2020ആശങ്കകളും പ്രതീക്ഷകളും

moonamvazhi

ഡോ. ടി.പി. സേതുമാധവന്‍

2020 ഫെബ്രുവരി ലക്കം

പുതിയ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ആഗോള തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് ?

പുതിയ ദശാബ്ദത്തിന്റെ തുടക്കവുമായി നമ്മള്‍ 2020 ലേക്ക് കടന്നുകഴിഞ്ഞു. വിദ്യാഭ്യാസ- തൊഴില്‍ മേഖലകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമായിരിക്കും. ലോകത്താകമാനം സാമ്പത്തിക മാന്ദ്യത്തിന്റെ അലയടികളാണ് 2020ല്‍ നമുക്ക് കാണാനാവുക . അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ഇത് പ്രകടമാകും. എന്നാല്‍, ചൈന സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ടോക്യോ ഒളിമ്പിക്‌സ്, യൂറോ 2020 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, ഹിരോഷിമയിലും നാഗസാക്കിയിലും അണ്വായുധം വര്‍ഷിച്ചതിന്റെ 75 -ാം വാര്‍ഷികം, കണക്ടിവിറ്റി രംഗത്ത് 5 ജി യുടെ വരവ് എന്നിവ 2020 ലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്‍ഷികമായ 2020 ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷമായാണ് കൊണ്ടാടുന്നത്.

സാങ്കേതിക രംഗത്ത് 2020 ല്‍ ഉയര്‍ച്ചയും തളര്‍ച്ചയും പ്രകടമാവും. പറക്കുന്ന കാറുകളും ഇലക്ട്രിക്ക് സൂപ്പര്‍ കാറുകളും ശാസ്ത്ര, സാങ്കേതിക രംഗത്ത് ദൃശ്യമാകും. ജീവശാസ്ത്ര, ജനറ്റിക്‌സ് ആരോഗ്യ മേഖലകളില്‍ ഈ വര്‍ഷം ഏറെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ടെലിവിഷന്‍ രംഗത്ത് 5 ജി യുടെ വരവോടെ കടുത്ത മത്സരത്തിന് സാധ്യതയേറും. ഗെയിമിംഗ് സാങ്കേതിക വിദ്യ കരുത്താര്‍ജിക്കും.

ന്യൂജന്മാരുടെ എണ്ണം കൂടും

ഇന്നവേഷന്‍ രംഗത്ത് കൂടുതല്‍ വളര്‍ച്ച 2020 ല്‍ പ്രകടമാകും. ലോകത്ത് 18-24 വയസ്സുവരെയുള്ള ന്യൂജന്മാരുടെ എണ്ണം മൂന്നിലൊന്നാകും. അതോടൊപ്പം, 30 വയസ്സിനു മുകളിലുള്ള Yold ( Young old ) എന്ന പേരിലറിയപ്പെടുന്ന വിഭാഗത്തിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. ഇവരുടെ ശരാശരി പ്രായം 34 വയസ്സാണ് .

2020 ല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് വരുന്നതോടെ അമേരിക്കയിലേക്കുള്ള H1B, L1, L4 വിസയില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാധ്യത കുറയും. ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളായ അമേരിക്ക, യു.കെ., കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് അടക്കമുള്ള രാജ്യങ്ങളുള്‍പ്പെടുന്ന അിഴഹീുെവലൃല ഉം ചൈനയടക്കമുള്ള മറ്റു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ടശിീുെവലൃല ഉം തമ്മില്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ അസ്വാരസ്യങ്ങളുണ്ടാകും.

