നെല്ലു സംഘങ്ങള്‍ക്ക് വിപണന കേന്ദ്രവും; മറ്റു സംഘങ്ങളുടെ റിസര്‍വും ഉപയോഗിക്കും

Deepthi Vipin lal

നെല്ലു സംഭരണത്തിനും സംസ്‌കരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന സഹകരണ സംഘങ്ങള്‍ വിപണന കേന്ദ്രങ്ങളും ഒരുക്കും. കേരള പാഡി പ്രോക്യുര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് കോ-ഓപ്പറേറ്റവ് സൊസൈറ്റി (കാപ്കോസ്), പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാപ്കോസ്) എന്നീ രണ്ട് സംഘങ്ങളാണ് ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ളത്.

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ നെല്‍ക്കര്‍ഷകരുടെ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാനാണ് പാപ്കോസ് രൂപീകരിച്ചത്. ആധുനിക റൈസ് മില്ലും ഗോഡൗണുകളും സ്ഥാപിക്കുക, സംഭരിച്ച നെല്ല് അരിയാക്കി വിപണനം നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. കുടമാളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തനം കുടങ്ങിയ കാപ്‌കോസിന്റെ ലക്ഷ്യവും ഇതാണ്. സംഘത്തിന്റെ അധീനതയില്‍ കുട്ടനാട്ടും അപ്പര്‍ കുട്ടനാട്ടും രണ്ട് ആധുനിക റൈസ് മില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംഘങ്ങളും തയ്യാറാക്കുന്ന അരി പ്രത്യേക ബ്രാന്റായി മാറ്റണമെന്ന ആലോചനയും സഹകരണ വകുപ്പിനുണ്ട്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ വിപണന സ്ഥാപനങ്ങളിലൂടെ ഈ അരി വില്‍പന നടത്താനാണ് തീരുമാനം. ഇതിനൊപ്പം, സ്വന്തം നിലയില്‍ അരിവിപണന കേന്ദ്രങ്ങള്‍ തുറക്കാനും കാപ്കോസ്, പാപ്കോസ് സൊസൈറ്റികള്‍ക്ക് പദ്ധതിയുണ്ട്.

സഹകരണ സംഘങ്ങളുടെ കൂട്ടായ പങ്കാളിത്തോടെ ഈ നെല്ല് സംസ്‌കരണ സംഘങ്ങളെ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാലക്കാട് ജില്ലയില്‍ തുടങ്ങിയ സംഘത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഒരു സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. കാപ്കോസിന് അത്തരം കണ്‍സോര്‍ഷ്യമൊന്നുമില്ല. പക്ഷേ, സഹകരണ സംഘങ്ങളുടെ റിസര്‍വ് ഫണ്ടുകളില്‍ ഒരു വിഹിതം ഈ നെല്ലു സംസ്‌കരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള ആലോചനയാണ് സഹകരണ വകുപ്പ് നടത്തുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാഭത്തില്‍നിന്ന് നിശ്ചിത ശതമാനം അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ടായി മാറ്റി വെക്കാറുണ്ട്. കാര്‍ഷിക മേഖലയില്‍ നാശനഷ്ടങ്ങളുണ്ടാകുമ്പോള്‍ കാര്‍ഷിക വായ്പയുടെ കാലാവധി ക്രമീകരിക്കാനുള്ള കരുതല്‍ പണമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍, ഈ ഫണ്ട് കാര്യമായി ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 1200 കോടി രൂപയോളം ഈ ഫണ്ട് റിസര്‍വായി നീക്കിയിരിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്. അതിന്റെ ഒരു ഭാഗം നെല്ല് സംസ്‌കരണ സംഘങ്ങള്‍ക്കും കാര്‍ഷിക അനുബന്ധ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നവിധത്തില്‍ പരിഷ്‌കരണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!