ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ല; പാലില്‍ ഈ വര്‍ഷം സ്വയംപര്യാപ്തത നേടും

[email protected]

സംസ്ഥാനത്തു വില്‍ക്കുന്ന പാല്‍, ഇറച്ചി, മുട്ട എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നു മന്ത്രി കെ. രാജു പറഞ്ഞു. പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനം സ്വയംപര്യാപ്തത നേടുമെന്നും അദ്ദേഹം പറഞ്ഞു. കുടപ്പനക്കുന്നില്‍ സംസ്ഥാന പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനു കീഴിലുള്ള ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ നവീകരിച്ച ഹാച്ചറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപത നേടുന്ന മുറയ്ക്കു സംഭരണ സംവിധാനം ഒരുക്കുന്നതില്‍ മില്‍മ നടപടിയെടുക്കണമെന്നു മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പു പ്രതിദിനം ഏഴു ലക്ഷം ലിറ്റര്‍ പാല്‍ ആയിരുന്നു മറുനാട്ടില്‍നിന്ന് എത്തിയിരുന്നത്. ഇപ്പോള്‍ അത് ഒന്നര ലക്ഷമായി കുറഞ്ഞു. സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ആഭ്യന്തര ഉത്പാദനം വളര്‍ന്നതിനു തെളിവാണിത്. ഇതിനൊപ്പം പാല്‍ സംഭരണ കാര്യത്തില്‍ പുത്തന്‍ രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. വിതരണത്തിനുള്ള പാലിനു ശേഷം അധികമായി വരുന്നതു കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ മില്‍മയ്ക്കു കഴിയണം. അതില്‍നിന്നുള്ള വരുമാനവും കര്‍ഷകരില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ തീവ്രയജ്ഞ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ഇറച്ചിയുടേയും മുട്ടയുടേയും ഗുണനിലവാരം ഉറപ്പാക്കും. വിഷമയമുള്ള ഇറച്ചിയും പാലും മുട്ടയും കേരളത്തിലെത്തുന്നതു തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടപ്പനക്കുന്ന് ഫാമില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്.അനിത, കെ..എസ്.പി.ഡി.സി. ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചു റാണി, മാനേജിങ് ഡയറക്ടര്‍ വിനോദ് ജോണ്‍, മാര്‍ക്കറ്റിങ് മാനേജര്‍ വി. സുകുമാരന്‍ നായര്‍, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍.എന്‍. ശശി എന്നിവര്‍ സംസാരിച്ചു. കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമില്‍നിന്ന് നിലവില്‍ പ്രതിമാസം ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. പുതിയ ഹാച്ചറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് ഇരട്ടിയിലധികമാകും. പ്രതിമാസം രണ്ടര ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!