പരിസ്ഥിതി സൗഹൃദ മേഖലയില്‍ ക്ലീന്‍ യാത്രയ്ക്കുതകുന്ന സുസ്ഥിര ഊര്‍ജ പാരിസ്ഥിതികരീതി പുതുവര്‍ഷത്തില്‍ പ്രാവര്‍ത്തികമാകും. ശുദ്ധവും സുസ്ഥിരവുമായ വ്യവസായ സംരംഭങ്ങള്‍ ഈ രംഗത്തുണ്ടാകും. ഓട്ടോമൊബൈല്‍ രംഗത്താണ് ഇത് കൂടുതല്‍ കരുത്താര്‍ജിക്കുക. ഹുണ്ടായ് 2020 ല്‍ 630 കോടി അമേരിക്കന്‍ ഡോളറാണ് ഫ്യൂവല്‍ സെല്‍ സാങ്കേതിക വിദ്യയ്ക്ക് ചെലവിടുന്നത്. 2030 ഓടെ ഏഴു ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

മദ്യപാനശീലം കുറയും

2020-ല്‍ ചെറുപ്പക്കാരില്‍ മദ്യപാനശീലം കുറയുമെന്നാണ് പ്രവചനം. കുറഞ്ഞ അളവിലും മദ്യം കഴിക്കുന്നത് കാന്‍സറിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ഇതിന് കാരണം. ജോലിയില്‍ നിന്ന് വിരമിച്ചശേഷവും 75 വയസ്സ് വരെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ജീവിതചര്യരോഗ നിയന്ത്രണത്തിന് കൂടുതല്‍ തുക ചെലവഴിക്കും.

ജപ്പാനില്‍ തൊഴില്‍ നൈപുണ്യ മേഖലയില്‍ കൂടുതല്‍ യുവാക്കളെ വേണ്ടിവരും. ഇന്ത്യയില്‍ ജി.ഡി.പി. നിരക്കില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിയില്ല. വളര്‍ച്ച അഞ്ച് ശതമാനത്തിലെത്താനാണ് സാധ്യത. ബജറ്റില്‍ പ്രഖ്യാപിച്ച വളര്‍ച്ച കൈവരിക്കുക ബുദ്ധിമുട്ടാണ്.

2020 ല്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിരവധി പുത്തന്‍ പ്രവണതകള്‍ ദൃശ്യമാകും. വികസിത രാജ്യങ്ങളിലേക്കുള്ള ഇമിഗ്രേഷനില്‍ നിയന്ത്രണമുണ്ടാകും. എന്നാല്‍, വിദേശ വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന പ്രതീക്ഷിക്കാം. വിദേശ സര്‍വ്വകലാശാലകള്‍ സാമ്പത്തിക സ്രോതസ്സിനായി കൂടുതലും അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആശ്രയിക്കേണ്ടിവരും.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആര്‍ട്‌സ്, സയന്‍സ്, ടെക്‌നോളജി, സംരംഭകത്വം, സമ്പദ് വ്യവസ്ഥ എന്നിവയില്‍ ഇന്നവേഷന് പ്രാധാന്യം നല്‍കിയുള്ള പാന്‍ ആഫ്രിക്കന്‍ മള്‍ട്ടി ഡിസിപ്ലിനറി പദ്ധതി നടപ്പാക്കും. സോഷ്യല്‍ മീഡിയ രംഗത്ത് ഇന്‍സ്റ്റഗ്രാമിന്റെ സുതാര്യത, പ്രവര്‍ത്തനക്ഷമത എന്നിവ 2020ല്‍ ചോദ്യം ചെയ്യപ്പെടും.

ഐക്യരാഷ്ട്ര സംഘടന 2020 അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷമായാണ് ആചരിക്കുന്നത്. പട്ടിണി കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പഠനം എന്നിവ കൂടുതല്‍ കരുത്താര്‍ജിക്കും.

കാര്‍ഷിക ഗവേഷണ മേഖലയില്‍ ഉല്‍പ്പാദനം, ഉല്‍പാദനക്ഷമത എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടും. കൃഷിയിലൂടെ പോഷകമൂല്യമേറിയ ഭക്ഷണം എന്നതിനായിരിക്കും പ്രാധാന്യം. ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം ലക്ഷ്യമിട്ട് മെഡിറ്ററേനിയന്‍ ഭക്ഷണം കൂടുതല്‍ വിപുലമാകും.

സാങ്കേതിക രംഗത്തെ വളര്‍ച്ച എന്‍ജിനീയറിംഗ്, സയന്‍സ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായിക്കും. നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( കൃത്രിമബുദ്ധി ) 2020 ല്‍ കൂടുതല്‍ തൊഴിവസരങ്ങള്‍ സൃഷ്ടിയ്ക്കും. ബിരുദ, ബിരുദാനന്തരതലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും.

വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെത്തുന്ന ഇമിഗ്രേഷന്‍ രീതിയ്ക്ക് വികസിത രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. ഇറച്ചിയ്ക്കു പകരമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രാധാന്യമേറും. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുള്ള ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സ് നിയന്ത്രിക്കാനുള്ള ഗവേഷണത്തിന് മുന്‍ഗണന ലഭിയ്ക്കും.

ഇലക്‌ട്രോണിക്‌സ് മേഖലയില്‍ മൂന്നോ നാലോ മീറ്റര്‍വരെ വലിപ്പമുള്ള ചിപ്പുകള്‍ വിപുലപ്പെടും. ആരോഗ്യമേഖലയിലെ ജനിതക സാങ്കേതിക വിദ്യ കൂടുതല്‍ പ്രാധാന്യം കൈവരിക്കും. ക്വാന്റം, കംപ്യൂട്ടിംഗ്, ഡാറ്റ മാനേജ്‌മെന്റ് , ഭൗതിക സൗകര്യ വികസനം, കണക്ടിവിറ്റി, ഡാറ്റ അനലിറ്റിക്‌സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവ കരുത്താര്‍ജിക്കും. മൊത്തം ആഭ്യന്തര വളര്‍ച്ചയില്‍ ലോകത്തെ മികച്ച പത്തു രാജ്യങ്ങളില്‍ ഇന്ത്യയെത്തും.

ഡിജിറ്റല്‍ മേഖലയില്‍ ഡിജിറ്റല്‍ ടെക്‌നോളജി കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത് കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മാറ്റിക്‌സ്, ഐ.ടി. കോഴ്‌സുകളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിയ്ക്കും. ഡിജിറ്റല്‍ ആരോഗ്യം, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള രോഗനിര്‍ണ്ണയം, ഇ-കൊമേഴ്‌സ്, കമ്യൂണിക്കേഷന്‍, ആന്‍ഡ്രോയിഡ് വികസനം എന്നിവ വളര്‍ച്ച കൈവരിക്കും.

ഊര്‍ജം, എന്റര്‍ടെയിന്‍മെന്റ്, മീഡിയ, സാമ്പത്തിക മേഖല, ഭക്ഷ്യ-കാര്‍ഷിക മേഖല എന്നിവ വളര്‍ച്ച കൈവരിക്കും. കാര്‍ഷിക കോഴ്‌സുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഭൗതിക സൗകര്യ മേഖലകളില്‍ 14 ശതമാനംവരെ വളര്‍ച്ച നേടും. ഇത് സിവില്‍, ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിംഗ് മേഖലയ്ക്ക് കരുത്തേകും.

റീട്ടെയില്‍ രംഗം രണ്ടു ശതമാനം അധിക വളര്‍ച്ച കൈവരിക്കും. 5 ജി വരുന്നതോടെ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ഇലക്‌ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പ്രിയം വര്‍ധിക്കും. ട്രാവല്‍, ടൂറിസം മേഖലയില്‍ വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധനവിന് സാധ്യതയില്ല. സെന്‍സറുകളുള്ള ഉപകരണങ്ങളുടെ എണ്ണം 840 കോടിയില്‍ നിന്നു 2040 കോടിയായി ഉയരും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് 11.1 ട്രില്ല്യന്റെ വളര്‍ച്ച കൈവരിക്കുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ടെക്‌നോളജി അധിഷ്ഠിത ബിസിനസ്സ് സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ശക്തിപ്പെടും. ഗെയിമിംഗ് ടെക്‌നോളജിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി വളര്‍ച്ച നേടുമെങ്കിലും ഫെയ്‌സ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്ര വേണ്ടത്ര മുന്നേറാന്‍ സാധ്യതയില്ല. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, സാമ്പത്തിക മേഖലകളില്‍ വളര്‍ച്ച കുറയാനും തൊഴിലവസരങ്ങള്‍ കുറയ്ക്കാനും ഇടവരുത്തും. അക്കൗണ്ടിംഗ് കോഴ്‌സുകള്‍ കരുത്താര്‍ജിക്കും.

