സഹകരണബാങ്കുകളുടെ 1436 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി

moonamvazhi
  •  2023-24ല്‍ സഹകരണബാങ്കുകളില്‍നിന്നു പ്രീമിയമായി കിട്ടിയത് 1336 കോടി രൂപ30
  • സഹകരണബാങ്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടതിനാല്‍ ക്ലെയിംതുക വര്‍ധിച്ചു
  • ഡി.ഐ.സി.ജി.സി.യുടെ ഇന്‍ഷുറന്‍സ് എടുത്തത് 1857 സഹകരണബാങ്കുകള്‍

നിക്ഷേപഇന്‍ഷുറന്‍സ്-വായ്പാഗ്യാരന്റി കോര്‍പറേഷന്‍ (ഡി.ഐ.സി.ജി.സി) 2023-24ല്‍ സഹകരണബാങ്കുകളുടെ 1436.92 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി. വന്‍വര്‍ധനയാണിത്. മുന്‍വര്‍ഷം 751.78 കോടിയുടെ ക്ലെയിമാണു തീര്‍പ്പാക്കിയത്. പൂട്ടിയതും ലയിച്ചതും റിസര്‍വ് ബാങ്ക് നടപടി എടുത്തതുമൊക്കെയായ സഹകരണബാങ്കുകളിലെ നിക്ഷേപകര്‍ക്കു കൊടുത്തതാണ് 1436.92 കോടി രൂപ. 175.71 കോടി രൂപ പൂട്ടിയതും ലയിച്ചതുമായ ബാങ്കുകളിലെ നിക്ഷേപകര്‍ക്കു നല്‍കിയതാണ്. പി.എം.സി. ബാങ്ക് യൂണിറ്റി സ്മാള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിച്ചപ്പോള്‍ നിക്ഷേപകര്‍ക്കു നല്‍കിയ 3.29 കോടിയും ഇതില്‍പെടും. 1261.21 കോടി രൂപ റിസര്‍വ്ബാങ്ക് ബാങ്കിങ്‌നിയന്ത്രണനടപടികള്‍ കൈക്കൊണ്ട ബാങ്കുകളിലെ നിക്ഷേപകര്‍ക്കു കൊടുത്തതാണ്. ഗ്യാരന്റി കോര്‍പറേഷന്റെ 62-ാം വാര്‍ഷികറിപ്പോര്‍ട്ടില്‍ അറിയിച്ചതാണിക്കാര്യങ്ങള്‍.

2023-24ല്‍ സഹകരണബാങ്കുകളില്‍നിന്നു പ്രീമിയമായി 1336 കോടി രൂപ ഇന്‍ഷുറന്‍സ്-വായ്പാ ഗ്യാരന്റി കോര്‍പറേഷനു കിട്ടി. വാണിജ്യബാങ്കുകളില്‍നിന്നു കിട്ടിയത് 22,543 കോടിയാണ്. മേഖലാഗ്രാമീണബാങ്കുകളിലും പ്രാദേശിക ഏരിയാബാങ്കുകളിലുംനിന്നു കിട്ടിയതും ഇതില്‍പെടും. ആകെ കിട്ടിയ പ്രീമിയം 23,879 കോടിയാണ്. ഇതില്‍ 94.4 ശതമാനവും വാണിജ്യബാങ്കുകളില്‍നിന്നാണ്. 5.6 ശതമാനം സഹകരണബാങ്കുകളില്‍നിന്നും. 2024ല്‍ 30 സഹകരണബാങ്കുകള്‍ക്കു രജിസ്‌ട്രേഷന്‍ ഇല്ലാതായി. ഇതാണു കോര്‍പറേഷന്റെ ബാധ്യത വര്‍ധിപ്പിച്ചത്. 1857 സഹകരണബാങ്കുകളും 140 വാണിജ്യബാങ്കുകളുമാണു കോര്‍പറേഷന്റെ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളത്. 1857 സഹകരണബാങ്കുകളില്‍ 1472 അര്‍ബന്‍ സഹകരണബാങ്കുകളും 352 ജില്ലാകേന്ദ്രസഹകരണബാങ്കുകളും 33 സംസ്ഥാനസഹകരണബാങ്കുകളുംപെടും. 2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇവയെല്ലാംകൂടി 7,44,457 കോടിയുടെ നിക്ഷേപവും 11,77,122 കോടിയുടെ അസസ്‌ചെയ്യാവുന്ന നിക്ഷേപവും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന,ജില്ലാ,കേന്ദ്ര,പ്രാഥമിക സഹകരണബാങ്കുകള്‍ക്കൊക്കെ കോര്‍പറേഷനില്‍ നിക്ഷേപം ഇന്‍ഷുര്‍ ചെയ്യാം. ഡി.ഐ.സി.ജി.സി. നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സഹകരണനിയമം ഭേദഗതി ചെയ്തിട്ടുണ്ട്.