സഹകരണ സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം ചേരാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

moonamvazhi
  • അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് ഒക്ടോബര്‍ എട്ടിന്
  • വകുപ്പ്ഓഡിറ്റര്‍മാരുടെ ക്ഷാമംകാരണം ഓഡിറ്റ്‌നിര്‍വഹണം കുടിശ്ശികയായി
  • സംഘം ഭരണസമിതിയംഗങ്ങളുടെ അയോഗ്യത ഒഴിവായി 

സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം പൊതുയോഗം നടത്തിയില്ലെങ്കില്‍ സഹകരണസംഘംഭരണസമിതി അയോഗ്യമാക്കപ്പെടുമെന്നതടക്കമുള്ള വ്യവസ്ഥകളില്‍ മൂന്നു മാസത്തേക്ക് ഇളവ്. വകുപ്പ് ഓഡിറ്റര്‍മാരുടെ കുറവാണു കാരണമെന്നാണു സൂചന. എല്ലാ സംഘങ്ങള്‍ക്കും ഇളവ് ബാധകമാണ്. സഹകരണരജിസ്ട്രാറുടെ ശുപാര്‍ശയിലാണു സര്‍ക്കാറിന്റെ ഈ തീരുമാനം. സഹകരണസംഘം നിയമത്തിലെ നാലു വകുപ്പിലായുള്ള 14 ഉപവകുപ്പുകള്‍ പ്രകാരം സംഘങ്ങളുംമറ്റും പാലിക്കാന്‍ ബാധ്യസ്ഥമായ കാര്യങ്ങളിലാണ് ഇളവ്. വേണ്ടത്ര ഡിപ്പാര്‍ട്ട്‌മെന്റ് ഓഡിറ്റര്‍മാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സാമ്പത്തികവര്‍ഷം അവസാനിച്ച് ഒന്നര മാസത്തിനകം സ്റ്റേറ്റ്‌മെന്റുകള്‍ ഓഡിറ്റര്‍ക്കു നല്‍കിയില്ലെങ്കില്‍ സമിതി അയോഗ്യമാകുമെന്നും സ്‌റ്റേറ്റ്‌മെന്റുകള്‍ കിട്ടി 90 ദിവസത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ഇളവു ചെയ്യപ്പെട്ടവയില്‍പ്പെടുന്നു. ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ്‌വിജ്ഞാപനം ( ട.ഞ.ഛ. ചീ. 897 / 2024 ) ഒക്ടോബര്‍ എട്ടിന് ഇറങ്ങി. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയാണു വ്യവസ്ഥകളുടെ പ്രാബല്യം ഒഴിവാക്കിയിരിക്കുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഡിറ്റര്‍മാര്‍ വേണ്ടത്രയില്ലാത്തതിനാല്‍ ഓഡിറ്റ്‌നിര്‍വഹണം കുടിശ്ശികയായിരിക്കുകയാണെന്നു രജിസ്ട്രാര്‍ അറിയിച്ചതായി വിജ്ഞാപനത്തിലുണ്ട്. പൊതുയോഗം വിളിച്ച് ഓഡിറ്റര്‍മാരെ നിയമിച്ചില്ലെങ്കില്‍ ഭരണസമിതി അയോഗ്യമാകുംവിധമാണു വ്യവസ്ഥ. തങ്ങളുടെതല്ലാത്ത കാരണത്താല്‍ അവ അയോഗ്യമാക്കപ്പെടാവുന്ന സാഹചര്യമാകാം ഇത്രയും വകുപ്പുകളും ഉപവകുപ്പുകളും മരവിപ്പിച്ചുനിര്‍ത്താന്‍ പ്രേരകം.

