സഹകരണ ബാങ്കുകളെ ചെറുകിട ധനകാര്യ ബാങ്കുകളാക്കുന്നത് ആര്‍.ബി.ഐ. പരിഗണിക്കുന്നു

Deepthi Vipin lal

ബാങ്കിങ് ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിബന്ധനകള്‍ നടപ്പാക്കുന്നതോടെ സഹകരണ സംഘങ്ങള്‍ രൂപം മാറാന്‍ ഒരുങ്ങുന്നു. വായ്പാ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തിലെ ചില പ്രാഥമിക സഹകരണ ബാങ്കുകള്‍ അടക്കം റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പുതിയ ബാങ്കുകള്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ എന്നിവയ്ക്കുള്ള അപേക്ഷകളും റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് റിസര്‍വ് ബാങ്ക് രൂപം നല്‍കി.

അംഗങ്ങളല്ലാത്തവരുമായി ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വിലക്കുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്ക് ശേഷം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക്‌പോലും നിയന്ത്രണം ബാധകമായിരിക്കുകയാണ്. ക്രെഡിറ്റ് ബിസിനസ്സിലും മെച്ചപ്പെട്ട ബാങ്കിങ് സേവനം നല്‍കുന്നതിലും കേരളത്തിലെ പല പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും വാണിജ്യ ബാങ്കുകളോട് കിടപിടിക്കുന്നവയാണ്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ലൈസന്‍സോടെ ക്രെഡിറ്റ് ബിസിനസ് തുടരുന്നതാകും നല്ലതെന്ന ആലോചനയിലേക്ക് സഹകരണ സംഘങ്ങള്‍ മാറാന്‍ കാരണം.

 

പ്രത്യേക സമിതി പരിശോധിക്കും

 

പുതിയ ബാങ്കുകള്‍ക്കും ചെറു ബാങ്കുകള്‍ക്കുമുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പുറത്തുനിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക് പ്രത്യേക സമിതിയെ നിയോഗിച്ചു. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ശ്യാമള ഗോപിനാഥ് ചെയര്‍മാനായി അഞ്ചംഗ ഉപദേശക സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.ആര്‍.ബി.ഐ. സെന്‍ട്രല്‍ ബോര്‍ഡ് ഡയരക്ടര്‍ രേവതി അയ്യര്‍, ആര്‍.ബി.ഐ. മുന്‍ എക്സിക്യുട്ടീവ് ഡയരക്ടറും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ബി. മഹാപത്ര, കനറ ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി.എന്‍. മനോഹരന്‍, എസ്.ബി.ഐ. മുന്‍ മാനേജിങ് ഡയരക്ടര്‍ ഹേമന്ത് ജി. കോണ്‍ട്രാക്ടര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

യൂണിവേഴ്സല്‍ ബാങ്ക്, സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയ്ക്കായുള്ള അപേക്ഷകളാണ് സമിതി പരിശോധിക്കുക. സഹകരണ സംഘങ്ങളുടെ അപേക്ഷകളും ഈ സമിതിയുടെ പരിഗണനയില്‍ വന്നേക്കും. ബാങ്കിങ് മേഖലയിലും സാമ്പത്തിക രംഗത്തും വലിയ പരിചയമുള്ള മികച്ച ആളുകളെയാണ് ആര്‍.ബി.ഐ. ഇതിനായുള്ള ഉപദേശകസമിതിയില്‍ നിയോഗിച്ചിരിക്കുന്നത്. മൂന്നു വര്‍ഷമായിരിക്കും കാലാവധി.

സ്വകാര്യ മേഖലയില്‍ യൂണിവേഴ്സല്‍ ബാങ്കിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് 2016 ഓഗസ്റ്റ് ഒന്നിനും ചെറുബാങ്കുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2019 ഡിസംബര്‍ അഞ്ചിനുമാണ് ആര്‍.ബി.ഐ. പുറത്തിറക്കിയത്. അപേക്ഷകരുടെ യോഗ്യത വിലയിരുത്തുന്നതിനായി പ്രത്യേക ഉപദേശക സമിതിയെ നിയോഗിക്കുമെന്ന് മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. നാലു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ബാങ്കിങ് ലൈസന്‍സിനായി പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിന് ആര്‍.ബി.ഐ. തയാറെടുക്കുന്നതിന്റെ സൂചനയായാണ് ബാങ്കിങ് രംഗത്തുള്ളവര്‍ സമിതിയുടെ നിയമനത്തെ കാണുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!