പണപ്പെരുപ്പം കുറയുന്നത് സാവധാനത്തില്‍; റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും 

moonamvazhi
  •  2024 – 25ല്‍ 7.2 ശതമാനം ജി.ഡി.പി.വളര്‍ച്ച പ്രതീക്ഷിക്കുന്നു
  • ചില മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഭവനധനസഹായക്കമ്പനികളും മറ്റും കൊള്ളപ്പലിശ്ഈടാക്കുന്നതായി പരാതി
  • ടാര്‍ജറ്റ് കൂട്ടിയുള്ള സമ്മര്‍ദങ്ങളും ഇന്‍സന്റീവുകളും തൊഴില്‍സംസ്‌കാരം മോശമാക്കും

പലിശനിരക്ക് (റിപ്പോനിരക്ക്) 6.5 ശതമാനമായിത്തന്നെ തുടരാന്‍ റിസര്‍വ് ബാങ്കിന്റെ മൂന്നു ദിവസത്തെ പണനയസമിതിയോഗം തീരുമാനിച്ചതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതു പത്താം തവണയാണു പണനയസമിതി റിപ്പോ നിരക്ക് മാറ്റേണ്ടെന്നു തീരുമാനിക്കുന്നത്. സ്റ്റാന്റിങ് നിക്ഷേപ ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റിനിരക്കും ബാങ്ക്‌നിരക്കും 6.75 ശതമാനമായും തുടരും. അര്‍ബന്‍ സഹകരണബാങ്കുകളുടെ ധനസമാഹരണസാധ്യതകള്‍ വര്‍ധിപ്പിക്കാനും സുഗമമാക്കാനുമുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ സംവാദരേഖ പ്രസിദ്ധീകരിക്കും. നിര്‍ദേശങ്ങള്‍ ഇതില്‍ സമര്‍പ്പിക്കാം.

ഓരോ യുപിഐ. 123പേയുടെയും ഇടപാടുപരിധി 5000 രൂപയില്‍നിന്നു 10,000രൂപയാക്കാന്‍ തീരുമാനിച്ചു. യു.പി.ഐ. ലൈറ്റ് വാലറ്റിന്റെ പരിധി 2000 രൂപയില്‍നിന്ന് 5000 രൂപയാക്കും. ഇതിലെ ഓരോ ഇടപാടിന്റെയും പരിധി 500 രൂപയില്‍നിന്ന് 1000 രൂപയാക്കും. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.റ്റി. സേവനങ്ങളില്‍ പണമടക്കുംമുമ്പു പണംകിട്ടേണ്ടയാളുടെ പേര് പരിശോധിച്ചുബോധ്യപ്പെടാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇപ്പോള്‍ ഈ സൗകര്യം യുപിഐയിലും ഉടന്‍പണസേവനങ്ങളിലും (ഐ.എം.പി.എസ്) ആണുള്ളത്. ബിസിനസിതരകാര്യങ്ങള്‍ക്കു വ്യക്തികള്‍ക്ക് അനുവദിക്കുന്ന വായ്പകളില്‍ കാലാവധിക്കുമുമ്പു വായ്പ തീര്‍ത്താല്‍ പിഴ ചുമത്താന്‍ ബാങ്കുകള്‍ക്കും ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ക്കും അധികാരമില്ലെന്ന വ്യവസ്ഥ സൂക്ഷ്മ, ചെറുകിടസംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ക്കും ബാധകമാക്കും. ഇതിനായി സര്‍ക്കുലര്‍ ഇറക്കും. കാലാവസ്ഥാവ്യതിയാനം സാമ്പത്തികറിസ്‌ക് വര്‍ധിപ്പിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച വിവരശേഖരമായ റിസര്‍വ് ബാങ്ക്കാലാവസ്ഥാ വിവരസംവിധാനം (ആര്‍.ബി.സി.ആര്‍.ഐ.എസ്) രൂപവത്കരിക്കും.

പണനയസമിതിയില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസും സൗഗതാറോയ്, പ്രൊഫ. രാംസിങ്, ഡോ. രാജീവ് രഞ്ജന്‍, ഡോ. മൈക്കേല്‍ ദേബബ്രത പാത്ര എന്നിവരും റിപ്പോനിരക്കില്‍ മാറ്റം വേണ്ടെന്ന നിലപാടെടുത്തു. നിരക്ക് 25 അടിസ്ഥാനപോയന്റ് കുറക്കണമെന്നു ഡോ. നാഗേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. നിരക്കു വ്യത്യാസമില്ലാത്തതിനാല്‍ ഭവന, വാഹനവായ്പ പലിശനിരക്കുകള്‍ ഉയരാനിടയില്ല. ഡിസംബര്‍ നാലുമുതല്‍ ആറുവരെയാണ് അടുത്ത പണനയസമിതിയോഗം. പണപ്പെരുപ്പവും വളര്‍ച്ചയും സമതുലിതമാണെന്നു യോഗം വിലയിരുത്തി. പണപ്പെരുപ്പം കുറയുകയാണ്. പക്ഷേ, സാവധാനത്തിലാണു കുറയുന്നത്. കയറ്റിറക്കങ്ങളുമുണ്ട്. ഭക്ഷ്യ വിലക്കയറ്റം സാമ്പത്തികവര്‍ഷവസാനത്തോടെ അയയുമെന്നാണു പ്രതീക്ഷ. ഖരീഫ് വിളവും ഭക്ഷ്യധാന്യശേഖരവും അനുകൂലമാവും. മോശമായ കാലാവസ്ഥ പ്രശ്‌നമാണ്.