സഹകരണസംഘം നിയമത്തിന്റെ 29ാംവകുപ്പു പ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം പൊതുയോഗം നടത്തിയിരിക്കണം. ഇല്ലെങ്കില്‍ ഉത്തരവാദികളെന്നു രജിസ്ട്രാര്‍ കണ്ടെത്തുന്ന ഭരണസമിതിയംഗങ്ങള്‍ തുടരാനും അടുത്തതവണ മത്സരിക്കാനും അയോഗ്യരാവും. മറ്റു നടപടികള്‍ക്കും വിധേയരാകണം. സാമ്പത്തികവര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ആ സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തിരിക്കണം എന്നുമുണ്ട്. സഹകരണഓഡിറ്റ് ഡയറക്ടര്‍ നിയമിക്കുന്ന ഓഡിറ്റര്‍മാരുടെ സംഘമാണ് ഓഡിറ്റ് നടത്തേണ്ടത്. ഇതു സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സ്‌കീംപ്രകാരം വേണം. നിര്‍ദിഷ്ടസമയത്തിനകം സഹകരണഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച പാനലില്‍നിന്നുള്ള ഓഡിറ്റര്‍മാരെയോ ഓഡിറ്റിങ് സ്ഥാപനത്തെയോ നിയമിക്കാന്‍ ഭരണസമിതി പൊതുയോഗമോ വിശേഷാല്‍പൊതുയോഗമോ വിളിച്ചുകൂട്ടേണ്ടതുണ്ട്. ഇതു നിര്‍ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നു സഹകരണരജിസ്ട്രാര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇല്ലെങ്കില്‍ ഭരണസമിതിയംഗങ്ങളുടെ അംഗത്വം നഷ്ടപ്പെടും. ഭരണസമിതി ഇല്ലാതാകും. പക്ഷേ, ആദ്യം പറഞ്ഞ കാരണത്താല്‍ ഓഡിറ്റര്‍മാരുടെ നിയമനവും പൊതുയോഗം വിളിച്ചുചേര്‍ക്കലും സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ സംഘങ്ങള്‍ക്കു കഴിയാത്ത സാഹചര്യമാണെന്നു വിജ്ഞാപനം സംബന്ധിച്ച വിശദീകരണക്കുറിപ്പ് വ്യക്തമാക്കുന്നു. ഭരണസമിതി ഇല്ലാത്ത അവസ്ഥ സംഘങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കും. അതു പൊതുജനതാത്പര്യത്തിനു വിരുദ്ധമാണ്. അതിനാല്‍ എല്ലാ സംഘങ്ങളെയും മൂന്നു മാസത്തേക്കു വ്യവസ്ഥാപാലനത്തില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണമെന്നു രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. ഇതു സര്‍ക്കാര്‍ അംഗീകരിച്ചതായി കുറിപ്പ് വ്യക്തമാക്കി.

ഒക്ടോബര്‍ എട്ടിനാണു വിജ്ഞാപനം ഇറങ്ങിയത്. 1969ലെ കേരളസഹകരണസംഘംനിയമത്തിലെ 29ാം വകുപ്പിലെ മൂന്നാം ഉപവകുപ്പു പ്രകാരമാണു സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം പൊതുയോഗം വിളിച്ചുകൂട്ടേണ്ടത്. ഇല്ലെങ്കില്‍ അതേവകുപ്പിലെ ഒന്നാം ഉപവകുപ്പു പ്രകാരം രജിട്രാര്‍ക്ക് ആറു മാസം അവസാനിച്ച തീയതി മുതല്‍ 90 ദിവസത്തിനകം പൊതുയോഗം വിളിക്കാന്‍ അധികാരമുണ്ട്. ഇതേവകുപ്പിലെ നാലാം ഉപവകുപ്പു പ്രകാരം നിശ്ചിതകാലാവധിക്കകം പൊതുയോഗം വിളിക്കാതിരുന്നതിന് ഉത്തരവാദികളെന്നു രജിസ്ട്രാര്‍ വിലയിരുത്തുന്ന ഭരണസമിതിയംഗങ്ങള്‍ക്കു തുടരാന്‍ അര്‍ഹത നഷ്ടപ്പെടും. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍, ഒരു ഭരണസമിതിക്കാലത്തേക്ക്, മത്സരിക്കാനും അയോഗ്യരാവും. മറ്റു വ്യവസ്ഥകള്‍ പ്രകാരമുള്ള നടപടികളും നേരിടണം.

