സ്തനാർബുദം: സ്ത്രീകളെ ബോധവൽക്കരിക്കണമെന്ന് അന്തർദേശീയ ക്യാൻസർ സമ്മേളനം: സമ്മേളനം ഇന്ന് സമാപിക്കും.

adminmoonam

സ്തനാർബുദം: സ്ത്രീകളെ ബോധവൽക്കരിക്കണം.

കോഴിക്കോട്ടെ എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടാമത് അന്തർദേശീയ സമ്മേളനം(cancon) രണ്ടാംദിവസം കാൻസർ സംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. രോഗം തുടങ്ങിയ ഭാഗത്തുനിന്ന് ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് കാൻസർ പടരുന്നത് എങ്ങനെ ചികിത്സിച്ച് നിയന്ത്രിക്കാം എന്നതിനെയും സങ്കീർണമായ ചികിത്സയുടെ പാർശ്വഫലങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെയും കുറിച്ചായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ചർച്ചകൾ. മൂന്നു ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും. സ്ത്രീകളിൽ ഇന്ന് ഏറ്റവും അധികം കാണപ്പെടുന്ന സ്തനാർബുദത്തെ കുറിച്ചാണ് രണ്ടാം ദിവസം ചർച്ചകൾ തുടങ്ങിയത്. എന്തുകൊണ്ടാണ് സ്തനാർബുദം കൂടി വരുന്നത്, മറ്റു രാജ്യങ്ങളിൽ നിന്ന് ഭിന്നമായി എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് വളരെ വൈകി സ്തനാർബുദം കണ്ടുപിടിക്കപ്പെടുന്നത്, തലച്ചോറിനെയും എല്ലുകളുടേയും ഒക്കെ ബാധിക്കുന്ന സ്തനാർബുദം എങ്ങനെ ചികിത്സിക്കണം എന്നീ കാര്യങ്ങളാണ് വിശദമായി അവലോകനം ചെയ്തത്. വികസിതരാജ്യങ്ങളിൽ വളരെ നേരത്തെ മാമോഗ്രാം വഴി കാൻസർ കണ്ടു പിടിക്കുന്നുണ്ട്. അവ 90 മുതൽ 100 ശതമാനം വരെ ചികിത്സിച്ചു മാറ്റുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ വിമുഖരാണ്. ഈ പ്രവണത കൂടിവരികയാണ് ഇതിന് ബോധവൽക്കരണം കൂടിയേ തീരൂ എന്ന സമ്മേളനത്തിൽ അഭിപ്രായമുയർന്നു.

അണ്ഡാശയ ക്യാൻസർ, കരളിനെ ബാധിക്കുന്ന ക്യാൻസർ എന്നീ വിഷയങ്ങളിലും രണ്ടാംദിനം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇതിന്മേൽ ചർച്ചകളും നടന്നു. പ്രമുഖ കാൻസർ ചികിത്സകൻ ഡോക്ടർ വി.പി.ഗംഗാധരൻ, ഡോക്ടർ ഡി.കെ. വിജയകുമാർ, മുംബൈയിൽ നിന്നുള്ള ഡോക്ടർ സുധീർ ഗുപ്ത, ഡോക്ടർ സ്മൃതി, ഡോക്ടർ സങ്കേത മെഹ്ത, ചെന്നൈയിൽ നിന്ന് എത്തിയ ഡോക്ടർ കതിരേശൻ, ഡോക്ടർ രമേഷ് തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലണ്ടിലെ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ റഫീസ് മുഹമ്മദ്, ജപ്പാനിൽ നിന്നുള്ള ഡോക്ടർ ഇഷിഗാമി എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. എം.വി.ആർ കാൻസർ സെന്ററിലെ ക്യാൻസർ രോഗ വിദഗ്ധനും മെഡിക്കൽ ഡയറക്ടറുമായ ഡോക്ടർ നാരായണൻകുട്ടി വാര്യർ അധ്യക്ഷതവഹിച്ചു.

സാമൂഹിക മാധ്യമങ്ങളും കാൻസർ ചികിത്സയും:-
സാമൂഹിക മാധ്യമങ്ങളും ക്യാൻസർ ചികിത്സയും എന്ന വിഷയത്തിൽ പ്രത്യേകമായി റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തി. തെറ്റായ വാർത്തകൾ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പ് വഴിയും പ്രചരിപ്പിക്കുന്നവർക്കെതിരെ ഡോക്ടർ സമൂഹത്തിന് എന്ത് ചെയ്യാൻ പറ്റും എന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു.ഇത്തരം വ്യാജവാർത്തകൾ നേരിടാനും തിരുത്താനും സമൂഹത്തെയും സമൂഹത്തിൽ നിരന്തരമായി ഇടപെടൽ നടത്തുന്ന സന്നദ്ധ സംഘടനകളെയും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യവും ചർച്ച ചെയ്തു. കാൻസർ ബാധിച്ചവർ ഇത്തരം വ്യാജ വാർത്തകളുടെ പുറകെ പോയി സമയം കളയുമ്പോൾ വളർന്നുകൊണ്ടിരിക്കുന്ന അർബുദം ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത വിധം വലുതാവുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ മാധ്യമങ്ങളിലൂടെയും നേരിട്ടുള്ള ക്ലാസുകളിലൂടെയും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ ഡോക്ടർ സമൂഹം കൂടി മുൻകൈയെടുക്കണമെന്നും അഭിപ്രായമുയർന്നു.ഇത്തരം വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി അവരെ നേരിടുന്നതിനുള്ള ശക്തമായ നിയമനിർമ്മാണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കാൻസറിനുള്ള അതിനൂതന ചികിത്സയെക്കുറിച്ചും അതിന്റെ സങ്കീർണതകളെ കുറിച്ചും അഞ്ച് വ്യത്യസ്ത റൗണ്ട് ടേബിൾ കോൺഫറൻസുകൾ നടന്നു. ഈ ചർച്ചകളുടെ സംക്ഷിപ്തം ഇന്നത്തെ സമാപനസമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമായി എം.വി.ആർ ആശുപത്രിയിലെ ഡോക്ടർമാർ വിശദീകരിക്കും. കാൻസർ ചികിത്സാനന്തരം ചിലരിൽ കാണപ്പെടുന്ന ലിംഫെഡിമ എന്ന അവസ്ഥ എങ്ങനെ തടയാൻ എന്നതിനെക്കുറിച്ചും വന്നുകഴിഞ്ഞാൽ എന്തു ചെയ്യണം എന്നതിനെ കുറിച്ചും ഫിസിയോതെറാപ്പി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ചർച്ചകളും ശില്പശാലകളും നടന്നു. കേരളത്തിലും പുറത്തുമുള്ള 100ലധികം ഫിസിയോതെറാപ്പിസ്റ്റുകൾ ചർച്ചയിൽ പങ്കെടുത്തു. ക്യാൻസർ ചികിത്സയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായി രണ്ടാം ദിനം ക്വിസ് മത്സരവും നടന്നു.

സന്നദ്ധസംഘടനകളുടെ സമ്മേളനമാണിപ്പോൾ:-
സാധാരണ കാൻസർ സമ്മേളനത്തിൽ നിന്നും വ്യത്യസ്തമായി കാൻസറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒ കളുടെയും സമ്മേളനവും ചർച്ചകളും ഇന്ന് നടക്കുന്നുണ്ട്. കാൻസർ ചികിത്സകന്റെ കാഴ്ചപ്പാടിൽ നിന്നും മാറി അതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ സ്ഥിരമായി ഇടപെടുന്ന സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും സാധാരണക്കാരുടെയും കാഴ്ചപ്പാടിൽ കാൻസർ രോഗത്തെയും അതിന്റെ സാമൂഹിക-സാമ്പത്തിക കുടുംബ പ്രശ്നങ്ങളെയും അവലോകനം ചെയ്യും. അവയെ അതിജീവിക്കാൻ സ്വീകരിക്കേണ്ട ഇടപെടലുകളെ കുറിച്ച് ചർച്ചകളും നടക്കും. നമ്മുടെ നാട്ടിലെ കാൻസർ ചികിത്സകരല്ലാത്ത ഡോക്ടർമാർക്ക് വേണ്ടി പ്രത്യേക സെമിനാറുകളും വർക്ക്ഷോപ്പുകളും ഇന്ന് ഉണ്ട്. കാൻസർ എങ്ങനെ നേരത്തെ കണ്ടു പിടിക്കാം, കണ്ടു പിടിച്ചു കഴിഞ്ഞാൽ സമയം കളയാതെ ചികിത്സ തുടങ്ങാൻഎന്തു ചെയ്യണം, കാൻസർ സെന്ററുകളിൽ ചികിത്സ കഴിഞ്ഞ് വീട്ടിലും നാട്ടിലും മടങ്ങിയെത്തുന്ന രോഗികൾക്ക് പെട്ടെന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ സമീപത്തുള്ള ഡോക്ടർമാർ എന്തുചെയ്യണമെന്ന് തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിലുള്ളത്. പൊതുജനങ്ങൾക്കും പ്രാഥമിക ചികിത്സ കൊടുക്കുന്ന ഡോക്ടർമാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാവും ഈ ചർച്ചകൾ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!