ഒമ്പത് ബാങ്കിതരധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

moonamvazhi

ഒമ്പതു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇവ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ് ബാങ്കിനെ തിരിച്ചേല്‍പിച്ചതിനെത്തുടര്‍ന്നാണിത്. ബിസിനസില്‍നിന്നു പിന്‍വാങ്ങിയതും രജിസ്റ്റര്‍ ചെയ്യാത്ത കോര്‍ നിക്ഷേപക്കമ്പനികളായി (സി.ഐ.സി) മാറാനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതും ലയനംപോലുള്ള കാരണങ്ങളുമാണു സര്‍ട്ടിഫിക്കറ്റ് തിരിച്ചുകൊടുക്കാന്‍ കാരണം.

വിഗ്ഫിന്‍ ഹോള്‍ഡിങ്‌സ്, സ്ട്രിപ് കൊമ്മോഡീല്‍, അല്ലിയും ഫിനാന്‍സ്, എറ്റെര്‍നൈറ്റെ ഫിന്‍വെസ്റ്റ്, ഫിനോ ഫിനാന്‍സ് എന്നിവ ബാങ്കിതരധനകാര്യസ്ഥാപന ബിസിനസില്‍നിന്നു മാറിയതുകൊണ്ടാണു ലൈസന്‍സ് തിരിച്ചുകൊടുത്തത്. രജിസ്റ്റര്‍ ചെയ്യേണ്ടതില്ലാത്ത സി.ഐ.സി.കളായി പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണു മൂന്നു കമ്പനികള്‍ എന്‍.ബി.എഫ്.സി. ലൈസന്‍സ് തിരികെസമര്‍പ്പിച്ചത്. അല്ലെഗ്രോ ഹോള്‍ഡിങ്‌സ്, ടെമ്പിള്‍ ട്രീസ് ഇമ്പെക്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്, ഹെം ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണു സി.ഐ.സി.കളായി പ്രവര്‍ത്തിക്കുന്നത്. ലയനംമൂലം ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് നിയമപരമായി നിലവിലില്ലാതായതാണ് അതിന്റെ രജിസ്‌ട്രേഷന്‍ തിരികെ സമര്‍പ്പിക്കാന്‍ കാരണം. ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിലാണ് ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലയിച്ചത്.