ഉത്തര്‍പ്രദേശിലെ പ്രാഥമിക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു വന്‍ജയം

moonamvazhi

ഉത്തര്‍പ്രദേശിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലേക്കു ( PACS )  നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി. വന്‍വിജയം നേടി. മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ( എസ്.പി. ) യാണു രണ്ടാം സ്ഥാനത്ത്. ഒഡിഷയില്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായി ബി.ജെ.ഡി. നേതാവ് വിജയിച്ചു.

ഉത്തര്‍പ്രദേശിലെ ഏഴായിരത്തിലധികം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ 80 ശതമാനം സ്ഥാനങ്ങളും ബി.ജെ.പി.യാണു നേടിയത്. ഏതാനും ജില്ലകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പില്‍ അക്രമങ്ങളും നടന്നു.

ലഖ്‌നൗ ജില്ലയില്‍ ആകെയുള്ള 81 പ്രാഥമിക സംഘങ്ങളില്‍ 76 എണ്ണത്തിലാണു തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ അറുപത്തിയൊന്നും ബി.ജെ.പി.യാണു നേടിയത്. മീററ്റിലെ 84 സംഘങ്ങളില്‍ അഞ്ചെണ്ണത്തില്‍ തിരഞ്ഞെടുപ്പു റദ്ദാക്കി. ബാക്കിയുള്ളവയില്‍ പകുതിയിലും എതിരില്ലാതെയാണു ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തിരഞ്ഞെടുത്തത്. മത്സരം നടന്നവയില്‍ ഭൂരിപക്ഷം സീറ്റുകളും ബി.ജെ.പി.ക്കാണ്. ബദോണിലെ 132 സംഘങ്ങളിലും എതിരില്ലാതെയാണു ഭാരവാഹികളെ തിരഞ്ഞെടുത്തത്. 132 സംഘങ്ങളുള്ള ലഖിംപൂര്‍ ഖേരിയില്‍ 92 സംഘങ്ങളിലും മത്സരമുണ്ടായില്ല. മത്സരം നടന്നയിടത്തൊക്കെ ഭൂരിപക്ഷം സീറ്റും ബി.ജെ.പി. നേടി. ബാരാബങ്കി, ബാന്ദ, ഷാജഹാന്‍പൂര്‍, അംബേദ്കര്‍ നഗര്‍ ജില്ലകളിലും ബി.ജെ.പി.യാണു മുന്നിലെത്തിയത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പിനുശേഷം സഹകരണയൂണിയനുകളിലേക്കും ബ്ലോക്ക് യൂണിയനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പു നടക്കും. ഈ വിഭാഗത്തിലുള്ള 1297 സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയ വ്യാഴാഴ്ചയാരംഭിക്കും. അതിനുശേഷം ഏപ്രിലില്‍ ക്രയ-വിക്രയ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. ഈ വിഭാഗത്തില്‍ 225 സംഘങ്ങളാണുള്ളത്.

ഒഡിഷയില്‍ ബി.ജെ.ഡി.

ഒഡിഷയിലെ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാ ദള്‍ ( ബി.ജെ.ഡി. ) വിജയിച്ചു. ഫിഷ്‌കോപ്പ്‌ഫെഡിന്റെ മുന്‍ ചെയര്‍മാന്‍ പ്രസാദ് ദോറയാണു സംസ്ഥാന ബാങ്കിന്റെ പുതിയ പ്രസിഡന്റ്. 21 ഡയറക്ടര്‍മാരുള്ള ബോര്‍ഡിലേക്കു പത്തു സീറ്റിലാണു മത്സരം നടന്നത്. ഇതില്‍ എട്ടു സീറ്റും ബി.ജെ.ഡി.ക്കാണ്. രണ്ടു സീറ്റ് ബി.ജെ.പി.ക്കു കിട്ടി.

Leave a Reply

Your email address will not be published.

Latest News