63ാം വകുപ്പിന്റെ നാലാം ഉപവകുപ്പുപ്രകാരം വര്‍ഷത്തിലൊരിക്കലെങ്കിലും കണക്കുകള്‍ ഓഡിറ്റ് ചെയ്യിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണ്. ഓരോ സാമ്പത്തികവര്‍ഷത്തെയും കണക്കുകള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം ഓഡിറ്റ് ചെയ്യിച്ചിരിക്കണം. ആദായനികുതിക്കണക്കുകള്‍ ഫയല്‍ ചെയ്യേണ്ട സംഘങ്ങള്‍ അതിനായി ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ സാമ്പത്തികസ്റ്റേറ്റ്‌മെന്റുകള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് മൂന്നൂ മാസത്തിനകം സമര്‍പ്പിച്ചിരിക്കണമെന്നും ഇതിലുണ്ട്. ഓഡിറ്റര്‍മാര്‍ക്കു വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും ഇതേവകുപ്പിന്റെ എട്ടാം ഉപവകുപ്പിലുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചു വിജ്ഞാപനം ചെയ്ത സ്‌കീംപ്രകാരമാണ് ഓഡിറ്റ് നടത്തേണ്ടതെന്നും ഇതു നടത്തേണ്ടതു സഹകരണ ഓഡിറ്റ്ഡയറക്ടര്‍ നിയമിക്കുന്ന ഓഡിറ്റര്‍മാരുടെ സംഘമായിരിക്കണമെന്നും ഒമ്പതാം ഉപവകുപ്പു നിഷ്‌കര്‍ഷിക്കുന്നു.അപ്പെക്‌സ് സംഘങ്ങളുടെയും അര്‍ബന്‍ സഹകരണബാങ്കുകളുടെയും സാമ്പത്തികക്കണക്കുകള്‍ സഹകരണഓഡിറ്റ് ഡയറക്ടര്‍ അംഗീകരിക്കുന്ന പാനലിലുള്ള ഓഡിറ്റിങ് സ്ഥാപനങ്ങളെക്കൊണ്ടുവേണം നടത്തിക്കാനെന്ന് പത്താം ഉപവകുപ്പു വ്യവസ്ഥ ചെയ്യുന്നു. സഹായം ലഭിക്കുന്ന അപ്പെക്‌സ് സംഘങ്ങളുടെ ഭരണപരമായ കാര്യങ്ങളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും വകുപ്പിലെ ഓഡിറ്റര്‍മാരെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാം. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സഹകരണഓഡിറ്റ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കണം. ക്രമക്കേടോ തട്ടിപ്പോ കണ്ടാല്‍ ഓഡിറ്റ്‌സംഘം പ്രത്യേകറിപ്പോര്‍ട്ടു തയ്യാറാക്കി സഹകരണഓഡിറ്റ് ഡയറക്ടര്‍ക്കും രജിസ്ട്രാര്‍ക്കും അയക്കണം. രജിസ്ട്രാര്‍ അത് 68 എ വകുപ്പുപ്രകാരം വിശദമായ അന്വേഷണത്തിനു വിജിലന്‍സ് ഓഫീസര്‍ക്കു കൈമാറണം.11ാം ഉപവകുപ്പുപ്രകാരം അപ്പെക്‌സ് സംഘങ്ങളുടെ ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്കൂടി ഉള്‍പ്പെടുന്ന കണക്കുകളുടെ ഓഡിറ്റ് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കണം. 12ാം ഉപവകുപ്പുപ്രകാരം സഹകരണ ഓഡിറ്റ്ഡയറക്ടര്‍ അംഗീകരിച്ച പാനലില്‍നിന്നു നിര്‍ദിഷ്ടസമയത്തിനകം ഓഡിറ്റര്‍മാരെയോ ഓഡിറ്റിങ് സ്ഥാപനത്തെയോ നിയമിക്കുന്നതിനായി ഭരണസമിതി പൊതുയോഗമോ വിശേഷാല്‍ പൊതുയോഗമോ വിളിക്കണം. ഇല്ലെങ്കില്‍ ഭരണസമിതിയംഗങ്ങള്‍ക്കു സ്ഥാനം നഷ്ടപ്പെടും. ഭരണസ്തംഭനം ഒഴിവാക്കാന്‍ രജിസ്ട്രാര്‍ക്ക് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കാം. അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ വയ്ക്കാം. ഇതു മൂന്നു പേരില്‍ കൂടരുത്. ഇതിലൊരാളെ കണ്‍വീനറാക്കണം. ഇവരുടെ കാലാവധി ആറു മാസംവരെയാകാം. അവര്‍ പുതിയ ഭരണസമിതി രൂപവത്കരിക്കാന്‍ നടപടിയെടുക്കണം.

