ലിക്വുഡേറ്റര്‍മാരെ നിയമിച്ച് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍

moonamvazhi

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളില്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ടു മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ക്കൂടി കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ ആനന്ദ്കുമാര്‍ഷാ ലിക്വിഡേറ്റര്‍മാരെ നിയമിച്ച് ഉത്തരവായി. അംഗങ്ങള്‍ക്കു നിക്ഷേപം തിരിച്ചുനല്‍കാതെ മ്യൂച്വല്‍ഫണ്ടിലുംമറ്റും നിക്ഷേപിച്ച ഒരു സംഘത്തിനും മേല്‍വിലാസത്തില്‍ സ്ഥാപനമില്ലെന്നു കണ്ട മറ്റൊരു സംഘത്തിനുമെതിരെയാണ് ഉത്തരവ്. ഇതോടെ രാജ്യത്തു ലിക്വിഡേറ്റര്‍മാര്‍ നിയമിക്കപ്പെട്ട മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ എണ്ണം 90 ആയി. രാജസ്ഥാനിലെ ജയ്പൂര്‍ കേശവ് എന്‍ക്ലേവിലുള്ള യുണൈറ്റഡ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസഹകരണസംഘത്തിലും ജയ്‌സാല്‍മറിലുള്ള വികാസ് സഹകരണവായ്പാസംഘത്തിലുമാണ് ഏറ്റവും ഒടുവില്‍ ലിക്വിഡേറ്റര്‍മാര്‍ നിയമിക്കപ്പെട്ടിരിക്കുന്നത്.

യുണൈറ്റഡ് മള്‍ട്ടിസ്റ്റേറ്റ് സംഘത്തില്‍ 2021 മാര്‍ച്ച് 31ന് 92,49,43,255 നീക്കിയിരിപ്പുണ്ടായിരുന്നുവെന്നു രാജസ്ഥാന്‍ സഹകരണരജിസ്ട്രാര്‍ കേന്ദ്രരജിസ്ട്രാര്‍ക്കു സമര്‍പ്പിച്ച പരിശോധനാറിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപകര്‍ക്കു കൊടുക്കാനുള്ളതു കൊടുത്തശേഷം ബാക്കി ദേശസാത്കൃതബാങ്കില്‍ നിക്ഷേപിക്കുകയാണു നിയമപ്രകാരം ചെയ്യേണ്ടിയിരുന്നത്. അതുചെയ്യാതെ കോടികള്‍ മ്യൂച്വല്‍ഫണ്ടിലും സംഘത്തിന്റെ സഹോദരഘടകമായ സ്ഥാപനത്തിലും നിക്ഷേപിച്ചുവെന്നാണു പരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. നല്‍കിയതായി പറയുന്ന വായ്പകള്‍ കടലാസിലേയുളളൂ, വായ്പാവിതരണവുമായി ബന്ധപ്പെട്ട മിക്കരേഖയും വ്യാജമാണ്, ക്വാറവും ചട്ടവും പാലിച്ചല്ല വായ്പകള്‍ അനുവദിച്ചത്, മിക്ക വായ്പാഫയലിലും വായ്പക്കാരുടെ പേരും അംഗത്വച്ചീട്ടുമില്ല, അപേക്ഷിച്ച തുകകളും കൊടുത്ത തുകകളും തമ്മില്‍ വ്യത്യാസമുണ്ട്, വായ്പ അക്കൗണ്ടിലേക്കു കൈമാറാതെ മിക്കവര്‍ക്കും പണമായി നല്‍കിയതായി കാണുന്നു തുടങ്ങിയ അപാകങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വായ്പാജാമ്യവും ഗ്യാരന്റിയും സംബന്ധിച്ച രേഖകളില്ലാത്തതും ഗ്യാരന്ററുടെ ഒപ്പില്ലാത്തതും വായ്പാരേഖകള്‍ കൃത്രിമമാണെന്നു വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

