സഹകരണ സംഘം രജിസ്ട്രാര്‍ സ്ഥാനത്ത് വീണ്ടും മാറ്റും; സജിത് ബാബു രണ്ടാംവട്ടം രജിസ്ട്രാര്‍
സഹകരണ സംഘം രജിസ്ട്രാര്‍ തസ്തികയില്‍ വീണ്ടും ഇളക്കി പ്രതിഷ്ഠ. ടി.വി.സുഭാഷിനെ മാറ്റി. പകരം ഡോ. ഡി.സജിത് ബാബുവിനെയാണ് പുതിയ രജിസ്ട്രാറായി നിയമിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ സജിത് ബാബുവായിരുന്നു സഹകരണ സംഘം രജിസ്ട്രാറായി ഉണ്ടായിരുന്നത്. സുഭാഷ് പി.ആര്‍.ഡി. ഡയറക്ടറായി തുടരും. ഇതിനൊപ്പം, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിന് നല്‍കി. സിവില്‍സപ്ലൈസ് വകുപ്പിലെ കമ്മീഷ്ണര്‍ സ്ഥാനത്തുനിന്നാണ് സജിത് ബാബുവിനെ രജിസ്ട്രാറായി നിയമിച്ചത്.
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ വഹിക്കുന്ന തസ്തികകളില്‍ ഏറ്റവും ഇരിപ്പുറയ്ക്കാത സ്ഥാനമായി രജിസ്ട്രാര്‍ പദവി മാറുകയാണ്. അലക്‌സ് വര്‍ഗീസ് രജിസ്ട്രാറായിരിക്കെ അദ്ദേഹം പരിശീലനത്തിന് പോയ ഘട്ടത്തിലാണ് ടി.വി.സുഭാഷിനെ രജിസ്ട്രാറായി നിയമിക്കുന്നത്. ജീവനക്കാരുടെ സ്ഥലം മാറ്റം, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിനുള്ള കരാര്‍വെക്കല്‍ എന്നിവ സംബന്ധിച്ച് ആര്‍.സി.എസ്. ഓഫീസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുഭാഷിന്റെ ആവശ്യം പരിഗണിച്ചാണ് അദ്ദേഹത്തെ മാറ്റി നിയമിച്ചതെന്നാണ് സൂചന.