ബിഹാറിലെ സഹകരണ ബാങ്കുകളില്‍ സ്വര്‍ണപ്പണയ വായ്പക്ക് അനുമതി

moonamvazhi

ബിഹാറിലെ സഹകരണ ബാങ്കുകളില്‍ സ്വര്‍ണപ്പണയവായ്പ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബിഹാര്‍ സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്കിലും 23 ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലുമാണു സ്വര്‍ണം പണയം വെക്കാന്‍ അനുമതി നല്‍കിയത്. ജൂലായ് ഒന്നു മുതല്‍ ഇതു നടപ്പാകും.

ബിഹാറിലെ 23 ജില്ലാ ബാങ്കുകള്‍ക്കുംകൂടി 296 ശാഖകളാണുള്ളത്. എല്ലായിടത്തും ഈ സൗകര്യം നടപ്പാക്കും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സ്വര്‍ണപ്പണയവായ്പാ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. മോണിട്ടറിങ് പോളിസി സ്റ്റേറ്റ്‌മെന്റിലെ വ്യവസ്ഥയനുസരിച്ചാണു റിസര്‍വ് ബാങ്ക് ഈ അനുമതി നല്‍കിയത്. സ്വര്‍ണം സെക്യൂരിറ്റിയായി സ്വീകരിച്ചു കമേഴ്യസ്യല്‍ ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ ഇനി വായ്പ നല്‍കാനാവുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നാല്‍, ഒരാളില്‍നിന്നു അമ്പതു ഗ്രാം സ്വര്‍ണത്തിലധികം പണയമെടുക്കാന്‍ അനുവദിക്കില്ല. സ്വര്‍ണത്തിന്മേല്‍ ഒരാള്‍ക്കു വായ്പ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം ബന്ധപ്പെട്ട സഹകരണബാങ്ക് ഭരണസമിതിക്കാണ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടിയതോടെ സംസ്ഥാന സഹകരണ ബാങ്ക് എല്ലാ ശാഖകളിലേക്കും സ്വര്‍ണപ്പണയവായ്പ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുകഴിഞ്ഞു.

1914 ല്‍ രൂപവത്കരിച്ച സംസ്ഥാന സഹകരണ ബാങ്കിനും മറ്റു സഹകരണ ബാങ്കുകള്‍ക്കും സ്വര്‍ണം പണയപ്പെടുത്തി വായ്പ കൊടുക്കാനുള്ള അധികാരമുണ്ടായിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ഇനി ഗ്രാമീണമേഖലയിലെ സഹകരണ ബാങ്ക് ശാഖകള്‍ക്കെല്ലാം സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ നല്‍കാനാവും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!