തിരിച്ചുപിടിക്കേണ്ടത് 150 കോടിരൂപ; 21 ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും നടപടി

moonamvazhi

കണ്ടല സഹകരണബാങ്കിലെ മുന്‍ ഭണസമിതി അഗങ്ങളടക്കം കേസില്‍ പ്രതികളായവരുടെ വസ്തുവകകള്‍ കണ്ടു കെട്ടാന്‍ തീരുമാനം. ബഡ്‌സ് ആക്ട് പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പേരില്‍ ഭരണസമിതി അംഗങ്ങളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുന്നത്. ഇതിന് മുമ്പ് തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘത്തിലെ ക്രമക്കേടുകളുടെ പേരിലുണ്ടായ നഷ്ടം പ്രതികളാക്കപ്പെട്ടവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. കണ്ടലയിലും ബി.എസ്.എന്‍.എല്‍. സംഘത്തിലും സംസ്ഥാനത്തെ അന്വേഷണ ഏജന്‍സിയും സര്‍ക്കാരുമാണ് കണ്ടുക്കെട്ടാനുള്ള നടപടിയെടുത്തത്.

കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന എന്‍.ഭാസുരാംഗന്‍ ഉള്‍പ്പടെ 62 കേസുകളില്‍ പ്രതികളായ 21 പേരുടെ വസ്തുക്കളാണ് കണ്ടുകെട്ടാന്‍ സഹകരണ വകുപ്പ് തിരുവനന്തപുരം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിട്ടുള്ളത്. പ്രതികളുടെ പേരിലുള്ള വസ്തുവകകള്‍, വാഹനങ്ങള്‍, ബാങ്ക് അക്കൗണ്ടിലെ പണം, സ്ഥിരം നിക്ഷേപങ്ങള്‍ എന്നിവ പിടിച്ചെടുക്കാനും മരവിപ്പിക്കാനുമാണ് നിര്‍ദ്ദേശം. ഈ വസ്തുവകകള്‍ ലേലം ചെയ്ത് നിക്ഷേപകരുടെ തുക തിരികെ നല്‍കുന്നതാണ് ബഡ്‌സ് ആക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കിന്റെ പേരിലുള്ള വസ്തുവകകളും കണ്ടുകെട്ടാനാണ് നിര്‍ദ്ദേശം.

പ്രധാന ഒഫീസ് പ്രവര്‍ത്തിക്കുന്ന മന്ദിരം ഉള്‍പ്പടെ തൂങ്ങാംപാറയില്‍ ഒന്നര ഏക്കറോളം ഭൂമിയും സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉള്‍പ്പടെ മാറനെല്ലൂര്‍ ജങ്ഷനില്‍ 30 സെന്റുമാണ് ബാങ്കിനുള്ളത്. എന്നാല്‍, കണ്ടല ബാങ്കില്‍ നിലവില്‍ ഇടപാടുകള്‍ നടക്കുന്നതിനാല്‍ ബാങ്കിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ല. നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ അപേക്ഷ പ്രകാരമാണ് തീരുമാനം.

പ്രതികളുടേയും സ്ഥാപനത്തിന്റേയും സ്ഥാവര ജംഗമ സ്വത്തുക്കളുടെ പട്ടിക തയാറാക്കി ലൊക്കേഷന്‍ സ്‌കെച്ചും തണ്ടപ്പേരും സഹിതം സഹകരണ വകുപ്പ് ജില്ലാ ഓഫീസില്‍ നല്‍കാന്‍ ജില്ലയിലെ എല്ലാ തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഈ വസ്തുക്കളുടെ വില്‍പ്പന താല്‍ക്കാലികമായി മരവിപ്പിക്കുന്നതിന് സബ് രജിസട്രാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ പട്ടികയും മോട്ടാര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍.ടി.ഒ മാര്‍ ഈ വിവരം ജില്ലാ പോലീസ് മേധാവിക്കും കൈമാറണം.

പ്രതികളുടെ പേരില്‍ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ട്രഷറി എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപന മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബഡ്‌സ് ആക്ട് പ്രകാരം സഹകരണ വകുപ്പ് നടത്തുന്ന താല്‍ക്കാലിക ജപ്തി കോടതിയെ സമീപിച്ച് സ്ഥിരപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.