വായ്പാഫയലുകളില്‍ രേഖകളായി റേഷന്‍കാര്‍ഡിന്റെയോ ആധാര്‍കാര്‍ഡിന്റെയോ പകര്‍പ്പുകളേയുള്ളൂ. ഇവ അക്കൗണ്ട് എടുത്തപ്പോള്‍ ശേഖരിച്ചതാവാം. നടപടിക്രമങ്ങളില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സി.ഇ.ഒ.യുമേ ഒപ്പിട്ടിട്ടുള്ളൂ. മറ്റു ഭരണസമിതിയംഗങ്ങളുടെ ഹാജര്‍രേഖകള്‍ ലഭ്യമല്ല. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വാസ്തവത്തില്‍ സംഘത്തിന്റെ വൈസ് ചെയര്‍മാനാണ്. രേഖകളില്ലാത്തതിനാല്‍ എത്ര രൂപയുടെ ക്രമക്കേടുണ്ടെന്നു വ്യക്തമല്ല. വ്യാജരേഖകള്‍ ഉണ്ടാക്കി അംഗങ്ങളുടെ നിക്ഷേപം അപകടത്തിലാക്കുകയും ദുരുപയോഗം ചെയ്യുകയും ക്രമക്കേട് നടത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഭരണസമിതിയംഗങ്ങള്‍ക്കെതിരെ കേസുകള്‍ നല്‍കാനും അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും പണം തിരിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ 2019 ലെ ബഡ്‌സ് നിയമത്തിലെ 4, 22 അനുച്ഛേദങ്ങള്‍ പ്രകാരം ബന്ധപ്പെട്ട കോടതികളില്‍ സംഘത്തിനെതിരെ ഹര്‍ജികള്‍ നല്‍കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഇതിനായി രാജസ്ഥാന്‍ സഹകരണരജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ന്നു 2023 ഫെബ്രുവരി ആറിനു സംഘത്തിനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പലതവണ ചെന്നിട്ടും ആരെയും കണ്ടില്ല എന്ന കുറിപ്പോടെ അതു മടങ്ങി. 201819നുശേഷം വാര്‍ഷികക്കണക്കുകളും സംഘം സമര്‍പ്പിച്ചില്ല. സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നാണു കാണുന്നതെന്നതിനാല്‍ അടച്ചുപൂട്ടുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ 2023 മാര്‍ച്ച് ഒന്നിനു നോട്ടീസ് നല്‍കി. സഹകരണസംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ശരിയല്ലെന്നു സംഘം ചെയര്‍മാന്‍ ദിനേശ് കുക്രേജ മാര്‍ച്ച് 22നു മറുപടി നല്‍കി. വായ്പകള്‍ ശരിയായിത്തന്നെയാണു നല്‍കിയതെന്നും കോവിഡ് കാലത്ത് അംഗങ്ങള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയതോടെയാണു പ്രശ്‌നങ്ങളുണ്ടായതെന്നും അദ്ദേഹം അറിയിച്ചു. ഭരണസമിതി കര്‍ശനനടപടികളെടുക്കുകയും 45 കോടിയിലേറെ തിരിച്ചുപിടിക്കുകയും ചെയ്തു, സാമ്പത്തികഞെരുക്കംമൂലം ഓഡിറ്റ് നടക്കാതിരുന്നതിനാലാണു വരവുചെലവുകണക്കുകള്‍ സമര്‍പ്പിക്കാതിരുന്നത്, ഓഡിറ്റു നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നീ വാദങ്ങളും അദ്ദേഹം ഉന്നയിച്ചു. ഓഡിറ്റുചെയ്ത കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കാമെന്നും വാര്‍ഷികപൊതുയോഗം ഉടന്‍ ചേരുമെന്നും അറിയിക്കുകയും ചെയ്തു.