ആഭ്യന്തരവളര്‍ച്ച ശക്തമാണ്. ഉപഭോഗവും നിക്ഷേപവും വളരുന്നുണ്ട്. ഇതൊക്കെ വിലക്കയറ്റം നാലു ശതമാനമായി കുറക്കാനുള്ള ശ്രമങ്ങള്‍ക്കു സഹായകമാണ്. ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ഭൗമരാഷ്ട്രീയസംഘര്‍ഷങ്ങളും സാമ്പത്തികവിപണിയില്‍ ചാഞ്ചാട്ടങ്ങളും പൊതുകടം വര്‍ധനയും നിര്‍മാണരംത്ത് ഇടിവുമുണ്ട്. എങ്കിലും, ലോകവ്യാപാരം മെച്ചപ്പെടുകയാണ്. വിലക്കയറ്റവും മയപ്പെടുന്നുണ്ട്. ഊര്‍ജനിരക്കുകള്‍ കുറഞ്ഞതാണു വിലക്കയറ്റം മയപ്പെടാന്‍ കാരണം. ഇന്ത്യയില്‍ 202425ന്റെ ആദ്യത്രൈമാസപാദത്തില്‍ മൊത്ത ആഭ്യന്തരോത്പാദനം 6.7 ശതമാനം വളര്‍ന്നു. നിക്ഷേപങ്ങള്‍ ഉയര്‍ന്നതും ആഭ്യന്തരസ്വകാര്യോപഭോഗം വര്‍ധിച്ചതുമാണു കാരണം. ജി.ഡി.പി.യില്‍ നിക്ഷേപത്തിന്റെ വിഹിതം 201213നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വിതരണരംഗത്തു കൂട്ടിച്ചേര്‍ക്കപ്പെട്ട മൊത്തമൂല്യം (ജി.വി.എ) 6.8 ശതമാനം വര്‍ധിച്ചു. ഇതു ജി.ഡി.പി.യെക്കാള്‍ കൂടുതലായി. വ്യവസായ,സേവനമേഖലകളിലെ കരുത്താണ് കാരണം. 202425ല്‍ 7.2 ശതമാനം ജി.ഡി.പി.വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്.

സാധാരണയില്‍കവിഞ്ഞ തെക്കുപടിഞ്ഞാറന്‍ കാലര്‍ഷം കാര്‍ഷികവളര്‍ച്ചയെ സഹായിച്ചു. സംഭരണികളില്‍ കൂടുതല്‍ വെള്ളമുള്ളത് അടുത്ത റാബി വിളയ്ക്കും സഹായമാണ്. ആഭ്യന്തരഡിമാന്റ് വര്‍ധിച്ചതിനാല്‍ നിര്‍മാണപ്രവര്‍ത്തനം മെച്ചപ്പെടുകയാണ്. എട്ട് അടിസ്ഥാന വ്യവസായങ്ങളുടെ ഉത്പാദനം ഓഗസ്റ്റില്‍ 1.8 ശതമാനം കുറഞ്ഞു. കനത്തമഴ ഉത്പാദനം കുറച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഡിമാന്റ് വര്‍ധിക്കുന്നുണ്ട്.

ബാങ്ക്എന്‍.ബി.എഫ്.സി.രംഗം ശക്തമാണ്; പ്രത്യേകിച്ച് എന്‍.ബി.എഫ്.സി. ഇതുമൂലം കൂടുതല്‍ വായ്പാപ്രവാഹമുണ്ടായി്. വിദൂരവും വേണ്ടത്ര എത്തിപ്പെട്ടിട്ടില്ലാത്തതുമായ മേഖലകള്‍ക്ക് ഇതു പ്രയോജനപ്പെട്ടു. പക്ഷേ, പല എന്‍.ബി.എഫ്.സി.കളും വളര്‍ച്ചക്ക് അമിതപ്രാധാന്യം നല്‍കുമ്പോള്‍ സുസ്ഥിരവും സുരക്ഷിതവുമായ ബിസിനസ് രീതികളല്ല പിന്തുടരുന്നത്. റിസ്‌ക് പരിഹാരസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നില്ല. ചില മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഭവനധനസഹായക്കമ്പനികളും മറ്റും കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. അവയുടെ ഫീസുകളും പിഴയീടാക്കലുകളും കനത്തതാണ്. ടാര്‍ജറ്റ് സമ്മര്‍ദം സൃഷ്ടിച്ചു കൃത്രിമവായ്പാവളര്‍ച്ചയുണ്ടാക്കുന്നു. ഇതു പരിഹരിച്ചില്ലെങ്കില്‍ അവ സാമ്പത്തികസ്ഥിരതാറിസ്‌ക് നേരിടേണ്ടിവരും. ടാര്‍ജറ്റ് കൂട്ടിയുള്ള സമ്മര്‍ദങ്ങളും ഇന്‍സന്റീവുകളുമൊക്കെ തൊഴില്‍സംസ്‌കാരം മോശമാകാനും ഉപഭോക്തൃസേവനത്തിന്റെ നിലവാരം കുറയാനും ഇടയാക്കിയേക്കാം. ഇവ നിയമങ്ങള്‍ പാലിക്കാനും റിസ്‌ക്പരിഹാരസംവിധാനങ്ങള്‍ ശക്തമാക്കാനും നീതിപൂര്‍വകമായ പ്രവര്‍ത്തനച്ചട്ടങ്ങള്‍ പിന്തുടരാനും ശ്രമിക്കണം. വേണ്ടിവന്നാല്‍ റിസര്‍വ് ബാങ്ക് നടപടിയെടുക്കാന്‍ മടിക്കില്ലെന്നും ശക്തികാന്ത്ദാസ് പറഞ്ഞു.