നിക്ഷേപഗ്യാരന്റി പദ്ധതിയില്‍ എല്ലാ സംഘങ്ങളും ചേരണമെന്നു സഹകരണസംഘം രജിസ്ട്രാര്‍

moonamvazhi

സഹകരണനിക്ഷേപഗ്യാരന്റി പദ്ധതിയില്‍ ചേരാന്‍ സഹകരണസംഘങ്ങള്‍ വിമുഖത കാട്ടുന്നതായി സൂചന. ചേര്‍ന്നവയില്‍ത്തന്നെ അംഗത്വം പുതുക്കാത്തവയും വിഹിതം കൃത്യമായി അടച്ച് അംഗത്വം പുതുക്കാനും വാര്‍ഷികക്കണക്കുകളും ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗവും സമര്‍പ്പിക്കാനും വൈകുന്നവയും കുറവല്ല. അതുകൊണ്ട് ഇവയെ നിക്ഷേപഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. ചേര്‍ന്നിട്ടില്ലാത്തവയോടു ചേരാനും അംഗത്വം പുതുക്കാത്തവയോടു പുതുക്കാനും സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിക്കാത്തവയോടു സമര്‍പ്പിക്കാനും കര്‍ശനനിര്‍ദേശം നല്‍കാന്‍ ഒരു മാസം മുമ്പ് എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരോടും (ജനറല്‍) സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.

സഹകരണസംഘം രജിസ്ട്രാറുടെ കീഴിലുള്ളതും നിക്ഷേപം സ്വീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ലിക്വിഡേഷന്‍ നടപടി നേരിടാത്തതുമായ സംഘങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നു വിഹിതം അടയ്‌ക്കേണ്ടതുണ്ടെന്ന് സെപ്റ്റംബര്‍ 12ന് അയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ദേശം നല്‍കേണ്ട സംഘങ്ങളുടെ പട്ടികയും ഒപ്പം ചേര്‍ത്തിരുന്നു. സംഘം പ്രതിസന്ധി നേരിട്ടാല്‍ ഓരോ നിക്ഷേപകനും അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപം ഫണ്ടില്‍നിന്നു തിരികെ നല്‍കാനാവുന്ന പദ്ധതിയാണിത്. നിക്ഷേപങ്ങള്‍ തിരികെക്കിട്ടാനുള്ള ഉത്തരവിനായി സമീപിച്ച 150-ാളം ഹര്‍ജികള്‍ ഈയിടെ ഹൈക്കോടതി തീര്‍പ്പാക്കിയത് സംഘങ്ങള്‍ക്കു സഹകരണപുനരുദ്ധാരണനിധിയുടെയും നിക്ഷേപഗ്യാരന്റി പദ്ധതിയുടെയും സഹായം തേടാനാവുമെന്നു സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ബോധിപ്പിച്ചതു കണക്കിലെടുത്താണ്.