തൊഴില്‍ നൈപുണ്യമുണ്ടെങ്കിലേ മികച്ച തൊഴില്‍ ലഭിക്കൂവെന്ന കാര്യത്തില്‍ 2020 ലും സംശയമൊന്നും വേണ്ട. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച തൊഴിലിന് നൈപുണ്യ വികസന കോഴ്‌സുകള്‍ അത്യാവശ്യമായി വേണ്ടിവരും. ഐ.ടി. ടെക്‌നോളജി രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയേറും. നാസ സ്വകാര്യ ബഹിരാകാശ യാത്രികര്‍ക്ക് അന്താരാഷ്ട്ര സ്‌പേസ് കേന്ദ്രം തുറക്കുന്നത് ഈ രംഗത്ത് കൂടുതല്‍ വളര്‍ച്ചയ്ക്കും ഗവേഷണത്തിനും വഴിയൊരുക്കും.

വ്യോമയാന മേഖലയില്‍ സ്വകാര്യ വ്യോമയാന ഗതാഗതത്തിന് പ്രാധാന്യമേറും. സ്വകാര്യ വ്യോമയാന രീതിയില്‍ മാറ്റമുണ്ടാകും. ഇത് നഗരങ്ങളിലെ യാത്രകള്‍ക്ക് കരുത്തേകും.

നഴ്‌സുമാര്‍ക്ക് കൂടുതല്‍ സാധ്യത

ദീപമേന്തിയ വനിത ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 2020 അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷമായി ആചരിക്കും. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനവുണ്ടാകും. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ അവര്‍ക്ക് IELTS ന് പകരം Occupational English Test ( OET ) മതിയാകും. 2030 ഓടെ ലോകത്ത് 76 ലക്ഷം നഴ്‌സുമാരുടെ ആവശ്യകതയുണ്ടാകും. ജനിതക രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ജനറ്റിക്‌സിന് ഈ വര്‍ഷം കൂടുതല്‍ ഊന്നല്‍ ലഭിക്കും. കൃത്രിമബുദ്ധിയിലും കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം.

ഹൈടെക്, പ്രിസിഷ്യന്‍ കൃഷിരീതികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനും കാലാവസ്ഥ ഗവേഷണത്തിനും വര്‍ധിച്ച പരിഗണന ലഭിയ്ക്കും. ഡെവലപ്‌മെന്റല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്റ് ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, മോളിക്ക്യുളാര്‍ ജനറ്റിക്‌സ്, സെല്‍ ബയോളജി, സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, കമ്യൂണിക്കേഷന്‍, എനര്‍ജി, ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ശാഖകള്‍, നഴ്‌സിംഗ്, ഫിസിയോ തെറാപ്പി, ഫിസിക്‌സ്, ആസ്‌ട്രോ ഫിസിക്‌സ്, ആസ്‌ട്രോണമി, സ്‌പേസ് സയന്‍സ്, ജീവശാസ്ത്ര കോഴ്‌സുകള്‍, ഗെയിമിംഗ് ടെക്‌നോളജി, ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഡിജിറ്റല്‍ മീഡിയ കോഴ്‌സുകള്‍ക്ക് 2020 ല്‍ സാധ്യതയേറും. ഇന്‍ഫ്രാസ്ട്രക്ടര്‍, മാനുഫാക്ചറിംഗ്, റീട്ടെയില്‍ അക്കൗണ്ടിംഗ്, ശാസ്ത്ര ഗവേഷണം, സുസ്ഥിര വികസനം, കാര്‍ഷിക ഗവേഷണം എന്നിവയ്ക്ക് 2020 ല്‍ വര്‍ധിച്ച പരിഗണന ലഭിക്കും.

( വിദ്യാഭ്യാസ , കരിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ടി.പി. സേതുമാധവന്‍ ലോക ബാങ്ക് കണ്‍സള്‍ട്ടന്റും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിലെ യു.എല്‍. എഡ്യുക്കേഷന്റെ
ഡയരക്ടറുമാണ്. E mail: [email protected])

Leave a Reply

Your email address will not be published.

Latest News
error: Content is protected !!