ജെം ഓണ്‍ലൈന്‍ വിപണിയില്‍ സഹകരണ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അനുവദിക്കണം

Deepthi Vipin lal
സര്‍ക്കാരിനാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന ജെം ( GeM – Government e Marketplace )  എന്ന ഓണ്‍ലൈന്‍ വിപണിയില്‍ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അനുമതി നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. സഹകാര്‍ഭാരതിയുടെ സ്ഥാപക ചെയര്‍മാന്‍ സതീഷ് മറാത്തെയാണ് ആദ്യമായി ഈയാവശ്യം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ വിപണിയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും സംഭരണം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.  സഹകരണ സ്ഥാപനങ്ങള്‍ക്കും ഇനി ജെം വഴി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാനാവും. ഇതിനായി ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി.

ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും സംസ്‌കരണത്തിലും ഏര്‍പ്പെട്ടിട്ടുള്ള സഹകരണ സംഘങ്ങളെ വില്‍പ്പനക്കാരായി ജെം വിപണിയില്‍ ഉള്‍പ്പെടുത്തണമെന്നു സതീഷ് മറാത്തെ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള എത്രയോ സഹകരണ സംഘങ്ങളുണ്ട്. അവയെക്കൂടി വില്‍പ്പനക്കാരായി ഓണ്‍ലൈന്‍ വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണം. പഞ്ചസാര, പാല്‍ ഉല്‍പ്പാദന രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും സഹകരണ ആശുപത്രികള്‍ക്കും ഇത് ഗുണം ചെയ്യും – അദ്ദേഹം പറഞ്ഞു.

2016 ആഗസ്റ്റ് ഒമ്പതിനു നിലവില്‍ വന്ന ജെം പോര്‍ട്ടലില്‍ 7400 ലധികം ഉല്‍പ്പന്നങ്ങള്‍ കിട്ടുന്നുണ്ട്. പുതിയ തീരുമാനത്തോടെ രാജ്യത്തെ എട്ടര ലക്ഷം സഹകരണ സംഘങ്ങള്‍ക്കും 27 കോടി അംഗങ്ങള്‍ക്കും പ്രയോജനം കിട്ടുമെന്നാണു കരുതപ്പെടുന്നത്. ജെം വിപണിയില്‍ നിന്നു കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സംരംഭങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ കഴിയുന്നുണ്ട്. സ്വകാര്യ മേഖലയിലെ വാങ്ങലുകാര്‍ക്കു പോര്‍ട്ടലില്‍ പ്രവേശനമില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!