64ാം വകുപ്പിലെ നാലാം ഉപവകുപ്പു പ്രകാരം ഓഡിറ്റര്‍മാര്‍ ആവശ്യപ്പെടുന്ന സാമ്പത്തികസ്റ്റേറ്റ്‌മെന്റുകളും ചട്ടപ്രകാരമുള്ള മറ്റു സ്റ്റേറ്റ്‌മെന്റുകളും സംഘത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് തയ്യാറാക്കി ഭരണസമിതിക്കു സമര്‍പ്പിച്ച് അക്കാര്യം സഹകരണ ഓഡിറ്റ്ഡയറക്ടറെ അറിയിക്കണം. ഇതു സാമ്പത്തികവര്‍ഷം അവസാനിച്ച് ഒരു മാസത്തിനകം വേണംതാനും. 4എ ഉപവകുപ്പുപ്രകാരം ഭരണസമിതി സ്റ്റേറ്റ്‌മെന്റുകളുടെ കൃത്യത ഉറപ്പാക്കണം. സ്റ്റേറ്റ്‌മെന്റുകള്‍ കിട്ടി 15 ദിവസത്തിനം അവ ഓഡിറ്റിനായി ഓഡിറ്റര്‍ക്കു കൊടുക്കാനും അവര്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ അയോഗ്യരാവും. അപ്പോഴും ഭരണം സ്തംഭിക്കാതിരിക്കാന്‍ രജിസ്ട്രാര്‍ക്ക് അഡ്മിനിസ്‌ട്രേറ്ററെയോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെയോ വയ്ക്കാം. 4 ബി ഉപവകുപ്പു പ്രകാരം ഓഡിറ്റ് റിപ്പോര്‍ട്ടു കിട്ടി 45 ദിവസത്തിനകം ഓഡിറ്റ്ഡയറക്ടര്‍ സംഘത്തിന് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അഞ്ചാം ഉപവകുപ്പുപ്രകാരം സ്റ്റേറ്റ്‌മെന്റുകള്‍ കിട്ടി 90 ദിവസത്തിനകം ഓഡിറ്റ് നടത്തേണ്ടവര്‍ അതു പൂര്‍ത്തിയാക്കി ഓഡിറ്റ്ഡയറക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കണം.

66 സി വകുപ്പിന്റെ ഒന്നാം ഉപവകുപ്പുപ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം സമഗ്രമായ വാര്‍ഷികറിപ്പോര്‍ട്ട്, കണക്കുകളുടെ ഓഡിറ്റ് ചെയ്ത സ്‌റ്റേറ്റ്‌മെന്റുകള്‍, പൊതുയോഗം അംഗീകരിച്ച മിച്ചവിനിയോഗപദ്ധതി, നിയമാവലിയിലെ ഭേദഗതികള്‍, പൊതുയോഗതീയതിയും തിരഞ്ഞെടുപ്പാകുമ്പോള്‍ അതുസംബന്ധിച്ചുമുള്ള പ്രസ്താവന, ഓഡിറ്റ്‌റിപ്പോര്‍ട്ടില്‍ കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തലുകളും പൊതുയോഗപ്രമേയങ്ങളും, രജിസ്ട്രാര്‍ ആവശ്യപ്പെടുന്ന മറ്റുകാര്യങ്ങള്‍ എന്നിവയടങ്ങിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. ഇത്രയും വ്യവസ്ഥകള്‍ക്കാണ് മൂന്നു മാസത്തേക്കു പ്രാബല്യമില്ലാതായിരിക്കുന്നത്. അതിനകം ഓഡിറ്റര്‍മാരുടെ ക്ഷാമം പരിഹരിക്കേണ്ടതുണ്ട്.