അതേസമയം, പരിശോധനാറിപ്പോര്‍ട്ടിലെ ഓരോ കണ്ടെത്തലിനും തെളിവുസഹിതമുള്ള ഉത്തരം കുക്രേജയുടെ മറുപടിയിലില്ലെന്നു കേന്ദ്രസഹകരണരജിസ്ട്രാര്‍ വിലയിരുത്തി. അതിനാല്‍ നവംബര്‍ ഒന്നിനു തെളിവെടുപ്പിനു ഹാജരാകാന്‍ കുക്രേജക്കു നോട്ടീസ് നല്‍കി. അതു കൈപ്പറ്റാതെ മടങ്ങി. എങ്കിലും കുക്രേജ തെളിവെടുപ്പില്‍ പങ്കെടുത്തു. നോട്ടീസും പരിശോധനാറിപ്പോര്‍ട്ടും തനിക്കു കിട്ടിയില്ലെന്ന് അദ്ദേഹം ബോധിപ്പിച്ചു. ഇവ തരാന്‍ അഭ്യര്‍ഥിക്കയും ചെയ്തു. 11നു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അദ്ദേഹത്തിനു കൊടുത്തു. ഓഡിറ്റ് റിപ്പോര്‍ട്ട്, ഭരണസമിതിയംഗങ്ങളുടെയും സഹോദരസ്ഥാപനങ്ങളുടെയും നിക്ഷേപങ്ങളുടെയും കൈയിലുള്ള പണത്തിന്റെയും വിവരങ്ങള്‍, പരിശോധനാറിപ്പോര്‍ട്ടിലുള്ള അഭിപ്രായം എന്നിവ സമര്‍പ്പിക്കണമെന്നു കത്ത് അയക്കുകയും ചെയ്തു. പക്ഷേ, ആള്‍ സ്ഥലത്തില്ല എന്ന കുറിപ്പോടെ കത്തു മടങ്ങി. 28ന് ഓര്‍മപ്പെടുത്തല്‍കത്തയച്ചു. അതിനും മറുപടി വന്നില്ലെന്നു കേന്ദ്രസഹകരണരജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. നിക്ഷേപം തിരിച്ചുകിട്ടിയില്ലെന്നു പലരും കേന്ദ്രരജിസ്ട്രാറോടു പരാതിപ്പെട്ടിട്ടുണ്ട്. സംഘത്തെപ്പറ്റിയുള്ള രേഖകള്‍ ആവശ്യപ്പെട്ടു പൊലീസും സമീപിച്ചിട്ടുണ്ട്. നിരവധി കത്തും നോട്ടീസും കൊടുത്തിട്ടും പരിശോധനാറിപ്പോര്‍ട്ടിലെ ഓരോ കാര്യത്തെയുംകുറിച്ചുള്ള അഭിപ്രായം അറിയിച്ചിട്ടില്ല. സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നാണു തോന്നുന്നത്. ഇത്രയും വിശദീകരിച്ചുകൊണ്ടാണ് ജയ്പൂര്‍ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറെ ലിക്വിഡേറ്ററായി നിയമിച്ച് കേന്ദ്രസഹകരണരജിസ്ട്രാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളത്.

വികാസ് സഹകരണവായ്പാസംഘമാകട്ടെ വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിച്ചിരുന്നില്ല. രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ ഇങ്ങനെയാരു സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നു 2023 ഏപ്രില്‍ ആറിനു രാജസ്ഥാന്‍ സഹകരണരജിസ്ട്രാര്‍ റിപ്പോര്‍ട്ടു നല്‍കി. ലിക്വിഡേറ്റു ചെയ്യാന്‍ ശുപാര്‍ശയും ചെയ്തു. കാരണംകാണിക്കല്‍നോട്ടീസിനും ഓര്‍മപ്പെടുത്തലിനും ആക്ഷേപം ബോധിപ്പിക്കാനുള്ള നോട്ടീസിനും പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജയ്‌സാല്‍മറിലെ സഹകരണഡെപ്യൂട്ടിരജിസ്ട്രാറെ ലിക്വിഡേറ്ററായി കേന്ദ്രസഹകരണരജിസ്ട്രാര്‍ നിയമിച്ചു. സഹകരണഫെഡറേഷനായ ഇഫ്‌കോയും അതിലെ അംഗമായ ചിന്താമണി താലൂക്ക് കാര്‍ഷികോത്പാദനസഹകരണവിപണനസംഘവും തമ്മിലുള്ള ഒരു തര്‍ക്കത്തില്‍ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ഫിലിപ്പ് തങ്ക്‌ളിയാങ്മാങ്ങിനെ ആര്‍ബിട്രേറ്ററായി നിയമിച്ചും ഉത്തരവായിട്ടുണ്ട്. കേന്ദ്രസഹകരണജോയിന്റ് രജിസ്ട്രാര്‍ മോണിക്ക ഖന്നയുടെതാണ് ഈ ഉത്തരവ്.

Leave a Reply

Your email address will not be published.