ഗുജറാത്ത് സഹകരണബാങ്കിനു 106.5 കോടി രൂപ ലാഭം; ബിസിനസ് 21,000 കോടി രൂപ കവിഞ്ഞു

moonamvazhi

ഗുജറാത്ത് സംസ്ഥാനസഹകരണബാങ്കിന്റെ ബിസിനസ് 21,000കോടി രൂപ കവിഞ്ഞു. 106.59 കോടി രൂപയാണു ലാഭം. 65-ാംവാര്‍ഷികപൊതുയോഗത്തില്‍ അറിയിച്ചതാണിത്. ഓഹരിയുടമകള്‍ക്കു 15 ശതമാനം ലാഭവീതം നല്‍കും. 2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം നിക്ഷേപം 12,012 കോടിയായിട്ടുണ്ട്. മുന്‍വര്‍ഷം 10,611 കോടിയായിരുന്നു. വായ്പകള്‍ 8362 കോടിയില്‍നിന്നു 9325 കോടിയായി. ബിസിനസാകട്ടെ 18,973 കോടിയില്‍നിന്ന് 21,337 കോടിയായി.

ബാങ്കിന് അറ്റനിഷ്‌ക്രിയആസ്തി ഒട്ടമില്ല. കഴിഞ്ഞ വര്‍ഷവുമില്ലായിരുന്നു. മൊത്ത നിഷ്‌ക്രിയആസ്തി ഒരു ശതമാനത്തില്‍ താഴെമാത്രം. മൂലധനപര്യാപ്തത 15.41 ശതമാനമാണ്. കമ്പനിയുടെ മൊത്തആസ്തിമൂല്യം 950 കോടി രൂപയും. 10,319 പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ (പാക്‌സ് ) ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും പാക്‌സിലായി 28 ലക്ഷം കര്‍ഷകര്‍ അംഗങ്ങളായുണ്ട്. ജില്ലാസഹകരണബാങ്കുകള്‍വഴിയാണു ഗുജറാത്തില്‍ പാക്‌സുകള്‍ സംസ്ഥാനബാങ്കുമായി ഇടപാടുകള്‍ നടത്തുന്നത്. 18 ജില്ലാബാങ്കുകളുണ്ട്. സംസ്ഥാനബാങ്കിനു 33 ശാഖയുമുണ്ട്. പക്ഷേ, വേണ്ടത്ര മൂലധനപര്യാപ്തത ഇല്ലാത്തതിനാല്‍ ചില ജില്ലാബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. ലൈസന്‍സില്ല. ഇതു കൈവരിക്കാന്‍ നടപടികള്‍ എടുത്തുവരികയാണ്. ഗജറാത്ത് സംസ്ഥാന സഹകരണബാങ്ക് അടുത്തിടെ നര്‍മദ ജില്ലയില്‍ ഏകതാപ്രതിമയ്ക്കരികെ സഹകാര്‍ഭവന്‍ എന്ന ലോകനിലവാരമുള്ള പരിശീലനകേന്ദ്രം തുടങ്ങിയിട്ടുണ്ട്.

വാര്‍ഷികപൊതുയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് അജയ് പട്ടേല്‍ അധ്യക്ഷനായി. ആര്‍.ബി.ഐ. കേന്ദ്രബോര്‍ഡ് ഡയറക്ടര്‍ സതീഷ് മറാത്തെ പ്രത്യേകക്ഷണിതാവായിരുന്നു. ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ്ഭായ് സംഘാനി, എന്‍.യു.സി.എഫ്.ഡി.സി. ചെയര്‍മാന്‍ ജ്യോതീന്ദ്രമേത്ത, ഗുജറാത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ജേതാഭായ് ഭര്‍വാദ്, ഘന്‍ശ്യാം അമിന്‍, തേജേഷ് പട്ടേല്‍, നര്‍ഹരി അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.