മോശമായി ചിത്രീകരിച്ച ആളുകളുണ്ട്. സഹകരണ ഫെഡറേഷന്‍ രാഷ്ട്രീയത്തിന് അതീതമായി സഹകരണ മേഘലയിലെ സംരക്ഷണം മാത്രമാണ് എടുത്തു പറയുന്നത്. അത് മനസ്സിലാക്കാന്‍ വൈകിപ്പോയി എന്നുള്ളത് അത് നടപ്പിലാക്കിയ ആളുകള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.