അമുലിന്റെ ആദ്യലക്ഷ്യം തമിഴ്‌നാട്; ആവിനു ക്ഷീണമാകുമെന്ന് ആശങ്ക

Moonamvazhi
  • തമിഴ്‌നാട്ടില്‍ പാലിനു സംഭരണവില കൂട്ടണമെന്നു കര്‍ഷകര്‍
  • തമിഴ്‌നാട് വിപണി പിടിക്കാന്‍ അമുല്‍ മുമ്പും ശ്രമം നടത്തി  

ഗുജറാത്ത് ക്ഷീര സഹകരണ വിപണനഫെഡറേഷനായ അമുല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാല്‍വിതരണ സംഭരണ മേഖലയിലേക്ക് കടക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടമായി തമിഴ്‌നാടാണ് ലക്ഷ്യമിടുന്നത്. നേരത്തെ കര്‍ണാടകയില്‍ പാല്‍വിതരണം നടത്തുന്ന സഹകരണ സ്ഥാപനമായ നന്ദിനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. മില്‍മയുടെ കടുത്ത എതിര്‍പ്പുകൊണ്ടാണ് ഇതില്‍നിന്ന് താല്‍ക്കാലികമായി അവര്‍ പിന്മാറിയത്. ദേശീയതലത്തില്‍ പാല്‍വിതരണ ശൃംഖല ഒരുക്കാനുള്ള ലക്ഷ്യമാണ് അമൂലിനുള്ളതെന്നാണ് വിവരം.

അമൂല്‍ പാല്‍സംഭരണ വിതരണ മേഖലയിലേക്കു കടക്കുമെന്ന അഭ്യൂഹം തമിഴ്‌നാട്ടിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അമുലില്‍നിന്നു കടുത്തമല്‍സരം നേരിടേണ്ടിവന്നാല്‍ തമിഴ്‌നാട്ടിലെ ക്ഷീര സഹകരണ ഫെഡറേഷനായ ആവിന്‍ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. അമുല്‍ മില്‍ക്കിന്റെ വില ആവിന്റെ വിലയെക്കാള്‍ കൂടുതലാണെങ്കിലും സ്വകാര്യഡെയറികളുടെതിനെക്കാള്‍ കുറവാണ്. തമിഴ്‌നാട് ക്ഷീരോല്‍പാദകക്ഷേമ അസോസിയേഷനും മറ്റും സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അമുല്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നില്ലെന്നാണു തമിഴ്‌നാട്‌സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്.

ശെങ്കുട്ടുവേലിന്റെ നേതൃത്വത്തില്‍ 1970 മുതല്‍ ത്രിതലസംവിധാനമായി കെട്ടിപ്പടുത്തതാണ് ആവിന്റെ ശൃംഖല. അമുല്‍ പോലൊരു ഭീമനുമായി മല്‍സരിക്കാനുള്ള ശേഷി ആവിനില്ലെന്നു തമിഴ്‌നാട് ക്ഷീരോല്‍പ്പാദകക്ഷേമ അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ പാല്‍സംഭരണവില കൂട്ടുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 50 രൂപ ചെലവുണ്ടെങ്കിലും 33 രൂപയേ വില കിട്ടുന്നുള്ളൂവെന്നാണ് അവരുടെ പരാതി. സംഭരണവില കൂട്ടണമെന്നാണ് അവരുടെ ആവശ്യം. ഇതുമൂലം നിരവധി ക്ഷീരകര്‍ഷകര്‍ സഹകരണമേഖലയോടു മുഖം തിരിച്ചു. ഇവരെ സഹകരണമേഖലയിലേക്കു തിരികെ ആകര്‍ഷിക്കാന്‍ ആവിന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും കാലിത്തീറ്റസബ്‌സിഡി വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഉഷ്ണകാലത്തു പാലുല്‍പ്പാദനം കുറഞ്ഞിരുന്നു. മഴക്കാലമായതോടെ ഇതുമാറി. ഇപ്പോള്‍ ആവിന്റെ പാല്‍സംഭരണം വര്‍ധിച്ചിട്ടുണ്ട്. ദിവസം 2830 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ഏതാനും ആഴ്ച കഴിയുമ്പോള്‍ സ്ഥിരമായി 30 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കാനാവും. ആഴ്ചകള്‍ക്കുമുമ്പുവരെ 2627 ലക്ഷം ലിറ്റര്‍ മാത്രമാണു സംഭരിക്കാനായിരുന്നത്. അതേസമയം, തമിഴ്‌നാട്ടില്‍ 2.3 കോടി ലിറ്റര്‍ പാല്‍ പ്രതിദിനം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 3035 ലക്ഷംലിറ്റര്‍ വരെ മാത്രമേ ആവിനു സംഭരിക്കാന്‍ കഴിയുന്നുള്ളൂവെന്നും പരമാവധി 45 ലക്ഷം ലിറ്റര്‍വരെ കൈകാര്യംചെയ്യാനുള്ള ശേഷിയേ അതിനുള്ളൂവെന്നുമാണു മറുവാദം. ആവിന്‍ നല്‍കുന്നതിലും ഉയര്‍ന്നവില പല സ്വകാര്യഡെയറികളും ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്നുണ്ടെന്നു ക്ഷീരകര്‍ഷകക്ഷേമ അസോസിയേഷന്‍ പറയുന്നു.

മുമ്പും അമുല്‍ തമിഴ്‌നാട് വിപണിയില്‍ പ്രവേശിക്കാന്‍ നീക്കം നടത്തിയിരുന്നു. അന്നു പ്രതിഷേധമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇടപെടുകയുണ്ടായി. തമിഴ്‌നാട് വിപണിയിലേക്കു കടക്കാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയാന്‍ അമുലിനു നിര്‍ദേശം നല്‍കണമെന്നു അന്നു സ്റ്റാലിന്‍ കേന്ദ്രസഹകരണമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi