സംഘങ്ങളിലെ കുടിശ്ശികവായ്പക്കും വായ്പകളിലെ കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവനുവദിച്ചു

moonamvazhi

2022-23 സാമ്പത്തികവര്‍ഷം ഓഡിറ്റില്‍ കുടിശ്ശികവായ്പക്കും വായ്പകളിന്മേലുള്ള കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതിനു 40 / 2007 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകളില്‍ ഇളവുകളനുവദിച്ച് സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

1. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള വായ്പകളില്‍ വായ്പത്തവണകള്‍ക്കും വായ്പക്കുടിശ്ശികക്കും കരുതല്‍ വെക്കേണ്ടതില്ല.

2. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷംവരെയുള്ള കാലാവധിക്കു ആള്‍ജാമ്യത്തില്‍ നല്‍കിയിട്ടുള്ള വായ്പകളിന്മേല്‍ കാലാവധി പൂര്‍ത്തിയായി കുടിശ്ശികയായ വായ്പകള്‍ക്കു നിലവിലെ 10 ശതമാനം കരുതല്‍ 7.5 ശതമാനമാക്കി കുറച്ച് ഓഡിറ്റ് പൂര്‍ത്തിയാക്കണം. വസ്തുജാമ്യത്തിന്മേലുള്ള കാലാവധി പൂര്‍ത്തിയാക്കിയ ഉത്തമവായ്പകള്‍ക്കു കരുതല്‍ വെക്കേണ്ട.

3. ആള്‍ജാമ്യത്തിന്മേലുള്ള മൂന്നു വര്‍ഷം മുതല്‍ ആറു വര്‍ഷംവരെ കാലാവധി കഴിഞ്ഞ സംശയാസ്പദ കുടിശ്ശികവായ്പകള്‍ക്കു നിലവിലെ 100 ശതമാനം കരുതല്‍ 80 ശതമാനമാക്കി കുറച്ച് ഓഡിറ്റ് പൂര്‍ത്തിയാക്കണം.

4. വായ്പകള്‍ക്ക് ഏതു കാലാവധി നിശ്ചയിച്ചിരുന്നാലും കാലാവധി കഴിഞ്ഞു കുടിശ്ശികയായ മുതല്‍ത്തുകക്കു 40 / 2007 സര്‍ക്കുലര്‍ വ്യവസ്ഥപ്രകാരം കരുതല്‍ വെക്കേണ്ടതാണ്. ഇങ്ങനെ കരുതല്‍ വെക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാവാത്ത വായ്പകളുടെ കുടിശ്ശികത്തവണകള്‍ക്കു കരുതല്‍ വെക്കേണ്ട.

5. കുടിശ്ശികപ്പലിശക്കു 100 ശതമാനം കരുതല്‍ വെക്കണമെന്നു 40 / 2007 സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ കരുതല്‍ വെക്കുമ്പോള്‍ കാലാവധി കഴിഞ്ഞ വായ്പകളുടെ മുതലിനത്തില്‍ ബാക്കിനില്‍ക്കുന്ന തുകയുടെ പലിശക്കു 100 ശതമാനം കരുതല്‍ വെക്കണം. കാലാവധി പൂര്‍ത്തിയാകാത്ത വായ്പകളുടെ കുടിശ്ശികപ്പലിശക്കു കരുതല്‍ വെക്കേണ്ടതില്ല. കൂടാതെ, 2022-23 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ മൂന്നുമാസത്തെ കുടിശ്ശികപ്പലിശയെ കരുതല്‍ വെക്കുന്നതില്‍നിന്നു ഒഴിവാക്കണം.

6. കുടിശ്ശികയായ വായ്പകളിന്മേല്‍ എക്‌സിക്യൂഷന്‍ കേസുകള്‍ ഫയലാക്കിയിട്ടുണ്ടെങ്കില്‍ അത്തരം വായ്പകളെ കരുതല്‍ വെക്കുന്നതില്‍നിന്ന് ഒഴിവാക്കണം.

7. കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ മുതലിലും പലിശയിലും ഇളവു നല്‍കിയിട്ടുള്ള വായ്പകളില്‍ സര്‍ക്കാരില്‍നിന്നു ഇളവുതുക കിട്ടാത്തതിനാല്‍ സംഘം വായ്പക്കണക്ക് അവസാനിപ്പിച്ചിട്ടില്ലാത്ത വായ്പകള്‍ക്കു കരുതല്‍ വെക്കേണ്ടതില്ല.

8. സംഘം നടത്തുന്ന പ്രതിമാസനിക്ഷേപകപദ്ധതികള്‍ കാലാവധി അവസാനിച്ച് മൂന്നുമാസ കാലയളവു കഴിഞ്ഞ് കുടിശ്ശികയായ തുകക്കുമാത്രം കരുതല്‍ വെക്കണം.

9. സംഘങ്ങള്‍ വിവിധ സര്‍ക്കാര്‍പദ്ധതികളിലും സര്‍ക്കാരിന്റെയും സഹകരണസംഘം രജിസ്ട്രാറിന്റെയും അനുവാദത്തോടെ വിവിധ സംഘങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുള്ള വായ്പകള്‍ക്കും ഓഹരികള്‍ക്കും മറ്റു നിക്ഷേപങ്ങള്‍ക്കും കരുതല്‍ വെക്കേണ്ടതില്ല.

10. മേല്‍പ്പറയുന്ന ഇളവുകള്‍ 40 / 2007 സര്‍ക്കുലര്‍പ്രകാരം പൂര്‍ണമായും കരുതല്‍ വെക്കുന്നതുകൊണ്ടു 2022-23 സാമ്പത്തികവര്‍ഷം നഷ്ടം കാണിക്കുന്ന സംഘങ്ങള്‍ക്കുമാത്രം ബാധകമാക്കേണ്ടതാണ്. മേല്‍ ഇളവുകള്‍ കൂടാതെ ലാഭം കാണിക്കുന്ന സംഘങ്ങള്‍ക്കു ബാധകമാക്കേണ്ടതില്ല.

40 / 2007 സര്‍ക്കുലര്‍പ്രകാരമുള്ള വ്യവസ്ഥകളും ഈ സര്‍ക്കുലറിന്മേല്‍ ഇപ്പോള്‍ നല്‍കുന്ന ഇളവുകളും നിര്‍ദേശങ്ങളും 2022-23 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നു സഹകരണ ഓഡിറ്റ് ഡയറക്ടറും ബന്ധപ്പെട്ട ജോയിന്റ് ഡയറക്ടര്‍മാരും അസി. ഡയറക്ടര്‍മാരും ഉറപ്പു വരുത്തണമെന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

 

സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ എല്ലാ സഹകരണസംഘങ്ങള്‍ക്കും എല്ലാതരം വായ്പകള്‍ക്കും മേല്‍വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നു രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

 

കോവിഡ് വ്യാപനവും സമ്പൂര്‍ണ അടച്ചിടലും കാരണം സംസ്ഥാനത്തെ ഉല്‍പ്പാദന, വ്യാപാരമേഖലയിലുണ്ടായ ആഘാതത്തെത്തുടര്‍ന്നു സഹകരണസംഘങ്ങളിലെ വായ്പാതിരിച്ചടവില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. ഇതിലൂടെ വായ്പക്കുടിശ്ശികയും വായ്പകളിലെ പലിശക്കുടിശ്ശികയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ 2019-20 മുതല്‍ 2021-22 വരെയുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നമ്പര്‍ 34 / 2020, 37 / 2021, 32 /2022 എന്നിവപ്രകാരം കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവുകള്‍ അനുവദിക്കുകയുണ്ടായി. വായ്പാതിരിച്ചടവിലെ കുറവ് ഇപ്പോഴുമുണ്ടെന്നും 40 / 2007 സര്‍ക്കുലര്‍പ്രകാരം കരുതല്‍ വെച്ചാല്‍ 2022-23 സാമ്പത്തികവര്‍ഷം സംഘങ്ങള്‍ കൂടുതല്‍ നഷ്ടത്തിലേക്കു പോകുമെന്നും സഹകാരികളും സഹകരണസംഘം ജീവനക്കാരുടെ സംഘടനകളും അറിയിച്ചതിനെത്തുടര്‍ന്നാണ് ഇളവുകളനുവദിച്ച് രജിസ്ട്രാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!