ക്ഷീര സഹകരണ സംഘങ്ങളെയും കര്‍ഷകരെയും ലക്ഷ്യമിട്ട്ഓണ്‍ലൈന്‍തട്ടിപ്പ് സംഘം

Deepthi Vipin lal

ക്ഷീര സംഘങ്ങളെയും അതിലെ അംഗങ്ങളായ കര്‍ഷകരെയും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വ്യാപകമാകുന്നു. ഗുണനിലവാരവും ഉയര്‍ന്ന ഉല്‍പാദന ശേഷിയുമുള്ള പശുക്കളെ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുനല്‍കാമെന്നു ഓഫര്‍ ചെയ്താണ് പണം തട്ടുന്നത്. സംഘങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ച് അവരിലൂടെ കര്‍ഷകരെ തട്ടിപ്പിനിരയാക്കാനാണ് ശ്രമിക്കുന്നത്. കോട്ടയം ജില്ലയില്‍ ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സംസ്ഥാനത്തെ കന്നുകാലികളുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ് ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതിനായി മുതലെടുക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കന്നുകാലികളെ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തില്‍ 10 ലിറ്റര്‍ വരെ ലഭിക്കുന്ന ഒരു പശുവിന് 55,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് വില വരുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 25 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുവിന് 30,000 – 35,000 രൂപയ്ക്ക് ലഭ്യമാക്കാമെന്നാണ് വാഗ്ദാനം. പശുക്കളുടെ ചിത്രവും ബന്ധപ്പെടേണ്ട നമ്പരും പാലിന്റെ അളവും സോഷ്യല്‍മീഡിയ വഴി ഷെയര്‍ ചെയ്യും. ഈ പരസ്യത്തില്‍ ആകൃഷ്ടരാകുന്ന കര്‍ഷകര്‍ ബന്ധപ്പെടും. കച്ചവടം ഉറപ്പിച്ചശേഷം പശുവിനെ കൊണ്ടുവരാനുള്ള വാഹനച്ചെലവ് വാങ്ങും. ഇവര്‍ പറയുന്ന അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയാണ് കര്‍ഷകര്‍ ചെയ്യേണ്ടത്. ബാക്കി കച്ചവടത്തുക പശുവിനെ എത്തിച്ച ശേഷം നല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.

40,000 രൂപ വരെ കര്‍ഷകരില്‍നിന്ന് വാങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വിശ്വാസ്യത ഉറപ്പാക്കാനാണ് ആദ്യം ക്ഷീര സംഘങ്ങളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നത്. ഇവരോട് പശുവിനെ എത്തിക്കുന്ന രീതിയും മറ്റ് വിശദാംശങ്ങളും നല്‍കി ഫോണ്‍വിളി അവസാനിപ്പിക്കും. കര്‍ഷകരെ വിളിക്കുമ്പോള്‍ ഈ ക്ഷീര സംഘത്തിന്റെ പേര് വെറുതെ പരാമര്‍ശിക്കും. കര്‍ഷകര്‍ ആരെങ്കിലും ഈ സംഘത്തില്‍ അന്വേഷിക്കുമ്പോള്‍ ഇത്തരത്തില്‍ പശുക്കളെ എത്തിച്ചുനല്‍കുന്ന രീതിയെപ്പറ്റി അവര്‍ക്കും അറിയാമെന്ന മറുപടി ലഭിക്കുന്നതിന് വേണ്ടിയാണിത്.

വാഹനക്കൂലി നല്‍കുന്ന കര്‍ഷകനെ പല ഘട്ടത്തില്‍ ഇവര്‍ ബന്ധപ്പെടാറുണ്ട്. യാത്ര തുടങ്ങുന്നത് മുതലുള്ള വിവരങ്ങള്‍ ഫോണ്‍ വിളിച്ച് ധരിപ്പിച്ച് കര്‍ഷകരുടെ വിശ്വാസം ഉറപ്പിക്കും. യാത്രയ്ക്കിടെ ചെക്ക്‌പോസ്റ്റുകളില്‍ കൊടുക്കാനെന്ന് പറഞ്ഞ് വീണ്ടും പണം വാങ്ങും. എന്നാല്‍, പണം നല്‍കി പറഞ്ഞ സമയത്തിന് ശേഷവും പശുവിനെ ലഭിക്കാതെ വരുന്നതോടെയാണ് കര്‍ഷകര്‍ തട്ടിപ്പ് തിരിച്ചറിയുന്നത്. ഇവര്‍ വിളിച്ച നമ്പറില്‍ തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ലഭിക്കില്ല.

Leave a Reply

Your email address will not be published.

Latest News