സ്വര്‍ണപണയ വായ്പകള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും ആര്‍.ബി.ഐ. നിര്‍ദ്ദേശം

moonamvazhi
  • ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തിന് സ്വര്‍ണവായ്പ നല്‍കുന്നതിന് വിലക്ക്
  • ഈട് നല്‍കുന്ന സ്വര്‍ണത്തിന് പരിധിലംഘിച്ച് പണം നല്‍കുന്നതായി കണ്ടെത്തല്‍

പൊതുമേഖല ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ പണയ വായ്പകള്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. തോന്നുന്ന പലിശ, ഇഷ്ടം പോലെ വായ്പ എന്നിങ്ങനെ ചട്ടം പാലിക്കാതെ വായ്പ നല്‍കുന്ന രീതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ടുവര്‍ഷത്തിനിടെ നല്‍കിയ വായ്പകളെല്ലാം ചട്ടങ്ങള്‍ പാലിച്ചിട്ടാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സാമ്പത്തിക സേവനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണപ്പണയ വായ്പയുടെ കാര്യത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.ഐ.എഫ്.എല്ലിനെ സ്വര്‍ണവായ്പ നല്‍കുന്നതില്‍നിന്ന് ആര്‍.ബി.ഐ. വിലക്കിയിട്ടുണ്ട്. സ്വര്‍ണപണയത്തിന്റെ അടിസ്ഥാന ചട്ടങ്ങള്‍ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണമായത്. ഈടായി വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും പരിശോധിക്കുന്നതിലെ വീഴ്ച, സ്വര്‍ണവിലയും വായ്പ തകുകയും തമ്മിലുള്ള ഉയര്‍ന്ന അനുപാതം, സുതാര്യമല്ലാത്ത ലേല നടപടികള്‍, തോന്നും പടി ഈടാക്കുന്ന വായ്പ ഫീസ് തുടങ്ങിയ പിഴവുകളാണ് ആര്‍.ബി.ഐ. കണ്ടെത്തിയിട്ടുള്ളത്.

നിലവില്‍ സ്വര്‍ണവിലയുടെ 75 ശതമാനം വരെ വായ്പ നല്‍കാനാണ് ആര്‍.ബി.ഐ.യുടെ അനുമതിയുള്ളത്. കോവിഡ് കാലത്ത് 2020 ആഗസ്തില്‍ കാര്‍ഷികേതര ഉപയോഗങ്ങള്‍ക്കുള്ള സ്വര്‍ണ വായ്പകളില്‍ സ്വര്‍ണവിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കാന്‍ അനുമതിയുണ്ടായിരുന്നു. 2021 മാര്‍ച്ച് 31വരെയായിരുന്നു ഈ ഇളവ്. ആവശ്യമായ അളവില്‍ സ്വര്‍ണമില്ലാതെ വായ്പ നല്‍കുക, സ്വര്‍ണപ്പണയത്തിനുള്ള ഫീസ്, പലിശ, തിരിച്ചടവ് തുടങ്ങിയവ പണമായി സ്വീകരിക്കുക തുടങ്ങിയ ചട്ടലംഘനങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനും ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.